പ്രാദേശിക പ്രസ്ഥാനങ്ങളെ ഒഴിവാക്കിയോ?എട്ടാം ടെക്‌സ്റ്റ് ബുക്ക് വിവാദത്തില്‍ മറുപടിയുമായി എന്‍സിആര്‍ടി

പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

പുതുതായി പുറത്തിറക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മറുപടിയുമായി എന്‍സിആര്‍ടി. പുതിയ എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായ 'എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്'-നെ സംബന്ധിച്ചുള്ള വിശദീകരണമാണ് പുറത്തിറക്കിയത്. പുതിയ പതിപ്പില്‍ നിന്ന് വിവിധ പ്രാദേശിക ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ ഒഴിവാക്കിയതിലുള്ള ആശങ്കകള്‍ക്ക് മറുപടിയായാണ് ഈ വിശദീകരണം.

പുതിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം ആദ്യത്തെ വാല്യം മാത്രമാണെന്ന് എന്‍സിഇആര്‍ടി വ്യക്തമാക്കി. വിവിധ പ്രാദേശിക ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ വാല്യം നിര്‍മ്മാണ ഘട്ടത്തിലാണെന്നും, അത് 2025 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നുവെന്നും എന്‍സിആര്‍ടി വ്യക്തമാക്കി.

വരാനിരിക്കുന്ന ഈ വാല്യത്തില്‍ ഒഡീഷയിലെ പൈക പ്രക്ഷോഭം അഥവാ ഖുര്‍ദ പ്രക്ഷോഭം, പഞ്ചാബിലെ സിഖുകാരുടെ കുക പ്രസ്ഥാനം, കൂടാതെ സമാനമായ മറ്റ് പ്രാദേശിക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഉള്‍പ്പെടുത്തും. എന്‍സിഇആര്‍ടി, എക്സില്‍ പുതിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്.

സമീപ ദിവസങ്ങളില്‍, എന്‍സിഇആര്‍ടി 5, 8 ക്ലാസുകള്‍ക്കായി നിരവധി പുതിയ പാഠപുസ്തകങ്ങള്‍ അവതരിപ്പിച്ചിരുന്നു. 

  1. മല്‍ഹാര്‍ - ഹിന്ദി പാഠപുസ്തകം (ക്ലാസ് 8)
  2. വീണ - ഹിന്ദി പാഠപുസ്തകം (ക്ലാസ് 5)
  3. സന്തൂര്‍ - ഇംഗ്ലീഷ് പാഠപുസ്തകം (ക്ലാസ് 5)
  4. കൃതി - ആര്‍ട്ട് പാഠപുസ്തകം (ക്ലാസ് 8)
  5. പൂര്‍വി - ഇംഗ്ലീഷ് പാഠപുസ്തകം (ക്ലാസ് 8)

ഈ പാഠപുസ്തകങ്ങള്‍ അവയില്‍ ചിലതാണ്. ഈ പുസ്തകങ്ങള്‍ എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാന്‍ ലഭ്യമാണ്.

Content Highlights: NCERT Clarifies on New Class 8 Social Science Textbook