മകനൊപ്പം വീണ്ടും വിദ്യാർത്ഥിനിയായി; ഐഐടിയിൽനിന്ന് ഒന്നിച്ച് ബിരുദമണിഞ്ഞ് ഒരമ്മയും മകനും

ചെന്നൈ: ഐഐടി മദ്രാസിന്റെ ബിരുദദാന ചടങ്ങിൽ ഒരേ വേദിയിൽ ഒന്നിച്ച് ബിരുദം സ്വീകരിച്ച് അത്ഭുമാവുകയാണ് ഒരു അമ്മയും മകനും. 45-കാരിയായ ജിഗീഷ ടെയ്ലറും 21 വയസുകാരനായ മകൻ ആദിത്യ കപാഡിയയുമാണ് അപൂർവ നേട്ടത്തിന് ഉടമകളായത്.
ഒരേ കോഴ്സിന്റെ ബിരുദങ്ങളാണ് ഇരുവരും പങ്കിട്ടതെങ്കിലും ഇങ്ങനെയൊരു നിമിഷം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്ന് ഇവർ പറയുന്നു. കൗതുകവും പ്രചോദനവും നിറഞ്ഞ വാർത്ത ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്.
ഗുജറാത്തിലെ ബറൂച്ചിലുള്ള എഞ്ചിനീയറിങ് കോളേജിൽ 16 വർഷത്തോളം ഇലക്ട്രോണിക്സ് അധ്യാപികയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ജിഗീഷ. എന്നാൽ, 2019-ൽ കുടുംബപരമായ ഉത്തരവാദിത്തങ്ങളെത്തുടർന്ന് അവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മകന്റെ നിർബന്ധത്തിന് വഴങ്ങി അവർ വീണ്ടും ഒരു വിദ്യാർഥിനിയായി പഠനരംഗത്തേക്ക് തിരിച്ചെത്തുന്നത്.
കോവിഡും ഐഐടിയുടെ ഓൺലൈൻ ബിരുദവും
2021-ൽ കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തെ ക്യാമ്പസുകളെല്ലാം അടഞ്ഞുകിടന്ന സമയത്താണ് 18 വയസുകാരനായ ആദിത്യ ഐഐടി മദ്രാസിന്റെ 'ഓൺലൈൻ ബിഎസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്' കോഴ്സിന് ചേരുന്നത്. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളോടുള്ള താല്പര്യമാണ് ആദിത്യയെ കോഴ്സിലേക്ക് ആകർഷിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആദ്യഘട്ടത്തിൽ അഹമ്മദാബാദിലെ ഒരു കോളേജിൽ ഡിപ്ലോമ ചെയ്യുന്നതിനൊപ്പമാണ് ആദിത്യ കോഴ്സ് പഠിച്ചിരുന്നത്. എന്നാൽ, ഈ ഓൺലൈൻ ബിരുദം റെഗുലർ ഫോർ-ഇയർ കോഴ്സിന് തുല്യമാണെന്ന് ഐഐടി മദ്രാസ് സെനറ്റ് പ്രഖ്യാപിച്ചതോടെ ആദിത്യ ഡിപ്ലോമ ഉപേക്ഷിച്ച് പൂർണ്ണമായും ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
മകന്റെ പഠന സാമഗ്രികളും സ്റ്റാറ്റിസ്റ്റിക്സ് സിലബസും വീട്ടിലെ മേശപ്പുറത്ത് കണ്ട ജിഗീഷയ്ക്ക് തന്റെ പഴയ ഇലക്ട്രോണിക്സ് പശ്ചാത്തലം ഓർമ്മവരികയും പഠനത്തിൽ താല്പര്യം ജനിക്കുകയും ചെയ്തു. മകന്റെ നിരന്തരമായ പ്രോത്സാഹനം കൂടിയായപ്പോൾ 2022-ന്റെ അവസാനത്തോടെ ജിഗീഷയും ഇതേ കോഴ്സിൽ എൻറോൾ ചെയ്തു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കണക്കും സ്റ്റാറ്റിസ്റ്റിക്സും വീണ്ടും പഠിക്കുക എന്നത് തുടക്കത്തിൽ ജിഗീഷയ്ക്ക് കഠിനമായിരുന്നു. എന്നാൽ ഐഐടി ഒരുക്കിയ അർദ്ധരാത്രി വരെ നീളുന്ന സംശയനിവാരണ ക്ലാസുകളും ബാച്ചിലെ സുഹൃത്തുക്കളുടെ വാട്സാപ്പ് കൂട്ടായ്മയും അവർക്ക് തുണയായി. വീട്ടുജോലികൾക്കിടയിലും പുലർച്ചെ 4:30-ന് ഉണർന്നായിരുന്നു ജിഗീഷ പഠനത്തിനായി സമയം കണ്ടെത്തിയിരുന്നത്.
"ഈ പ്രായത്തിൽ എന്തിനാണ് വീണ്ടും പഠിക്കുന്നത്?" എന്ന് പല ബന്ധുക്കളും ചോദ്യം ചെയ്തപ്പോഴും, ജീവിതത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു അവർ. കോളേജ് പ്രൊഫസർ കൂടിയായ ഭർത്താവും കുടുംബവും ജിഗീഷയ്ക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
അമ്മയും മകനും മികച്ച മത്സരാർത്ഥികളായപ്പോൾ
പഠനം പുരോഗമിച്ചതോടെ അമ്മയും മകനും ഒരേ സമയം പഠന പങ്കാളികളും മികച്ച മത്സരാർത്ഥികളുമായി മാറി. കോഴ്സിലെ ഏറ്റവും ഉയർന്ന ഗ്രേഡായ 'S' ( ഹൈയസ്റ്റ് ഡിസ്റ്റിങ്ഷൻ) ഗ്രേഡ് ആര് നേടുമെന്നതിലായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം. പരീക്ഷകളെയും വൈവകളെയും എങ്ങനെ നേരിടണമെന്നതിൽ മകന്റെ മുൻപരിചയം അമ്മയ്ക്ക് ഏറെ സഹായകരമായി.
വേദിയിലെ അവിസ്മരണീയ നിമിഷം
2024-ൽ ഇരുവരും കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ആദിത്യയ്ക്ക് നിലവിൽ സിൻജെന്റ എന്ന കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റായി ജോലി ലഭിച്ചുകഴിഞ്ഞു. തന്റെ രണ്ടാമത്തെ മകന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പ്രമാണിച്ച് ജിഗീഷ താല്ക്കാലികമായി ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്നും മാറിനിൽക്കുകയാണെങ്കിലും പുതിയ അറിവുകളോടെ വീണ്ടും അധ്യാപനത്തിലേക്ക് തിരിയണമെന്നാണ് അവരുടെ ആഗ്രഹം.
ബിരുദദാന ചടങ്ങിൽ ഇരുവരുടെയും അപൂർവ കഥയറിഞ്ഞ ഒരു സഹപാഠിയുടെ ഇടപെടലിനെത്തുടർന്നാണ് അമ്മയ്ക്കും മകനും ഒരേ വേദിയിൽ ഒന്നിച്ച് ബിരുദം സ്വീകരിക്കാൻ അധികൃതർ അവസരമൊരുക്കിയത്.
Content Highlights: In a rare and deeply inspiring event, 45-year-old former lecturer Jigeesha Taylor and her 21-year-old son Aditya Kapadia successfully graduated together on the same stage, earning their BS degrees in Data Science and Applications from IIT Madras.