SSLC മിനിമം മാർക്ക് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; പഴയ രീതി തുടർന്ന് പരീക്ഷകൾ നടന്നേക്കും

തിരുവനന്തപുരം: ഹൈസ്കൂളിൽ മിനിമം മാർക്ക് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചതോടെ, ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ പഴയപടിയുള്ള മാർക്കിടലിന് സാധ്യതയേറി. പഠനനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയ പരിഷ്കാരമാണ് മരവിപ്പിച്ചത്.
എസ്.എസ്.എൽ.സി. വിജയത്തിൽ ഇടിവുണ്ടായി ഹയർ സെക്കൻഡറി പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മിനിമം മാർക്ക് നിബന്ധന ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതെന്നാണ് വിവരം. കൂടുതൽ തയ്യാറെടുപ്പോടെ മിനിമംമാർക്ക് നടപ്പാക്കിയാൽ മതിയെന്ന നിലപാടിലാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് അധികൃതർ പറയുന്നു.
ഇന്റേണൽ മാർക്ക് 20 ശതമാനമുള്ളതിനാൽ, എഴുത്തുപരീക്ഷയിൽ 10 ശതമാനം മാർക്ക് കിട്ടിയാലും എസ്.എസ്.എൽ.സി.ക്ക് കുട്ടികൾ ജയിക്കുന്നതായിരുന്നു പഴയരീതി. വാരിക്കോരി മാർക്കിടലിൽ എ പ്ലസുകാരുടെ എണ്ണവും കൂടി. ഇതോടെയാണ് പഠനനിലവാരം ഉറപ്പാക്കാൻ ഹൈസ്കൂളിലെ എഴുത്തുപരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കിയത്. പഠനശേഷി വിലയിരുത്തിമാത്രം, ഇന്റേണൽ മാർക്ക് നൽകിയാൽമതിയെന്നും നിർദേശിച്ചു.
2024-25 വർഷം എട്ടാംക്ലാസിലും 2025-26 വർഷം ഒൻപതാംക്ലാസിലും മിനിമം മാർക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഇത് നടപ്പാക്കാനിരിക്കേയാണ് സർക്കാരിന്റെ പിന്മാറ്റം.
പരിഷ്കാരം നടപ്പാക്കിയ 2024-25-ൽ എട്ടാം ക്ലാസ് പരീക്ഷയിൽ മിനിമം മാർക്കില്ലാത്ത 21 ശതമാനം കുട്ടികളുണ്ടായിരുന്നു. ഇവരെ പഠനപിന്തുണ നൽകി വിജയിപ്പിച്ചു. 2025-26ൽ 99.07 ശതമാനം പേർ എസ്.എസ്.എൽ.സി. പാസായെങ്കിലും എ പ്ലസുകാർ മുൻവർഷത്തെ 61,449-ൽനിന്ന് 30,514 ആയി കുറഞ്ഞു. മിനിമം മാർക്ക് നടപ്പായാൽ എസ്.എസ്.എൽ.സി. ഫലത്തിൽ 20 ശതമാനം കുറവുണ്ടാവുമെന്ന് എൽ.ഡി.എഫ്. സർക്കാർ കണക്കാക്കിയിരുന്നു. വിജയം 60-65 ശതമാനമായി കൂപ്പുകുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് റിപ്പോർട്ട് നൽകിയതിനാലാണ് യു.ഡി.എഫ്. സർക്കാരിന്റെ പിന്മാറ്റം.
Content Highlights: Kerala government freezes the mandatory 30% minimum mark rule for high schools., SSLC exams will likely follow the old grading system to prevent a drop in pass percentages