എ.ഐ, കമ്പ്യൂട്ടേഷണൽ തിങ്കിങ് പാഠ്യപദ്ധതിയുമായി എൻ.സി.ആർ.ടി; 9 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് പഠിക്കാം

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവ അടിസ്ഥാന തലത്തിൽ പഠിപ്പിക്കുന്നതിനായി മൊഡ്യൂൾ തയ്യാറാക്കി എൻ.സി.ആർ.ടി. ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകളോ ഡിജിറ്റൽ സൗകര്യങ്ങളോ ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്കും എളുപ്പത്തിൽ പഠിക്കാനാകുംവിധമാണ് ഘടന.
സാങ്കേതിക വിഷയങ്ങളിൽ മുൻപരിചയമൊന്നുമില്ലാത്ത വിദ്യാർഥികൾക്കും ലളിതമായി പഠിക്കാവുന്ന രീതിയിലാണ് പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത, പ്രശ്നപരിഹാര ശേഷി എന്നിവ വളർത്തുന്നതിനൊപ്പം എ.ഐയുടെ പ്രായോഗിക ഉപയോഗങ്ങളും പരിധികളും മനസ്സിലാക്കാൻ കഴിയുന്നവിധമാണ് മൊഡ്യൂൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രവർത്തനാധിഷ്ഠിത പഠനരീതി
ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് പഠനത്തെ ബാധിക്കാതിരിക്കാൻ ആക്റ്റിവിറ്റി ബേസ്ഡ് ലേണിങ് രീതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് ചർച്ചകൾ, പ്രായോഗിക പരിശീലനങ്ങൾ, ചെറിയ പരീക്ഷണങ്ങൾ, സ്വയം വിലയിരുത്തൽ എന്നിവയിലൂടെ ഹൈടെക് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ സാങ്കേതികവിദ്യയുടെ തത്വങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിക്കും.
സുരക്ഷിതമായ സാങ്കേതിക വിനിയോഗം
എഐയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിനാണ് മൊഡ്യൂൾ പ്രാധാന്യം നൽകുന്നത്:
ഡാറ്റാ പ്രൈവസി & ഡിജിറ്റൽ സെക്യൂരിറ്റി: സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ.
വ്യാജ വിവരങ്ങൾ തടയൽ: എഐ നിർമ്മിക്കുന്ന വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും സ്വയം പരിശോധിച്ച് ബോധ്യപ്പെടാനുള്ള പരിശീലനം.
മാനവിക വിവേചനാധികാരം: തീരുമാനം എടുക്കുന്നതിലും ഉള്ളടക്കം നിർമ്മിക്കുന്നതിലും എഐയേക്കാൾ മനുഷ്യന്റെ വിവേചനബുദ്ധിക്കും ധാർമ്മികതയ്ക്കും പ്രാധാന്യം നൽകൽ.
Content Highlights: NCERT introduces AI and computational thinking modules for students in classes 9 to 12