പൊതുമേഖലയിൽ പതിനായിരത്തിലേറെപ്പേർക്ക് അപ്രന്റിസ്ഷിപ്പിന് അവസരം; അപേക്ഷ ഇപ്പോൾ

#Education desk
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

രാജ്യത്തെ വിവിധ പൊതുമേഖലാസ്ഥാപനങ്ങളിലായി 10,393 പേർക്ക് അപ്രന്റിസ്ഷിപ്പിന് അവസരം. റെയിൽവേ, ബാങ്കുകൾ, ഇന്ത്യൻ ഓയിൽ, നാഷണൽ ഇൻഷുറൻസ് കമ്പനി, സതീഷ് ധവാൻ സ്പെയ്‌സ് സെന്റർ തുടങ്ങിയവയിലാണ് ഒഴിവ്. വൊക്കേഷണൽ ഹയർ സെക്കൻഡറിമുതൽ ബിരുദംവരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നവ ഇതിലുണ്ട്. ഡൽഹി സബോർഡിനറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ എൻജിനിയർ/എം.ടി.എസ്. തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. 1260 ഒഴിവാണുള്ളത്. ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വെൽത്ത് മാനേജ്മെന്റ് സർവീസിലാണ് അവസരം. നവംബർ ഒൻപതിന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ, ഇപ്പറഞ്ഞവ ഉൾപ്പെടെ ഒട്ടേറെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എസ്.സി. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനത്തിനായി ഉദ്യോഗാർഥികൾക്ക് കോടതി കയറേണ്ടി വരുന്നതിനെക്കുറിച്ചുള്ള പരമ്പരയുടെ മൂന്നാംഭാഗം ഈ ലക്കത്തിലുണ്ട്. 'കേസിൽ കുരുക്കുന്ന പി.എസ്.സി. പരീക്ഷണങ്ങൾ' എന്ന പേരിലുള്ള ഈ പരമ്പരയുടെ ഭാഗമായി ഉദ്യോഗാർഥികൾക്ക് അവരുടെ അനുഭവങ്ങളറിയിക്കാനും അവസരമുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡിന് നിയമനക്കാര്യത്തിൽ അനുകൂലവിധി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ, ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം തയ്യാറാണെന്നത് ഉൾപ്പെടെ, ബോർഡിന്റെ തുടർന്നുള്ള തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

നവംബർ 11-ന് നടത്തുന്ന അസിസ്റ്റന്റ് ജയിലർ (മെയ്ൻ), നവംബർ 17ന് നടത്തുന്ന എക്‌സൈസ് ഇൻസ്പെക്ടർ (മെയ്ൻ), നവംബർ 21-ന് നടത്തുന്ന ഇൻസ്പെക്ടിങ് അസിസ്റ്റന്റ്, ഡിസംബർ 5, 19 തീയതികളിൽ നടത്തുന്ന കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്റ് (മെയ്ൻ) എന്നീ പരീക്ഷകൾക്കുള്ള മോക് ടെസ്റ്റ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഡ്രൈവർ, ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ്, എക്‌സൈസ് ഇൻസ്പെക്ടർ (ട്രെയിനി) എന്നീ പരീക്ഷകൾക്കും പരിശീലനമുണ്ട്. നവംബർ 14, 15 തീയതികളിലായി നടക്കുന്ന കെ-ടെറ്റ് പരീക്ഷയ്ക്കുള്ള പരിശീലനവുമുണ്ട്. ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങൾ, അവയ്ക്കുള്ള മറുപടി തുടങ്ങി, ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം. മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com.

Content Highlights: Over 10,393 apprenticeship opportunities in public sector undertakings including Railways and Banks