കെ-മാറ്റ് 2024 സെഷൻ 2: അപേക്ഷ ജൂൺ 6 വരെ

കേരളത്തിൽ 2024-ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്മെൻറ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) 2024 രണ്ടാംസെഷന് കേരള പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.
പ്രവേശനസ്ഥാപനങ്ങൾ
സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ/ഡിപ്പാർട്ടുമെൻറുകൾ, ഓട്ടോണമസ് മാനേജ്മെൻറ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെൻറ് കോളേജുകൾ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ് ബാധകമായിരിക്കും.
യോഗ്യത
കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ, ആർട്സ്/സയൻസ്/കൊമേഴ്സ്/എൻജിനിയറിങ്/മാനേജ്മെൻ്റ് ബാച്ച്‌ലർ ബിരുദം/തത്തുല്യയോഗ്യത നേടിയിരിക്കണം. ഏതു സർവകലാശാലയിലെ എം.ബി.എ. കോഴ്സിലേക്കാണോ പ്രവേശനം തേടുന്നത്, ആ സർവകലാശാലയ്ക്കു ബാധകമായ യോഗ്യതാപരീക്ഷാമാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തണം.
ഭാരതീയർക്കും ഭാരതീയേതരർക്കും അപേക്ഷിക്കാം. എന്നാൽ, കേരളീയർക്കുമാത്രമേ ഏതെങ്കിലും സംവരണ ആനുകൂല്യമോ ഫീസ് ഇളവോ ലഭിക്കുകയുള്ളു.
വ്യവസ്ഥയ്ക്ക് വിധേയമായി, യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും, അപേക്ഷിക്കാം.
പ്രവേശനപരീക്ഷ
പിന്നീട് പ്രഖ്യാപിക്കുന്ന തീയതിയിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, മൊത്തം 180 ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. പ്ലസ്ടുനിലവാരമുള്ള ചോദ്യങ്ങൾ, ഇംഗ്ലീഷ് ലാംഗ്വേജ് യൂസേജ് ആൻഡ് റീഡിങ് കോംപ്രിഹൻഷൻ (50 ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50), ഡേറ്റാ സഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിങ് (40), ജനറൽ നോളജ് ആൻഡ് കറൻറ് അഫയേഴ്സ് (40) എന്നീമേഖലകളിൽനിന്നുമായിരിക്കും. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിച്ചാൽ ഒരുമാർക്കുവീതം നഷ്ടപ്പെടും.
യോഗ്യതനേടാൻ പരമാവധി മാർക്കായ 720-ൽ (180 x 4) കുറഞ്ഞത് 10 ശതമാനം മാർക്ക് (72 മാർക്ക്) നേടണം. പട്ടിക/ഭിന്നശേഷിക്കാർ, കുറഞ്ഞത് 7.5 ശതമാനം മാർക്ക് (54 മാർക്ക്) നേടണം. യോഗ്യത നേടുന്നവരെമാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ.
അപേക്ഷ
www.cee.kerala.gov.in വഴി ജൂൺ ആറിന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. പരീക്ഷയ്ക്കുശേഷം, താത്‌കാലിക ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തും.നിശ്ചിതഫീസ് അടച്ച്, പിന്തുണരേഖകൾസഹിതം, ഉത്തരസൂചിക ചലഞ്ച് ചെയ്യാൻ അഞ്ചുദിവസം ലഭിക്കും. ചലഞ്ച് ശരിയെന്നുകണ്ടാൽ അടച്ചതുക തിരികെലഭിക്കും. എം.ബി.എ. പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കാൻ കെ.മാറ്റ് സ്കോറിന് 80-ഉം ഗ്രൂപ്പ് ഡിസ്കഷന് 10-ഉം പേഴ്സണൽ ഇൻറർവ്യൂവിനു 10-ഉം ശതമാനം വെയിേറ്റജ് നൽകും.
Content Highlights: kmat 2024 session 2 2024 application