പഠിക്കാൻ ആവർത്തനമല്ല, ഇടവേളയാണ് പ്രധാനം; പാവ്‌ലോവ് തത്വം തിരുത്തി മലയാളി ഗവേഷകൻ

#കെ.കെ. ശ്രീരാജ്
വിജയ് മോഹൻ കെ. നമ്പൂതിരിയും സംഘവും ഗവേഷണത്തിനിടെ(വലത്)
വിജയ് മോഹൻ കെ. നമ്പൂതിരിയും സംഘവും ഗവേഷണത്തിനിടെ(വലത്)

തൃശ്ശൂർ: പoനത്തിന്റെ അടിസ്ഥാനം ആവർത്തനമാണെന്ന പാവ് ലോവിന്റെ ന്യൂറോസയൻസ് തത്ത്വത്തിന് മലയാളിയുടെ തിരുത്ത്. സംഭവങ്ങൾ തമ്മിലുള്ള സമയദൈർഘ്യം ആവർത്തനത്തെക്കാൾ പഠനത്തെ സഹായിക്കുന്നുവെന്നാണ് തൃശ്ശൂർ കാനാട്ടുകര സ്വദേശി വിജയ് മോഹൻ കെ. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പഠനത്തിലെ കണ്ടെത്തൽ. സംഭവങ്ങൾക്കിടയിലെ സമയം വർധിക്കുമ്പോൾ പഠനത്തിന് സഹായിക്കുന്ന ഡോപമിൻ ഉത്പാദനം കൂടുമെന്ന് പഠനം പറയുന്നു.

രണ്ടു വ്യത്യസ്തസംഭവങ്ങൾ തമ്മിലുള്ള ബന്ധം പഠിക്കുന്ന അസോസിയേറ്റീവ് ലേണിങ് രംഗത്തെ മാറ്റിമറിക്കലാണ് ഈ കണ്ടെത്തലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ വിജയ് മോഹന്റെ ഈ പഠനം നെയ്ചർ ന്യൂറോസയൻസ്, യുറേക് അലർട്ട്, ബ്രെയിൻ പോസ്റ്റ് എന്നീ ശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എലികളെ രണ്ടു വിഭാഗമാക്കി, പ്രത്യേകശബ്ദവും ഇതിന് തുടർച്ചയായി പഞ്ചസാരവെള്ളവും നൽകി നടത്തിയ പരീക്ഷണമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. ആദ്യഗ്രൂപ്പിന് 10 മിനിറ്റിൽ 20 പ്രത്യേക ശബ്ദവും തുടർന്ന് പഞ്ചസാരവെള്ളവും ലഭിച്ചെങ്കിൽ രണ്ടാം ഗ്രൂപ്പിന് 10 മിനിറ്റിൽ ഒറ്റത്തവണയാണ് ലഭിച്ചത്. ഇങ്ങനെ ഒരുമണിക്കൂർ തുടർന്നപ്പോൾ ആദ്യഗ്രൂപ്പിന് 120 തവണയും രണ്ടാം ഗ്രൂപ്പിന് ആറുതവണയുമാണ് ഇത് ലഭിച്ചത്. 114 തവണ കൂടുതൽ ആവർത്തിച്ചിട്ടും രണ്ടു ഗ്രൂപ്പുകളും പ്രത്യേകശബ്ദവും പഞ്ചസാരവെള്ളത്തിന്റെ ലഭ്യതയും തമ്മിലുള്ള ബന്ധം ഒരേ അളവിലാണ് പഠിച്ചത്. ആവർത്തനംകൊണ്ട് കൂടുതൽ പഠിക്കാനായില്ലെന്നു തെളിയിക്കുന്നതാണിത്.

കാരണങ്ങളിൽനിന്ന്‌ സംഭവങ്ങളിലേക്കാണ് മനുഷ്യചിന്ത സഞ്ചരിക്കുന്നതെന്ന അടിസ്ഥാനതത്ത്വത്തെ ചോദ്യംചെയ്ത് സംഭവങ്ങളുണ്ടാകുമ്പോൾ അതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് ചെയ്യുന്നതെന്ന കണ്ടെത്തൽ വിജയ് മോഹൻ നേരത്തേ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ പഠനവും.

മുംബൈ ഐ.ഐ.ടി.യിൽനിന്ന് പഠിച്ചിറങ്ങിയ വിജയ് മുൻ സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ കുളങ്ങരക്കരാട്ടില്ലത്ത് കേശവൻ നമ്പൂതിരിയുടെയും കേരളവർമ കോളേജിലെ മുൻ ഫിസിക്സ് പ്രൊഫസർ പി.ബി. ശ്രീദേവിയുടെയും മകനാണ്. ഡോ. ദേവികയാണ് ഭാര്യ. മകൾ ജിയ നമ്പൂതിരി. സഹോദരി: ഇന്ദു നമ്പൂതിരി (സീനിയർ കൺട്രോൾ എൻജിനിയർ, എയർബസ് ഇൻഡസ്ട്രീസ്, ബെംഗളൂരു).

Content Highlights: A study by Malayali scientist Vijay Mohan challenges Pavlov's theory that repetition is key to learning.