കീശ കാലിയാകാതെ ജീവിക്കാൻ പഠിക്കും! ഒമ്പതാം ക്ലാസുകാരെ 'ടാക്സ് പ്ലാനർമാർ' ആക്കാൻ NCERT

ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ പാഠ്യപദ്ധതിയിൽ വ്യക്തിഗത ആദായനികുതി ഉൾപ്പെടുത്തി എൻ.സി.ഇ.ആർ.ടി. ചെറുപ്പത്തിലേ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നികുതി കൃത്യമായി അടയ്ക്കേണ്ടതിന്റെ പൗരബോധം വളർത്താനും ലക്ഷ്യമിട്ടാണ് എൻ.സി.ഇ.ആർ.ടിയുടെ പുതിയ പരിഷ്കാരം.
പുതിയ പുസ്തകവും അധ്യായവും
അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി ഇന്ത്യ ആൻഡ് ബിയോണ്ട്-പാർട്ട് 2 എന്ന പാഠപുസ്തകത്തിലാണ് മാറ്റം. പുതിയ അധ്യയന വർഷം തുടങ്ങി ആറു മാസത്തിന് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറക്കിയത്. പുസ്തകത്തിന്റെ ഒന്നാം ഭാഗം ജൂണിൽ പുറത്തിറങ്ങിയിരുന്നു.
പുസ്തകത്തിലെ 'മാനേജിങ് യുവർ പേഴ്സണൽ ഫിനാൻസസ്' എന്ന അധ്യായത്തിലാണ് ആദായനികുതിയെക്കുറിച്ചും സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നത് വരുമാനം വർദ്ധിപ്പിക്കുന്നതിൽ മാത്രമല്ല, ചെലവഴിക്കൽ, സമ്പാദ്യം, നിക്ഷേപം, വായ്പകൾ, നികുതി അടയ്ക്കൽ എന്നിവയിലെല്ലാം കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിലാണെന്ന് അധ്യായത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ടാക്സ് റീജീം പ്രകാരമുള്ള കണക്കുകൂട്ടലുകൾ
പുതിയ നികുതി വ്യവസ്ഥ അനുസരിച്ചുള്ള സ്ലാബ് നിരക്കുകളുടെ പട്ടികയും അത് ഉപയോഗിച്ച് നികുതി തുക കണക്കാക്കുന്നതിനുള്ള ഘട്ടങ്ങളുമാണ് പുസ്തകത്തിലുള്ളത്. ഈ അധ്യായത്തിൽ പഴയ നികുതി വ്യവസ്ഥയെക്കുറിച്ച് യാതൊരു പരാമർശവുമില്ല.
ഈ പ്രായത്തിലുള്ള വിദ്യാർഥികൾക്ക് സ്ലാബ് അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ നികുതി കണക്കുകൂട്ടലുകൾ പഠിക്കാൻ അവസരം ലഭിക്കുന്നത് ആദ്യമായാണെന്ന് എൻ.സി.ഇ.ആർ.ടി മേധാവി ദിനേശ് പ്രസാദ് സക്ലാനി വ്യക്തമാക്കി. 2020 ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച പുതിയ ടാക്സ് റീജീം 2023 ഏപ്രിൽ ഒന്ന് മുതലാണ് രാജ്യത്ത് ഡിഫോൾട്ട് ടാക്സ് റീജീമായി മാറിയത്.
ചെറുപ്പകാലത്തുതന്നെ നടത്തുന്ന നിക്ഷേപങ്ങളുടെ പ്രാധാന്യം വിവരിക്കവേ ഫിക്സഡ് ഡെപ്പോസിറ്റുകൾ, ബോണ്ടുകൾ, സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയെക്കുറിച്ചും വിദ്യാർഥികൾക്ക് വിവരങ്ങൾ നൽകുന്നുണ്ട്.
Content Highlights: NCERT added personal income tax to the Class 9 textbook 'Understanding Society India and Beyond - Part 2'.