സാനിറ്ററി നാപ്കിൻ സംസ്കരിക്കാൻ 319 സ്കൂളുകളിൽ ഇൻസിനറേറ്റർ സ്ഥാപിക്കും

ആലപ്പുഴ: സാനിറ്റ്റി നാപ്കിൻ ജലാശയങ്ങളിലും മറ്റും ഉപേക്ഷിക്കുന്നതു തടയാൻ സംസ്ഥാനത്തെ 319 ഹയർ സെക്കൻഡറി സ്കൂളുകളിൽ അവ സംസ്കരിക്കാനുള്ള ഇൻസിനറേറ്റർ സ്ഥാപിക്കുന്നു. മെൻസ്ട്ര്വൽ കപ്പ് പ്രോത്സാഹിപ്പിക്കുമ്പോഴും നാപ്കിൻ തിരഞ്ഞെടുക്കുന്നവർ ഏറെയുണ്ട്. അതിനാലാണ് ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ ആദ്യഘട്ടത്തിൽ 319 സ്കൂളുകൾക്ക് ഹരിതകേരളം മിഷൻ ഇൻസിനറേറ്റർ നൽകുന്നത്. ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കാൻ സ്കൂളിൽ ഒരു പവർപ്ലഗ് മാത്രം മതി.
ഒരു ബ്ലോക്കിൽ ഒരു പഞ്ചായത്ത് എന്ന തരത്തിൽ 152 ഗ്രാമപ്പഞ്ചായത്ത്, 87 നഗരസഭ, ആറ് കോർപ്പറേഷൻ എന്നിവയുടെ പരിധിയിലുള്ള സ്കൂളുകളാണ് ആദ്യഘട്ടത്തിലുള്ളത്. പെൺകുട്ടികൾ മാത്രമുള്ളതോ കൂടുതലുള്ളതോ ആയ സ്കൂളുകളെയാണ് ഇപ്പോൾ പരിഗണിക്കുന്നത്.
ബജറ്റിൽ രണ്ടുകോടി രൂപ ഇതിനു വകയിരുത്തിയിട്ടുണ്ട്. എച്ച്എൽഎൽ ലൈഫ്കെയർ ആണ് യന്ത്രം നൽകുന്നത്.
പരിസ്ഥിതിസൗഹൃദ സംസ്കരണം
പരിസ്ഥിതിക്കു ദോഷംവരാത്ത തരത്തിൽ നാപ്കിൻ ഇൻസിനറേറ്റർ ഉപയോഗിച്ച് സംസ്കരിക്കാനാകും. സ്വിച്ച്‌ഓൺ ചെയ്ത് നാപ്കിൻ ഇൻസിനറേറ്ററിൽ ഇട്ടാൽ മതി. അതു ചാരമാകും. വർഷത്തിലൊരിക്കൽ യന്ത്രം പരിശോധിച്ച് അറ്റകുറ്റപ്പണി നടത്താനും പദ്ധതിയുണ്ട്.
Content Highlights: Kerala`s 319 schools get incinerators to scientifically dispose of sanitary napkins, preventing water pollution