ഇനി ‘അയവുള്ള ബിരുദം’; പഠനരീതിയും കോഴ്സിന്റെ പേരും മാറും

കൊല്ലം: സംസ്ഥാനത്തെ സർവകലാശാലകളിലെ ഡിഗ്രി കോഴ്സുകൾ അടിമുടി മാറ്റത്തിലേക്ക്. പേരും പഠനരീതിയും മാറും. നാലുവർഷ ബിരുദപ്രോഗ്രാമിന്റെ സമഗ്ര പുനഃപരിശോധനയ്ക്കായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതിയുടെ കരട് റിപ്പോർട്ടിലാണ് നിർദേശം. ‘സിംഗിൾ മേജർ പാത്ത് വേ’ പുതിയ രീതിയിൽ നടപ്പാക്കാനാണ് ആലോചന. ഒരു പ്രധാന വിഷയംമാത്രം പഠിച്ച് ഡിഗ്രി നേടാൻ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യമുണ്ടാകുമെന്നതാണ് പ്രത്യേകത.
നിലവിൽ മൈനർ വിഷയങ്ങൾ എന്നപേരിൽ ആറ് ഡിപ്പാർട്ട്മെന്റുകളിൽക്കൂടി പോയിവേണം പഠനം പൂർത്തിയാക്കാൻ. ഫ്ളക്സിബിളായി പഠനം പൂർത്തിയാക്കാൻ സൗകര്യം നൽകുക എന്നതാണ് സമിതി മുന്നോട്ടുവെക്കുന്ന പ്രധാന ശുപാർശ. അതുകൊണ്ടുതന്നെ നാലുവർഷ ബിരുദകോഴ്സിന്റെ പേര് ഫ്ലെക്സിബിൾ ഗ്രാജ്വേറ്റ് പ്രോഗ്രാം (എഫ്.ജി.പി.) എന്നാക്കും. ഇപ്പോഴത് ഫോർ ഇയർ യു.ജി പ്രോഗ്രാം എന്നാണ്. ‘നാലുവർഷ ബിരുദം’ പേരിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
കോഴ്സ് വിജയിക്കുന്നതിന് നേടേണ്ട െക്രഡിറ്റിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകും. മൂന്നുവർഷബിരുദത്തിന് ആകെ 133 ക്രെഡിറ്റും നാലുവർഷ ബിരുദത്തിന് 177 ക്രെഡിറ്റും വേണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതിന്റെ 50 ശതമാനം മേജർ വിഷയത്തിന് ലഭിക്കണം. 133-ഉം 177-ഉം ഒറ്റസംഖ്യകൾ ആയതിനാൽ 50 ശതമാനം കണക്കാക്കുമ്പോൾ യഥാക്രമം 66.5, 88.5 എന്നിങ്ങനെ വരും. ദശാംശസംഖ്യ വരുന്നതിലുള്ള സങ്കീർണത ഒഴിവാക്കാൻ, പുതിയ സംവിധാനത്തിൽ മൂന്നുവർഷ ബിരുദത്തിന് 132 ക്രെഡിറ്റും നാലുവർഷ ബിരുദത്തിന് 176 ക്രെഡിറ്റും മതിയാകും. മേജർ വിഷയങ്ങൾക്ക് യഥാക്രമം 66, 88 ക്രെഡിറ്റുകൾ നേടണം.
സമിതിയുടെ കരട് റിപ്പോർട്ട് അവതരണം വ്യാഴാഴ്ച രണ്ടിന് aകേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ സി.വി. രാമൻ ഹാളിൽ നടക്കും.
Content Highlights: Kerala universities are overhauling degree courses, renaming the 4-year UG program to Flexible Graduate Program (FGP