ഇറ്റലിയിലെ അന്താരാഷ്ട്ര ലൈക്കനോളജി സിമ്പോസിയത്തിലേക്ക് മഹാരാജാസ് കോളേജ് ഗവേഷകർ

കൊച്ചി: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടവുമായി എറണാകുളം മഹാരാജാസ് കോളേജിലെ ഗവേഷക വിദ്യാർഥികൾ. കോളേജിലെ ബോട്ടണി പി.ജി. ഗവേഷണ വിഭാഗം വിദ്യാർത്ഥികളായ അശ്വതി അനിൽകുമാർ, അരുൺ ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവർ ഇറ്റലിയിലെ ട്രീസ്റ്റിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര സിമ്പോസിയത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ലൈക്കനോളജിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26 മുതൽ 31 വരെയാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
ഇറ്റാലിയൻ ലൈക്കനോളജിക്കൽ സൊസൈറ്റി നൽകുന്ന 2,000 യൂറോ അടങ്ങുന്ന പ്രശസ്തമായ ബെനഫിസെൻഷ്യ സ്റ്റിഫ്റ്റുങ് ട്രാവൽ ഗ്രാന്റിനും ഇവർ അർഹരായി. പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്ന് മൂന്ന് പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാജാസ് കോളേജ് ബോട്ടണി വിഭാഗം മുൻ അധ്യാപകനായ ഡോ. സ്റ്റീഫൻ സെക്യുറായുടെ കീഴിലാണ് ഇരുവരും ഗവേഷണം നടത്തുന്നത്.
എറണാകുളം സ്വദേശിനിയായ അശ്വതി അനിൽകുമാർ, ചോറ്റാനിക്കര മുട്ടത്തിൽ അനിൽകുമാറിന്റെയും ശ്രീമതി ഷീജയുടെയും മകളാണ്. വൈക്കം സ്വദേശി ദീപക് കുമാറാണ് ഭർത്താവ്. കോഴിക്കോട് സ്വദേശിയായ അരുൺ ക്രിസ്റ്റി സെബാസ്റ്റ്യൻ, കൂടരഞ്ഞി പഞ്ഞിപാറയിൽ സെബാസ്റ്റ്യന്റെയും ആൻസിയുടെയും മകനാണ്.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഗവേഷണ മികവിന് ലഭിച്ച മറ്റൊരു ശ്രദ്ധേയമായ അംഗീകാരമായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്.
Content Highlights: Two botany research scholars from Ernakulam Maharajas College, Aswathy Anilkumar and Arun Christy Sebastian, have been selected to present their papers at the 10th International Lichenology Symposium in Italy, alongside winning the prestigious €2,000 Beneficentia Stiftung travel grant.