കീം വിഷയത്തിൽ വിദ്യാർഥികളിൽ ആശയക്കുഴപ്പം ,സമസ്തയുടേത് ന്യായമായ ആവശ്യം - പി.കെ. കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി
പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കീം വിഷയത്തിൽ വിദ്യാർഥികളിൽ വലിയ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും കളി തുടങ്ങിയശേഷം കളിനിയമം മാറ്റിയതിന്റെ ഫലമാണ് വിദ്യാർഥികൾ അനുഭവിക്കുന്നതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

സർക്കാരാണ് ഇതിനുത്തരവാദി. പരിഷ്കാരം വേണോ വേണ്ടയോ എന്നതല്ല പ്രശ്നം. അത് കൈകാര്യംചെയ്ത രീതിയാണ് മോശമായത്. ഇപ്പോൾ ഇരുവിഭാഗം വിദ്യാർഥികളും ഒരുപോലെ ബുദ്ധിമുട്ടിലായി. ദിവസങ്ങളോളം ആലോചിച്ചുവേണം പരിഷ്കാരങ്ങൾ നടപ്പാക്കാൻ. മലപ്പുറം കാരാത്തോട്ടുള്ള വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാവിവത്കരണത്തിനായി ഗവർണർ ന്യായീകരിക്കാൻ കഴിയാത്ത പല കാര്യങ്ങളും ചെയ്യുന്നു. മറുവശത്ത് അതിനെ കായികമായി നേരിടുകയാണ്. ഇവ രണ്ടും ഉന്നതവിദ്യാഭ്യാസത്തിന് ദോഷംചെയ്യുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരത്താൽ കാമ്പസുകൾ മാഫിയാഭരണം പോലെയായി. സർവകലാശാലകളിൽ വൈസ് ചാൻസലർമാരില്ല. 66 കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല. വ്യാഴാഴ്ച നടന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമസ്തയുടേത് ന്യായമായ ആവശ്യം

സ്കൂൾ സമയമാറ്റവിഷയത്തിൽ സമസ്തയുടേത് ന്യായമായ ആവശ്യമാണ്. ചർച്ച ചെയ്യാതെ ഏകക്ഷീയമായാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ ചർച്ചചെയ്ത്് കാര്യങ്ങൾ തീരുമാനിക്കണം. ലീഗിന്റെ നിലപാട് ആലോചിച്ചശേഷം അറിയിക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് അധികസീറ്റുകൾ ആവശ്യപ്പെടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം ചാനലുകൾ വാർത്തയാക്കിയതാണെന്നും പാർട്ടി അറിഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു.

Content Highlights: P.K. Kunjalikutty Criticizes Kerala`s School Timing Changes