ക്വിസ് മത്സരങ്ങൾ വിദ്യാർഥികൾക്ക് വലിയ പഠനാവസരം: ഡോ. രാജു നാരായണ സ്വാമി

മനാമ: ക്വിസ് മത്സരങ്ങൾ വിദ്യാർഥികൾക്ക് വലിയ പഠനാവസരങ്ങളാണ് നൽകുന്നതെന്ന് അഴിമതിവിരുദ്ധ പോരാളിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. രാജു നാരായണ സ്വാമി അഭിപ്രായപ്പെട്ടു. കേരള കത്തോലിക്ക അസോസിയേഷൻ (കെ.സി.എ) ബഹ്‌റൈൻ സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിൽ ഗ്രാൻഡ് മാസ്റ്ററായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തുലൈപാഞ്ചി (Tulaipanji) നെല്ല് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണെന്ന ചോദ്യം മുതൽ ഇന്ത്യൻ നിയമത്തിൽ സൈബർ ഭീകരവാദത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള ശിക്ഷ ഏതെന്നതു വരെയുള്ള വൈവിധ്യമാർന്ന ചോദ്യങ്ങളാണ് മത്സരത്തിൽ കേട്ടത്. അടുത്തിടെ സമാപിച്ച ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം, രാജ്യത്തിന്റെ കന്നി ഹൈഡ്രജൻ ട്രെയിൻ തുടങ്ങിയ വിഷയങ്ങളും ക്വിസ്സിൽ ഇടംപിടിച്ചു. ഭരണരംഗത്ത് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ ഡോ. രാജു നാരായണ സ്വാമി നൽകിയ മികച്ച സംഭാവനകളെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ അനുസ്മരിച്ചു.
അറിവിന്റെ ലോകം അവസാനിക്കാത്തതും കീഴടക്കാൻ സാധിക്കാത്തത്ര വിശാലവുമാണെന്ന് ഡോ. സ്വാമി സദസ്സിനെ ഓർമ്മിപ്പിച്ചു. അറിവ് തേടിയുള്ള മനുഷ്യന്റെ പ്രയാണം, കപ്പലിന്റെ അറയിലുള്ള ചാക്കിലെ ഉരുളക്കിഴങ്ങിനുള്ളിലിരുന്ന് കപ്പലിന്റെ ചലനത്തിൽനിന്ന് പ്രപഞ്ചത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ഉരുളക്കിഴങ്ങ് വണ്ടിന്റെ (potato bug) അവസ്ഥ പോലെയാണെന്ന് അദ്ദേഹം ഉപമിച്ചു.
ചടങ്ങിൽ ക്വിസ് മാസ്റ്റർ അരുൾ ദാസ്, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ തുടങ്ങിയ പ്രമുഖരും സംസാരിച്ചു.
Content Highlights: Dr. Raju Narayana Swamy emphasized the educational value of quiz competitions for students while participating as the Grand Master in a mega quiz organized by the Kerala Catholic Association in Bahrain. The quiz covered diverse topics, including the state producing Tulaipanji rice, cyber terrorism penalties in Indian law, India's achievements in the recent Asian Games, and the country's first hydrogen train. Dr. Swamy highlighted the endless and vast nature of knowledge, comparing the human quest for understanding to a potato bug trying to comprehend the universe from inside a ship's hold.