സംസ്ഥാന സ്കൂൾ കലോത്സവം; വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ വിജിലൻസ് അറിയും

പത്തനംതിട്ട: തൃശ്ശൂരിൽ 14-ന് തുടങ്ങുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ വിജിലൻസിന്റെ പിടിവീഴുമെന്ന് ഉറപ്പായി. അതിനുള്ള ഒരുക്കങ്ങളിലാണ് തൃശ്ശൂർ വിജിലൻസ്. എല്ലാ മത്സരങ്ങളുടേയും വിധികർത്താക്കളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇങ്ങനെ ആരെങ്കിലും വിധികർത്താക്കളെയൊ സംഘാടകരെയൊ ബന്ധപ്പെടുന്നുണ്ടെങ്കിൽ അത് അറിയാനുള്ള സംവിധാനവും വിജിലൻസ് തയ്യാറാക്കി. കലോത്സവത്തിൽ വർഷങ്ങളായി ഇടപെടുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.
ഉപജില്ല, ജില്ലാതല മത്സരങ്ങളിൽ പരാതിക്കിടയാക്കിയ വിധികർത്താക്കൾ, അവരുമായി ബന്ധപ്പെട്ട ആരോപണവിധേയരായവർ തുടങ്ങിയവർ നിരീക്ഷണത്തിലായിരിക്കും. വിജിലൻസിന്റെ സാന്നിധ്യം ശക്തമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചിരുന്നു.
വിശദമായ കർമപദ്ധതിക്ക് വിജിലൻസ് ഡയറക്ടറേറ്റ് രൂപം നൽകുന്നുണ്ട്. കോഴ വാങ്ങലോ മറ്റ് ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിനെ അറിയിക്കാനുള്ള സംവിധാനവും സജ്ജമാക്കും. 25 വേദികളിലും വിജിലൻസിന്റെ ടോൾഫ്രീ നമ്പരായ 1064 രേഖപ്പെടുത്തിയ ബ്രോഷറുകൾ വിതരണം ചെയ്യും. കലോത്സവത്തിനായി 10,000 ബ്രോഷറുകൾ തയ്യാറാക്കി.
പ്രത്യേക നിരീക്ഷണസംഘത്തിന്റെ സാന്നിധ്യം എല്ലാ വേദികളിലും ഉണ്ടാകും. അപ്പീലിന്റെ പേരിലുള്ള തട്ടിപ്പും വിജിലൻസിൻസ് തടയും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും രംഗത്തുണ്ടാകും. ചില ജില്ലാ കലോത്സവങ്ങളിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പോക്‌സോ കേസിൽ പ്രതിയായ ഒരാളെ ഒരു ജില്ലയിൽ വിധികർത്താവാക്കി. മാർഗംകളിയുമായി ബന്ധമില്ലാത്ത വിധികർത്താവാക്കിയത് മറ്റൊരു ജില്ലയിൽ പ്രശ്‌നമായി.
വിധികർത്താക്കളെ നിശ്ചയിക്കുന്ന ഒരുസംഘം സംസ്ഥാനത്ത് സജീവമാണെന്ന വിവരം വിജിലൻസിന് കിട്ടിയിട്ടുണ്ട്. രണ്ടുവർഷംമുമ്പ് ഇത്തരമൊരു സംഘത്തിലെ ചിലർ തമ്മിലുള്ള ഫോൺസംഭാഷണം ചോർന്നത് വാർത്തയായിരുന്നു. 2018- ൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ, ബാലാവകാശ കമ്മിഷന്റെ പേരിലുള്ള വ്യാജ അപ്പീലുകൾ പിടികൂടിയിരുന്നു. ക്രൈബ്രാഞ്ച് അന്വേഷിച്ച ഈ കേസിൽ 14 കേസുകളാണ് അന്ന് രജിസ്റ്റർചെയ്തത്. ഏഴു പ്രതികളെ അറസ്റ്റുചെയ്തു. ഈ കേസുകളുടെ വിചാരണ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്നുണ്ട്.
Content Highlights: Vigilance to nab those influencing judges at the Kerala State School Kalolsavam in Thrissur. Strict checks on malpractice and corruption.