ഗവേഷണങ്ങൾ മോശമായാൽ സ്ഥാപനങ്ങൾ ‘നെഗറ്റീവ് ’ ആകും, കടുത്ത നടപടിക്ക് നാക്

#എം.കെ. രാജശേഖരൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തൃശ്ശൂർ: അക്കാദമിക ഗവേഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ കടുത്ത നടപടിക്ക് നാക് നീക്കം. മേന്മയില്ലാത്ത ഗവേഷണം നടത്തുന്ന സ്ഥാപനങ്ങൾക്ക് വിലയിരുത്തൽ പ്രക്രിയയിൽ നെഗറ്റീവ് മാർക്കിടും. നിർഫ് റാങ്കിങ്ങിലും നാക് അക്രെഡിറ്റേഷനിലും ഇത് ബാധകമാക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കുന്ന നാകിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തിരിക്കുന്നത്.

നിലവാരമില്ലാത്തതുകാരണം പൊതുവിടത്തിൽനിന്ന് പിൻവലിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം കൂടിവരുകയാണ്. 2023-ൽ മാത്രം ലോകത്താകമാനം 40,822 പ്രബന്ധങ്ങളാണ് പിൻവലിക്കപ്പെട്ടത്. 21,999 എണ്ണവുമായി ചൈനയാണ് മുന്നിൽ. 3731 എണ്ണമുള്ള അമേരിക്കയ്ക്ക് പിന്നിൽ 2737 എണ്ണവുമായി ഇന്ത്യയുമുണ്ട്.

ഏതാനും വർഷങ്ങൾക്കിടെ നിലവാരമില്ലാത്ത ഗവേഷണങ്ങളുടെ കാര്യത്തിൽ ഇവിടെ വലിയ കുതിപ്പാണ്. ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലാണിത് കൂടുതൽ. രാജ്യത്തെ അക്കാദമിക രംഗത്തിന്റെ വിശ്വാസ്യത നിലനിർത്തുക പ്രധാനമായതിനാലാണ് കടുത്ത തീരുമാനമെന്നാണ് പറയുന്നത്.

രചനാമോഷണം, വിവരങ്ങളുടെ അപൂർണത, കൃത്രിമത്വം, കൃത്യതയില്ലായ്മ, സങ്കുചിത താത്പര്യം തുടങ്ങിയ കാരണങ്ങളാണ് ഗവേഷണങ്ങളെ കുഴപ്പത്തിലാക്കുന്നത്.

നിലവാരമില്ലാത്ത പ്രബന്ധങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന മാഫിയ തന്നെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗവേഷണത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ വിലയിരുത്തി ദേശീയതലത്തിൽ റാങ്ക് നിശ്ചയിക്കുന്ന പദ്ധതിയാണ് നിർഫ്. നാകിന്റെ അക്രെഡിറ്റേഷൻ രീതികളിൽ വലിയ മാറ്റം ഉടൻ നടപ്പാകുകയാണ്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്രെഡിറ്റേഷൻ ഉള്ളതെന്നും ഇല്ലാത്തതെന്നും എന്ന് വേർതിരിക്കുമെന്നാണ് അറിയുന്നത്.

Content Highlights: NAAC to Penalize Institutions for Substandard Research: