കീം 2025: മെഡിക്കൽ/മെഡിക്കൽ അലൈഡ് വിഭാഗം; 11 കോഴ്സുകൾക്ക് ഓപ്ഷൻ നൽകാം

കേരളത്തിലെ 2025-ലെ ബിരുദതല പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി, മെഡിക്കൽ വിഭാഗത്തിലെ നാലും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴും കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ www.cee.kerala.gov.in വഴി സെപ്‌റ്റംബർ 10-ന് വൈകീട്ട് നാലുവരെ നടത്താം.
കോഴ്‌സുകൾ
മെഡിക്കൽ: • ബിഎഎംഎസ് - കേരള ആയുർവേദ റാങ്ക്പട്ടിക പ്രകാരം •ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ് - മൂന്നും കേരള മെഡിക്കൽ റാങ്ക്പട്ടിക പ്രകാരം.
ഈ കോഴ്‌സുകളിൽ പ്രവേശനം തേടുന്നവർ കേരള മെഡിക്കൽ റാങ്ക്പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. കൂടാതെ നീറ്റ് യുജി 2025 ഇൻഫർമേഷൻ ബുള്ളറ്റിൻപ്രകാരമുള്ള നീറ്റ് സ്കോർ യോഗ്യത വേണം (കാറ്റഗറി അനുസരിച്ച്, നീറ്റ് യുജിയിൽ 50-ാം/40-ാം/45-ാം പെർസന്റൈൽ സ്കോർ വേണം) (കീം 2025 പ്രോസ്പെക്ടസ് ക്ലോസ് 9.7.5 (ii), പേജ് 74).
മെഡിക്കൽ അനുബന്ധം: • ബിഎസ്‌സി അഗ്രിക്കൾച്ചർ •ബിഎസ്‌സി ഫോറസ്ട്രി •ബിഎസ്‌സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ബിഎസ്‌സി അഗ്രിബിസിനസ് മാനേജ്മെന്റ് •ബിഎസ്‌സി ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് (നാലും ഓണേഴ്‌സ് പ്രോഗ്രാമുകളാണ്) •ബിടെക് ബയോടെക്‌നോളജി (കാർഷിക സർവകലാശാലയിലേത്) •ബിവിഎസ്‌സി ആൻഡ് എഎച്ച് •ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്.
ഈ ഏഴ് കോഴ്‌സുകളിൽ പ്രവേശനം തേടുന്നവർ കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. കീം 2025 പ്രോസ്പെക്ടസ് ക്ലോസ് 9.7.5 (iii) പ്രകാരമുള്ള മാർക്ക് 2025 നീറ്റ് യുജിയിൽ നേടിയിരിക്കണം. (720-ൽ 20 മാർക്ക്). പട്ടിക വിഭാഗക്കാർക്ക് നീറ്റ് യുജി 2025-ൽ മിനിമം മാർക്ക് ലഭിക്കണമെന്ന വ്യവസ്ഥ ഇല്ല.
ട്യൂഷൻ ഫീ
2025-’26 പ്രവേശനത്തിലെ ഫീസ് ഘടന ഇപ്രകാരമാണ് (ബ്രാക്കറ്റിൽ സ്ഥാപനങ്ങളുടെ എണ്ണം):
സർക്കാർവിഭാഗം ട്യൂഷൻ ഫീ -ആയുർവേദം (മൂന്ന് സർക്കാർ, രണ്ട് എയ്ഡഡ്) -13,230 രൂപ, ഹോമിയോപ്പതി (രണ്ട് സർക്കാർ, മൂന്ന് എയ്ഡഡ്) - 1260 രൂപ, അഗ്രിക്കൾച്ചർ (നാല്), ഫോറസ്ട്രി (ഒന്ന്), കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/അഗ്രി ബിസിനസ് മാനേജ്മെന്റ് (ഒന്ന്), ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് (ഒന്ന്) - 24,050 രൂപ, ബിടെക് ബയോടെക്‌നോളജി (ഒന്ന്) - 33,080 രൂപ, വെറ്ററിനറി (രണ്ട്) - 24,013 രൂപ, ഫിഷറീസ് സയൻസ് (രണ്ട്) -19,700 രൂപ.
സ്വാശ്രയവിഭാഗം ട്യൂഷൻ ഫീ: ആയുർവേദം (12), യുനാനി (ഒന്ന്): 85 ശതമാനം സീറ്റിൽ 2,09,386 രൂപ, 15 ശതമാനം സീറ്റിൽ- 3,15,000 രൂപ, സിദ്ധ (ഒന്ന്)- 1,98,450 രൂപ, 3,15,000 രൂപ.
ഓരോ കോഴ്‌സിലും/വിഭാഗത്തിലും ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ പൂർണപട്ടിക www.cee.kerala.gov.in -ൽ ഉള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ
ഓപ്ഷൻ രജിസ്‌ട്രേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ രജിസ്‌ട്രേഷൻ ഫീ ആയി 5000 രൂപ അടയ്ക്കണം. അലോട്‌മെന്റ് കിട്ടി പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻ ഫീയിൽ വകവെക്കും.
പട്ടിക/ഒഇസി/വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാർ എന്നിവർ 500 രൂപ രജിസ്‌ട്രേഷൻ ഫീ ആയി അടയ്ക്കേണ്ടതാണ്. ഇവരുടെ കാര്യത്തിൽ പ്രവേശനംനേടുന്നപക്ഷം ഈ തുക അവരുടെ കോഷൻ ഡിപ്പോസിറ്റിൽ വകകൊള്ളിക്കും.
എംബിബിഎസ്/ബിഡിഎസ് ഓപ്ഷൻ രജിസ്‌ട്രേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ അടച്ചവർ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ വീണ്ടും അടയ്ക്കേണ്ടതില്ല.
അലോട്‌മെന്റ് ലഭിക്കാത്തവർക്ക് രജിസ്‌ട്രേഷൻ ഫീ തിരികെ ലഭിക്കും. റീഫണ്ട് ലഭിക്കുന്നതിലേക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹോം പേജിൽ നൽകണം.
അലോട്മെന്റ് ലഭിച്ച് സമയപരിധിക്കകം പ്രവേശനം നേടാത്തവർ, പ്രവേശനം നേടിയശേഷം സീറ്റ് വേണ്ടന്നുവെക്കുന്നവർ എന്നിവരുടെ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ പിഴയായി പരിഗണിക്കും. അവർക്ക് തുക തിരികെലഭിക്കുന്നതല്ല.
ഓപ്ഷൻ
രജിസ്‌ട്രേഷൻ ഫീ അടച്ചശേഷമേ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താൻ കഴിയൂ. ഒരു കോഴ്‌സും കോളേജും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഉൾപ്പെട്ടിരിക്കുന്ന റാങ്ക് പട്ടിക/പട്ടികകൾ എന്നിവയ്ക്കനുസരിച്ച് ഒരു അപേക്ഷാർഥിക്ക് നൽകാവുന്ന എല്ലാ ഓപ്ഷനുകളും ഹോം പേജിലെ ഓപ്ഷൻ രജിസ്‌ട്രേഷൻ ലിങ്കിൽ കാണാൻകഴിയും. ബാധകമായ ഫീസും ഓരോ ഓപ്ഷനോടൊപ്പം കാണാം.
മുൻഗണന നിശ്ചയിച്ച് താത്‌പര്യമുള്ള അത്രയും ഓപ്ഷനുകൾ തിരഞ്ഞെടുത്ത് രജിസ്റ്റർചെയ്യാം. അലോട്ട് ചെയ്യപ്പെട്ടാൽ, പോകുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾ മാത്രമേ രജിസ്റ്റർചെയ്യാവൂ. കാരണം, രജിസ്റ്റർചെയ്ത ഒരു ഓപ്ഷൻ അനുവദിച്ചാൽ അതു സ്വീകരിക്കണം. സ്വീകരിച്ചില്ലെങ്കിൽ അലോട്‌മെന്റ് നഷ്ടപ്പെടും. അവശേഷിക്കുന്ന ബാധകമായ ഓപ്ഷനുകൾ നഷ്ടപ്പെടും. ഈ പ്രക്രിയയിൽനിന്നു പുറത്താകുകയും ചെയ്യും.
ഈ ഘട്ടത്തിൽ നൽകുന്ന ഓപ്ഷനുകളായിരിക്കും പൊതുവേ (മറിച്ചൊരു അറിയിപ്പ് വന്നില്ലെങ്കിൽ) തുടർറൗണ്ടുകളിലും പരിഗണിക്കുക. ഈ ഘട്ടത്തിൽ ലഭ്യമായ ഓപ്ഷനുകളിൽ ഇപ്പോൾ രജിസ്റ്റർചെയ്യാത്തവ തുടർറൗണ്ടുകളിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതിനാൽ താത്‌പര്യമുള്ള ഓപ്ഷനുകൾ എല്ലാം ഇപ്പോൾ രജിസ്റ്റർചെയ്യാൻ ശ്രദ്ധിക്കണം.
പല കാരണങ്ങളാൽ, വിവിധ റാങ്ക് പട്ടികകളിൽ ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓപ്ഷൻ നൽകാം. അവർ 10-ന് ഉച്ചയ്ക്ക് 12-നകം നിശ്ചിത രേഖകൾനൽകി അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുകയും തുടർന്ന് തടഞ്ഞുവെക്കപ്പെട്ടിരിക്കുന്ന അവരുടെ റാങ്ക് റിലീസ് ചെയ്യപ്പെടുകയും ചെയ്താൽമാത്രമേ ഓപ്ഷനുകൾ അലോട്‌മെന്റിനായി പരിഗണിക്കൂ.
സമയക്രമം
സെപ്‌റ്റംബർ 10-ന് വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യപ്പെടുന്ന ഓപ്ഷനുകൾ പരിഗണിച്ചുള്ള ആദ്യഘട്ട പ്രൊവിഷണൽ അലോട്‌മെന്റ് 11-നും ആദ്യഘട്ട ഫൈനൽ അലോട്‌മെന്റ് 12-നും പ്രഖ്യാപിക്കും.
സർക്കാർ/സ്വാശ്രയ വിഭാഗങ്ങളിൽ അലോട്‌മെന്റ് ലഭിക്കുന്നവർ അലോട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീ, അലോട്‌മെന്റ് ലഭിച്ച കോളേജിൽ അടച്ച് 13-നും 17-ന് വൈകീട്ട് നാലിനും ഇടയ്ക്ക് കോളേജിൽ പ്രവേശനം നേടണം.
പട്ടിക/ഒഇസി/വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാർ എന്നിവരെ, പ്രവേശനസമയത്ത് ട്യൂഷൻ ഫീ കോളേജിൽ അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇവർക്ക് മാനേജ്‌മെന്റ് സീറ്റിലാണ് പ്രവേശനം എങ്കിൽ അലോട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീ കോളേജിൽ അടയ്ക്കണം. ഈ സീറ്റിൽ അവർക്ക് ഫീ ഇളവിന് അർഹത ഉണ്ടാകില്ല.
അഖിലേന്ത്യാക്വാട്ട അലോട്‌മെന്റ്
സ്വാശ്രയ വിഭാഗത്തിലെ ആയുർവേദ, സിദ്ധ, യുനാനി കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്‌മെന്റും പ്രവേശനപരീക്ഷാ കമ്മിഷണർ ഇതോടൊപ്പം നടത്തും. മെഡിക്കൽ റാങ്ക്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഈ ഘട്ടത്തിലേക്കു നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ചും ഡൊമിസൈൽ പരിഗണിക്കാതെയുമായിരിക്കും അലോട്‌മെന്റ്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ഉണ്ട്.
2024-ലെ സ്റ്റേറ്റ് മെറിറ്റ് അവസാന റാങ്കുകൾ
2024-25 വർഷത്തെ ഈ പ്രോഗ്രാമുകളിലെ അലോട്ട്‌മെന്റുകളിലെ സ്റ്റേറ്റ് മെറിറ്റിലെ സംസ്ഥാനതല അവസാന അലോട്‌മെന്റ് റാങ്കുകൾ (കേരള മെഡിക്കൽ റാങ്ക്) ഇപ്രകാരമായിരുന്നു (അലോട്‌മെന്റ് 1, 2, 3 എന്ന ക്രമത്തിൽ)
ഗവൺമെന്റ് വിഭാഗം: •ബിഎഎംഎസ് -12,023 (1), 12,726 (2), 13,155 (3) • ബിഎച്ച്എംഎസ് -15,269, 16,539, 17,298 • ബിവിഎസ്‌സി ആൻഡ് എഎച്ച് -4876, 5313 (മൂന്നാം റൗണ്ടിൽ ഉൾപ്പെട്ടിരുന്നില്ല) • ബിഎസ്‌സി അഗ്രിക്കൾച്ചർ: 8749, 9529, 10,016 • ബിടെക് ബയോടെക്നോളജി (കെഎയു) -11,457, 12,761, 13,624 • ബിഎസ്‌സി ഫോറസ്ട്രി -12,160, 13,813, 15,512 • ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ് -14,299, 16,268, 18,162 • ബിഎസ്‌സി ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് -14,326, 16,648, 18,586 • ബിഎസ്‌സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് -16,823, 18,568, 22,091.
സ്വാശ്രയം: ബിഎഎംഎസ് -35,333, 37,999, 37,968 • ബിയുഎംഎസ് -37,915, 37,966, 37,966 • ബിഎസ്എംഎസ് -37,920, 37,678 ഇല്ല
(ബിഎഎംഎസിന് ആയുർവേദ റാങ്ക്)
2024-ലെ മൂന്ന് അലോട്‌മെന്റുകളുടെയും ലാസ്റ്റ് റാങ്ക് പട്ടിക (കോളേജ്, കാറ്റഗറി തിരിച്ച്) www.cee.kerala.gov.in -ൽ ലഭിക്കും (കീം 2024 കാൻഡിഡേറ്റ് പോർട്ടൽ). 2025 പ്രവേശനത്തിൽ ഈ രീതി തുടരണമെന്നില്ല.
Content Highlights: Option registration for Kerala professional degree courses 2025 is open until Sept 10