എല്‍.ഡി.ക്ലാര്‍ക്ക് അര്‍ഹതപ്പട്ടികയില്‍ 2.31 ലക്ഷം പേര്‍
തിരുവനന്തപുരം: എല്‍.ഡി. ക്ലാര്‍ക്ക് മുഖ്യപരീക്ഷയ്ക്കുള്ള ജില്ലാതല അര്‍ഹതപ്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലായി 2,31,447 പേര്‍ പട്ടികയിലുണ്ട്. ഇവര്‍ക്കുള്ള മുഖ്യപരീക്ഷ നവംബര്‍ 20-ന് നടത്തും.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ അര്‍ഹതപ്പട്ടിക പരിശോധിക്കാം. കട്ട്-ഓഫ്-മാര്‍ക്ക് ഉള്‍പ്പെടെയുള്ള പട്ടികയുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യിലുമുണ്ടാകും. അര്‍ഹതപ്പട്ടിക പരിശോധിക്കാനും 'തൊഴില്‍വാര്‍ത്ത'യില്‍ സൗകര്യമുണ്ടാകും.
പ്രാഥമികപരീക്ഷ നടന്ന ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്, അസിസ്റ്റന്റ് സെയില്‍സ്മാന്‍, വി.ഇ.ഒ. തുടങ്ങിയ മറ്റു തസ്തികകളുടെ അര്‍ഹതപ്പട്ടിക തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന മുഖ്യപരീക്ഷയില്‍ പങ്കെടുക്കുവാന്‍ അര്‍ഹതനേടിയവരുടെ പട്ടികയാണിവ.
ചില പരീക്ഷകള്‍ അഞ്ചുഘട്ടങ്ങളിലായി ഫെബ്രുവരി, മാര്‍ച്ച്, ജൂലായ് മാസങ്ങളില്‍ നടന്നതിനാല്‍ ഓരോഘട്ടത്തിലും പങ്കെടുത്തവര്‍ക്ക് രജിസ്റ്റര്‍ നമ്പറിനൊപ്പം എ, ബി, സി, ഡി എന്നിങ്ങനെ കോഡ് നല്‍കിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാല്‍ ഓരോ ഉദ്യോഗാര്‍ഥിക്കും ഏതുഘട്ടത്തില്‍ പരീക്ഷ എഴുതിയെന്ന് സ്വയം ഉറപ്പുവരുത്താം.
കോവിഡ് ബാധിച്ചതിനാല്‍ നിശ്ചിതദിവസം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് മുന്‍കൂട്ടി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഞ്ചാംഘട്ടമായി പരീക്ഷ നടത്തിയിരുന്നു.
അവര്‍ക്ക് യഥാര്‍ഥ പരീക്ഷാതീയതിക്കുള്ള കോഡാണ് നല്‍കിയിട്ടുള്ളത്.
ഓരോ ജില്ലയിലേക്കും അന്തിമ റാങ്ക്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ ആറിരട്ടി ഉദ്യോഗാര്‍ഥികളെയാണ് അര്‍ഹതപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്തിമപരീക്ഷയുടെ തീയതിയും വിശദമായ പാഠ്യപദ്ധതിയും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: