നീറ്റ് പുനഃപരീക്ഷ: പോക്സോ കേസ് പ്രതിക്ക് താൽക്കാലിക ജാമ്യം അനുവദിച്ച് കോടതി

മുംബൈ: ബലാത്സംഗക്കേസിൽ പ്രതിയായ പതിനെട്ടുകാരന് ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കാൻ മുംബൈയിലെ പ്രത്യേക പോക്സോ കോടതി നാല് ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിച്ചു.
നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ 50,000 രൂപയുടെ ബോണ്ടിന്മേലും തുല്യമായ തുകയുടെ ജാമ്യവ്യവസ്ഥയിലുമാണ് ജൂൺ 18 മുതൽ ജൂൺ 21 വരെ താൽക്കാലികമായി മോചിപ്പിക്കാൻ പ്രത്യേക ജഡ്ജി എസ്.ആർ. ശർമ്മ ഉത്തരവിട്ടത്. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് പിറ്റേന്ന്, അതായത് ജൂൺ 22-ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി പ്രതി ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗ കുറ്റങ്ങൾക്കൊപ്പം 2012-ലെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയിൽ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും ഇടം നൽകണമെന്നും യുവാവിന്റെ ഉന്നത വിദ്യാഭ്യാസ ഭാവി സുരക്ഷിതമാക്കാൻ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കപിൽ വിശ്വാസ് സോഡ്ഗെ വാദിച്ചു. കൂടാതെ, പോലീസ് കാവലിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് കുട്ടിയുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചൈത്രലി പൻഷിക്കറുടെ നേതൃത്വത്തിലുള്ള പ്രൊസിക്യൂഷൻ ഹർജിയെ എതിർത്തു. കോടതി ജാമ്യം നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽപോലും നാല് ദിവസത്തിന് പകരം പോലീസ് കാവലിൽ ഒരു ദിവസത്തേക്ക് മാത്രം പരീക്ഷ എഴുതാൻ അനുമതി നൽകാനായിരുന്നു പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടത്.
പ്രതിയുടെ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റും താൽക്കാലിക നീറ്റ് അഡ്മിറ്റ് കാർഡും ഉൾപ്പെടെയുള്ള കൃത്യമായ രേഖകൾ ഹാജരാക്കിയതിനാൽ താൽക്കാലിക ജാമ്യം അനുവദിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രൊസിക്യൂഷൻ ഉന്നയിച്ച ആശങ്കകൾ കർശനമായ വ്യവസ്ഥകളിലൂടെ പരിഹരിക്കാമെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരിയെയും കുടുംബത്തെയും യാതൊരു കാരണവശാലും ബന്ധപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. പരീക്ഷയിൽ പങ്കെടുക്കുമെന്ന ഉറപ്പ് കോടതിക്ക് നൽകണമെന്നും ജയിലിൽ തിരിച്ചെത്തുമ്പോൾ പരീക്ഷയിൽ പങ്കെടുത്തതിന്റെ തെളിവ് സമർപ്പിക്കണമെന്നും ജഡ്ജി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: A special POCSO court in Mumbai has granted a four-day temporary bail to an 18-year-old rape accused detained in Taloja Jail to clear his future prospects by appearing for the NEET re-exam on June 21.