അധ്യാപിക 'നോ' പറഞ്ഞു; മൊബൈലിനെ 'പരിധിക്ക് പുറത്താക്കി' കുരുന്നുകൾ, പിന്നാലെ പഠനത്തിൽ മികവ്

കൂത്തുപറമ്പ് ​ഗവ. ഹയർസെക്കൻഡറി സ്കൂളലെ നോ മൊബൈൽ ചലഞ്ചിൽ പങ്കാളികളായ കുട്ടികളോടൊപ്പം അധ്യാപിക കെ.പി. അമൃത
കൂത്തുപറമ്പ് ​ഗവ. ഹയർസെക്കൻഡറി സ്കൂളലെ നോ മൊബൈൽ ചലഞ്ചിൽ പങ്കാളികളായ കുട്ടികളോടൊപ്പം അധ്യാപിക കെ.പി. അമൃത

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുരുന്നുകൾക്ക് മൊബൈൽഫോൺ ഇന്ന് 'പരിധിക്ക് പുറത്താണ്'. അധ്യാപിക കെ.പി. അമൃത നൽകിയ 'നോ മൊബൈൽ' ചലഞ്ചിനോട് 'യെസ്' പറഞ്ഞിരിക്കുകയാണ് സ്കൂളിലെ 200-ഓളം വിദ്യാർഥികൾ. എൽ.കെ.ജി. മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ മൊബൈൽഫോണിലൂടെയുള്ള ഗെയിമുകളും വീഡിയോ കാണലും പൂർണമായും ഒഴിവാക്കിയപ്പോൾ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠനസംബന്ധമായ കാര്യങ്ങൾക്ക് മാത്രം ഫോണിനെ ആശ്രയിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയെന്ന് അമൃത ടീച്ചർ പറയുന്നു.

ഒന്നാം ക്ലാസിലാണ് നോ മൊബൈൽ ചലഞ്ച് അമൃത ആദ്യം നടപ്പാക്കിയത്. വീട്ടിൽവെച്ചും മറ്റും കുട്ടികളിൽ അധികം പേരും മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ടീച്ചർ മൊബൈലിന്റെ ദൂഷ്യവശത്തെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു. ഒടുവിൽ ഒരാഴ്ച മൊബൈൽഫോൺ ഉപയോഗിക്കില്ലെന്ന ചലഞ്ചും നൽകി. വാക്കുപാലിക്കുന്നവർക്ക് സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. ചലഞ്ച് ഫലം കണ്ടപ്പോൾ മറ്റ് ക്ലാസുകളിലും നടപ്പാക്കുകയായിരുന്നു. രക്ഷിതാക്കളിൽനിന്ന് ലഭിച്ച പിന്തുണ കൊണ്ടാണ് ചലഞ്ച് വിജയിച്ചതെന്ന് അമൃത പറയുന്നു. ചില വിദ്യാർഥികൾ ചലഞ്ചിൽ തങ്ങളേയും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നത് അദ്‌ഭുതപ്പെടുത്തിയെന്നും ടീച്ചർ പറയുന്നു.

ചലഞ്ചിൽ പങ്കാളികളാകുന്ന കുട്ടികൾ പഠനത്തിൽ കൂടുതൽ മികവ് കാട്ടുന്നുണ്ടെന്ന് ടീച്ചർ പറയുന്നു. നേരത്തേ ഉറങ്ങുന്ന കുട്ടികൾക്ക് നേരത്തേ ഉണരാനും കഴിയുന്നു. മാതാപിതാക്കൾ അനാവശ്യമായി മൊബൈൽഫോൺ ഉപയോഗിക്കുന്നത് കുട്ടികൾ ചോദ്യംചെയ്യുന്നു.

ഇതേത്തുടർന്ന് കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രമിക്കുകയും നഷ്ടപ്പെട്ടുപോയ നിരവധി നാടൻകളികൾ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ കഴിയുന്നുണ്ടെന്നും ടീച്ചർ പറയുന്നു.

ചലഞ്ച് ആരംഭിച്ച് മൂന്നാഴ്ച തികയുന്ന തിങ്കളാഴ്ച ചലഞ്ചിൽ പങ്കാളികളായ കുട്ടികൾക്ക് സമ്മാനങ്ങളും മറ്റും നൽകി വിപുലമായ പരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.

Content Highlights: Kuthuparamba school students embrace a `No Mobile` challenge, reducing screen time. Discover how this initiative is improving learning, encouraging outdoor play, and strengthening family bonds.