ജോലിയുണ്ട്, ശമ്പളമില്ല: പ്രതിസന്ധിയിൽ സ്പെഷ്യൽ സ്കൂൾ അധ്യാപകർ

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ ഇരുനൂറോളം സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകർ അടക്കമുള്ള ജീവനക്കാർക്ക് ഏഴുമാസമായി ശമ്പളമില്ല. ഈ വർഷം ഏപ്രിൽ മുതലുള്ള ശമ്പളം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ അധ്യയനവർഷത്തെ ശമ്പളം രണ്ടു ഗഡുക്കളായി നൽകിയത് ഈവർഷം മാർച്ചിലാണ്. ഇതുവരെ ഈ അധ്യയനവർഷത്തെ ഗ്രാൻഡ് സർക്കാർ നൽകിയിട്ടില്ല. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരാണ് വേതനമില്ലാതെ വലയുന്നത്.
18 വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാൻഡ് അനുവദിക്കുന്നത്. എട്ട് കുട്ടികൾക്ക് ഒരു ടീച്ചർ, 15 കുട്ടികൾക്ക് ഒരു ആയ എന്നതാണ് സ്റ്റാഫ് പാറ്റേൺ. അധ്യാപകർ ഉൾപ്പെടെ എൽ.പി. സ്കൂൾ ജീവനക്കാരുടെ വേതനനിരക്ക് 28,750 രൂപ മുതൽ 36,750 രൂപവരെ. താത്കാലികജീവനക്കാർക്ക് 500 രൂപ മുതൽ 1,250 രൂപ വരെയും.
2019-ൽ സ്പെഷ്യൽ പാക്കേജ് അനുവദിച്ചുതുടങ്ങിയപ്പോൾ സംസ്ഥാനത്ത് ഏകദേശം 300 ഓളം സ്കൂളുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 200 ആയി കുറഞ്ഞു. കഴിഞ്ഞവർഷം മാത്രം 12 സ്കൂളുകൾ പൂട്ടി. സാങ്കേതിക കാരണങ്ങളും വേതനം വൈകുന്നതുംമൂലം സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള പ്രയാസങ്ങളുമാണ് അടച്ചുപൂട്ടലുകളിലേക്ക് നയിക്കുന്നത്.
എൻ.ജി.ഒ.കൾ ഉൾപ്പെടെയുള്ള സംരംഭകരുടെ മുൻകൈയിൽ 2,800-ൽ അധികം സ്പെഷ്യൽ സ്കൂളുകൾ സംസ്ഥാനത്തുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവയാണ് ഭൂരിഭാഗവും. 18 വയസ്സിൽത്താഴെയുള്ള 20 കുട്ടികളെങ്കിലും വേണമെന്ന നിബന്ധനകാരണം ഇത്തരം സ്കൂളുകൾക്ക് സർക്കാർ അംഗീകാരം കിട്ടാത്ത സ്ഥിതിയുണ്ട്.
Content Highlights: Around 200 special schools under the General Education Department have not received salaries for 7 months.