തൊഴിൽസാധ്യത സംബന്ധിച്ച അറിവും നൈപുണിയും, പൊതുവിദ്യാഭ്യാസവകുപ്പിന്റെ തൊഴിലധിഷ്ഠിത കോഴ്സുകൾ

അഭിരുചിക്കും ഭാവി തൊഴിൽസാധ്യതയ്ക്കും അനുസൃതമായ വൈദഗ്ധ്യം യുവജനങ്ങൾക്കു നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ സ്കിൽ ഡിവലപ്മെൻറ് സെൻററുകൾ (എസ്.ഡി.സി) നടത്തുന്ന കോഴ്സുകളിലേക്ക് പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) അപേക്ഷക്ഷണിച്ചു.വിദ്യാർഥികൾക്കും മറ്റ് യുവജനങ്ങൾക്കും അവരുടെ അഭിരുചിക്കനുസരിച്ച്, ആധുനികലോകത്തിൽ തൊഴിൽസാധ്യത സംബന്ധിച്ച അറിവും ആവശ്യമായ നൈപുണിയും നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്ട്രങ്ത്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ് (സ്റ്റാർസ്) പദ്ധതിവഴി എസ്.ഡി.സികളാണ് കോഴ്സുകൾ നടത്തുക.
അഭിരുചിക്കും ഭാവി തൊഴിൽസാധ്യതയ്ക്കും പ്രയോജനപ്പെടുന്ന വൈദഗ്ധ്യം യുവജനങ്ങൾക്കു നൽകുക, ഔപചാരികവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽപരിശീലനവും നൽകുക, പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിനാവശ്യമായ നൈപുണിപരിശീലനം ലഭ്യമാക്കുക, കുട്ടികൾക്ക് സ്വയംസംരംഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരവും നൽകുക, സ്കൂളിനുപുറത്തുള്ള കുട്ടികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾക്ക് നൈപുണി വിദ്യാഭ്യാസം നൽകുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് എസ്.ഡി.സികൾ പ്രവർത്തിക്കുക.
പരിശീലനകേന്ദ്രങ്ങൾ
ആദ്യഘട്ടത്തിൽ സർക്കാർ സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് 210 എസ്.ഡി.സികളിൽ കോഴ്സുകൾ നടത്തും. ഓരോ സെൻററിലും വ്യത്യസ്തമേഖലകളിൽനിന്നുള്ള രണ്ട് ജോബ് റോളുകളുടെ ഓരോ ബാച്ചുവീതം ആകെ രണ്ടുബാച്ചുകളുണ്ടാകും.ദേശീയ യോഗ്യതാ രജിസ്റ്ററിൽ (എൻക്യുആർ) നിഷ്കർഷിച്ചിട്ടുള്ള വ്യത്യസ്ത സെക്ടറുകളെ പ്രതിനിധാനംചെയ്യുന്ന ലെവൽ 3-ൽ/ലെവൽ 4-ൽ ഉൾപ്പെട്ടവയാണ് ജോബ് റോളുകൾ.
ജില്ല തിരിച്ചുള്ള എസ്.ഡി.സി എണ്ണം (ഓരോന്നിലും രണ്ട് കോഴ്സ്): തിരുവനന്തപുരം -24, കൊല്ലം -13, പത്തനംതിട്ട -13, ആലപ്പുഴ -11, കോട്ടയം -15, ഇടുക്കി -12, എറണാകുളം -15, തൃശ്ശൂർ -19, പാലക്കാട് -14, മലപ്പുറം -17, കോഴിക്കോട് -23, വയനാട് -7, കണ്ണൂർ -13, കാസർകോട് -14.സെൻററുകൾ, കോഴ്സുകൾ എന്നിവയുടെ വിശദാംശങ്ങൾ www.ssakerala.in ലെ പ്രോസ്പെക്ടസ് അനുബന്ധം 1-ൽ നൽകിയിട്ടുണ്ട്.
ജോബ് റോളുകൾ
മൊത്തം 29 ജോബ് റോളുകളുണ്ട്.
* ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ * റിപ്പയർ ആൻഡ് മെയിൻറനൻസ് ടെക്നീഷ്യൻ ഫാം മെഷിനറി * ഇൻറീരിയർ ലാൻഡ്സ്കേപ്പർ * പ്ലാൻറ് ടിഷ്യൂകൾച്ചർ ടെക്നീഷ്യൻ * ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ * കോസ്മെറ്റോളജിസ്റ്റ് * ജിഎസ്ടി അസിസ്റ്റൻറ് * അസിസ്റ്റൻറ് റോബോട്ടിക്സ് ടെക്നീഷ്യൻ * ഡ്രോൺ സർവീസ് ടെക്നീഷ്യൻ * മൊബൈൽഫോൺ ഹാർഡ്വേർ റിപ്പയർ ടെക്നീഷ്യൻ * സിസിടിവി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ * സോളാർ എൽഇഡി ടെക്നീഷ്യൻ * ബേക്കിങ് ടെക്നീഷ്യൻ-ഓപ്പറേറ്റീവ്/ അസിസ്റ്റൻറ് ബേക്കിങ് ടെക്നീഷ്യൻ * ജൂവലറി ഡിസൈനർ * എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ-ബേസിക് * വെബ് ഡിവലപ്പർ * വെയർഹൗസ് അസോസിയേറ്റ് * എക്സിം എക്സിക്യുട്ടീവ് * ത്രീഡി പ്രിൻറിങ് ഓപ്പറേറ്റർ * ആനിമേറ്റർ * ഗ്രാഫിക് ഡിസൈനർ * ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് * ഫിറ്റ്നസ് ട്രെയിനർ/ജനറൽ ഫിറ്റ്നസ് ട്രെയിനർ * എഐ ആൻഡ് മെഷീൻ ലേണിങ് ജൂനിയർ ടെലികോം ഡേറ്റാ അനലിസ്റ്റ് * ടെലികോം ടെക്നീഷ്യൻ ഐഒടി ഡിവൈസസ്/സിസ്റ്റംസ് * എഐ ഡിവൈസസ് ഇൻസ്റ്റലേഷൻ/ഓപ്പറേറ്റർ * ഐഒടി ടെക്നിക്കൽ സർവീസ് ഓപ്പറേറ്റർ* ക്ലൗഡ് കംപ്യൂട്ടിങ് ജൂനിയർ അനലിസ്റ്റ് * ഗസ്റ്റ് സർവീസ് അസോസിയേറ്റ് (ഫുഡ് ആൻഡ് ബെവറജസ്)ജോബ് റോളുകൾ പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്.
കോഴ്സ് ഘടന
കോഴ്സ് കാലയളവ് പരമാവധി ഒരുവർഷമായിരിക്കും. പൊതു അവധികൾ, പ്രാദേശിക അവധികൾ തുടങ്ങി സ്കൂളിന് ലഭ്യമാകുന്ന അവധിദിവസങ്ങളിലെ നിശ്ചിതസമയങ്ങളിലാകും ക്ലാസുകൾ.കോഴ്സിന്റെ ഭാഗമായി പ്രാദേശിക വിദഗ്ധരുടെ ക്ലാസുകളും ഇൻററാക്ഷനും ഓൺ ദി ജോബ് ട്രെയിനിങ്ങും ഫീൽഡ് സന്ദർശനവും ഉണ്ടാകും. തൊഴിൽപരിശീലനത്തോടൊപ്പം അടിസ്ഥാനശേഷിവികസനവും ലക്ഷ്യംവെക്കുന്നതാകും പരിശീലനം. പഠനമാധ്യമം ഇംഗ്ലീഷ്/മലയാളം ആയിരിക്കും.നിശ്ചിതകാലയളവിലെ പരിശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക്, സ്കിൽ ഇവാല്യുവേഷൻ ഉണ്ടായിരിക്കും. കോഴ്സ്, മൂല്യനിർണയം എന്നിവ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സ്കിൽസർട്ടിഫിക്കറ്റ് നൽകും.
ഭരണനിയന്ത്രണം
എസ്.ഡി.സികളുടെ ഭരണനിയന്ത്രണം പൊതുവിദ്യാഭ്യാസവകുപ്പിനും മൂല്യനിർണയത്തിന്റെയും സർട്ടിഫിക്കേഷന്റെയും ചുമതല വകുപ്പിന്റെ വിഎച്ച്എസ്ഇ പരീക്ഷാവിഭാഗത്തിനുമാണ്. സെൻററുകൾക്ക് ആവശ്യമായ ലേണിങ് മാനേജ്മെൻറ് സിസ്റ്റം, മാനേജ്മെൻറ് ഇൻഫർമേഷൻ സിസ്റ്റം എന്നിവ തയ്യാറാക്കുന്നതിന്റെ ചുമതല സമഗ്രശിക്ഷാ കേരളയ്ക്കാണ്.
ബാച്ച് ഘടന
ഓരോ ബാച്ചിലും 25 പേർക്ക് പ്രവേശനം നൽകും. വ്യവസ്ഥകൾ പ്രകാരമുള്ള സംവരണമുണ്ട് (ഇഡബ്ല്യുഎസ് -10 ശതമാനം, എസ്ഇബിസി -30, പട്ടികജാതി -8, പട്ടികവർഗം -2 ശതമാനം) ഒരു ബാച്ചിൽ 15 കുട്ടികളെങ്കിലും ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാർക്കുള്ള ബാച്ചിൽ കുറഞ്ഞത് 10 കുട്ടികൾ വേണം.
ഫീസ്
ആരും ഫീസ് നൽകേണ്ടതില്ല. പഠനം സൗജന്യമായിരിക്കും. കോഷൻ ഡിപ്പോസിറ്റായി 1000 രൂപ നൽകണം. പട്ടിക/ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സ് (സിഡബ്ല്യുഎസ്എൻ) വിഭാഗക്കാർക്ക് 500 രൂപ.
പ്രവേശനയോഗ്യത
ഭൂരിഭാഗം കോഴ്സുകൾക്കും പത്താംതരം പാസായവർക്കും ചിലതിന് പതിനൊന്നാംതരം പാസായവർക്കും അപേക്ഷിക്കാം. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവയിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ, ഔട്ട് ഓഫ് സ്കൂൾ കുട്ടികൾ, ആദിവാസിമേഖലയിലെ കുട്ടികൾ, സ്കോൾ കേരളയിൽ രജിസ്റ്റർചെയ്ത് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, ഭിന്നശേഷിക്കുട്ടികൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞവർ, ബിരുദപഠനം നടത്തുന്നവർ എന്നിവർക്ക് അപേക്ഷിക്കാം
പ്രായപരിധി
പരമാവധി പ്രായം 23 ആണ്. പട്ടികവിഭാഗക്കാർക്ക് രണ്ടും ഭിന്നശേഷിവിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും.
അപേക്ഷ
അപേക്ഷയുടെ മാതൃക പ്രോസ്പെക്ടസ് അനുബന്ധം 3-ൽ നൽകിയിട്ടുണ്ട്. www.ssakerala.in ൽനിന്ന് ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. എസ്.ഡി.സിയിൽനിന്ന് സൗജന്യമായി ഫോം നേരിട്ടുവാങ്ങി പൂരിപ്പിച്ചും നൽകാം. അപേക്ഷയ്ക്കൊപ്പം നൽകേണ്ട രേഖകളുടെ പട്ടിക പ്രോസ്പെക്ടസിലുണ്ട്. പൂരിപ്പിച്ച അപേക്ഷ സ്കിൽ ഡിവലപ്മെൻറ് സെൻററിൽ മേയ് 15-നകം നൽകണം.
തിരഞ്ഞെടുപ്പ്
യോഗ്യതാപരീക്ഷയിലെ ഗ്രേഡുകൾ പരിഗണിച്ച് പ്രോസ്പെക്ടസ് വ്യവസ്ഥകൾപ്രകാരം കണക്കാക്കുന്ന ഗ്രേഡ് പോയന്റ് ആവറേജ്, അഭിമുഖത്തിനു ലഭിക്കുന്ന സ്കോർ (പരമാവധി 20 മാർക്ക്) എന്നിവ പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. പ്രവേശനത്തിനുള്ള ഇൻറർവ്യൂ 16, 17 തീയതികളിൽ നടത്തും. റാങ്ക് ലിസ്റ്റ് 19-ന് പ്രസിദ്ധപ്പെടുത്തും. പ്രവേശനോത്സവം 21-ന് നടത്തും.
Content Highlights: Free Skill Development Courses in Kerala