നിർമിതബുദ്ധിയിൽ അസാപ് പരിശീലനം നൽകുന്നു, അരലക്ഷം വിദ്യാർഥികൾക്ക്

രാമനാട്ടുകര: അരലക്ഷം കോളേജ് വിദ്യാർഥികൾക്ക് എഐ സാങ്കേതികവിദ്യയിൽ പരിശീലനം നൽകാൻ പദ്ധതിയൊരുക്കി അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം). സംസ്ഥാനത്തെ തിരഞ്ഞെടുത്ത കോളേജുകളിൽനിന്നുള്ള അൻപതിനായിരം വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ സ്‌കിൽ ചാമ്പ്യനായി പ്രഖ്യാപിക്കും.
തുടർന്ന് ഇവരെ ഉപയോഗപ്പെടുത്തി കോളേജിലെ എല്ലാ ക്ലാസുകളിൽനിന്നും തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുകൂടി കോഴ്‌സ് നൽകി ബാച്ച് മെന്റർ ആക്കി മാറ്റും. ഇവർവഴിയാണ് കോളേജിലെ മറ്റു വിദ്യാർഥികൾക്കും പരിശീലനം വ്യാപിപ്പിക്കുന്നത്. ഇതുവരെ 111 കോളേജുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് പരിശീലനം പൂർത്തിയാക്കി സ്‌കിൽ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചിട്ടുണ്ട്.
43 കോളേജുകളിൽ ബാച്ച് മെന്റർമാർക്കുള്ള പരിശീലനവും നടത്തിക്കഴിഞ്ഞു. അമേരിക്ക ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽവിദഗ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയേഴ്‌സി(ഐഇഇഇ)ന്റെ നേതൃത്വത്തിലുള്ള ആർഗുമെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) വർക്ക്‌ഷോപ്പുകളും പുരോഗമിക്കുന്നുണ്ട്. ലോക യുവജന നൈപുണിദിനത്തിൽ ബാച്ച് മെന്റേഴ്‌സിന്റെ സഹായത്തോടെ സംസ്ഥാനത്തെ വിവിധ കോളേജുകളിലുള്ളവർ ഒരേസമയം പരിശീലനം നേടും.
ലോകക്രമത്തെ അതിവേഗം പുതിയൊരു ദിശയിലേക്ക് കൊണ്ടുപോവുകയാണ് നിർമിതബുദ്ധി. മാറുന്ന കാലത്തിനാവശ്യമായ കഴിവുകൾ പരിപോഷിപ്പിച്ചെടുക്കുന്ന പ്രക്രിയയിലും നിർമിതബുദ്ധിക്ക് തന്ത്രപ്രധാനമായ പങ്കാണുള്ളത്.
സമൂഹത്തിന്റെ ചാലകശക്തികളായി മാറേണ്ട യുവതലമുറയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സ്കിൽസ് തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള അറിവ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസാപ് പരിശീലനം നൽകുന്നത്.
Content Highlights: kerala students asap training artificial intelligence