NExT: ബാധകമാവുക 2020 ബാച്ച് മുതലുള്ളവര്ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്ഹി: എം.ബി.ബി.എസ്. അവസാനവര്ഷക്കാര്ക്കുള്ള ലൈസന്സ് പരീക്ഷയായ 'നെക്സ്റ്റ്' (ദേശീയ എക്സിറ്റ് ടെസ്റ്റ്) -ഇല് നിന്ന് 2019 ബാച്ചിനെ ഒഴിവാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്സൂഖ് മാണ്ഡവ്യ. 2020 ബാച്ച് മുതലുള്ളവര്ക്കാണ് പരീക്ഷ ബാധകമാവുകയെന്നും മന്ത്രി അറിയിച്ചു. റായ്പൂര് എയിംസിലെ ക്രിട്ടിക്കല് കെയര് യൂണിറ്റിന്റെ തറക്കല്ലിടല് ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നാഷണല് എക്സിറ്റ് ടെസ്റ്റിന്റെ (നെക്സ്റ്റ്) മോക് പരീക്ഷയുടെ ഫീസ് ഒഴിവാക്കുന്നത് പരിഗണിക്കാന് കേന്ദ്ര ആരോഗ്യമന്ത്രാലയം ദേശീയ മെഡിക്കല് കമ്മിഷനോട് (എന്.എം.സി.) ആവശ്യപ്പെട്ടു. 2019 ബാച്ചിലെ അവസാനവര്ഷ എം.ബി.ബി.എസ്. വിദ്യാര്ഥികള്ക്കായി ജൂലായ് 28-നാണ് മോക് പരീക്ഷ നടത്തുക.
പരീക്ഷാനടത്തിപ്പ് ചുമതലയുള്ള ഡല്ഹി എയിംസ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ജനറല് വിഭാഗക്കാര്ക്കും മറ്റു പിന്നാക്കവിഭാഗക്കാര്ക്കും മോക് പരീക്ഷയില് പങ്കെടുക്കാന് 2000 രൂപവീതം നല്കേണ്ടിവരും. അതേസമയം പട്ടികജാതി-വര്ഗ വിദ്യാര്ഥികളും സാമ്പത്തികമായി പിന്നാക്കംനില്ക്കുന്ന വിഭാഗക്കാരും 1000 രൂപയും നല്കേണ്ടതുണ്ട്.
ഇതിനെതിരേയാണ് ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. വിഷയത്തില് ചര്ച്ചകള് പുരോഗമിക്കുകയാണെന്നും ഉടന് തീരുമാനമുണ്ടാകുമെന്നും അധികൃതര് അറിയിച്ചു. ഭിന്നശേഷിക്കാര്ക്ക് ഫീസില്ല.
Content Highlights: National Exit Test to be applicable from 2020 MBBS batch: health minister