കേരള പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം: സ്ട്രീമുകൾ, കോഴ്‌സുകൾ, യോഗ്യത അറിയാം

കേരളത്തിലെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലെ 2026-’27- ലെ പ്രവേശനത്തിനായി കേരള പ്രവേശനപരീക്ഷാ കമ്മിഷണർ (സിഇഇ) അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ വിഭാഗങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചത്. താത്പര്യമുള്ള വിദ്യാർഥികൾക്ക് cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാം.
പ്രവേശനപ്രോഗ്രാമുകൾ
- മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധം: എംബിബിഎസ്; ബിഡിഎസ്; ബിഎഎംഎസ് (ആയുർവേദ); ബിഎച്ച്എംഎസ്; (ഹോമിയോ); ബിഎസ്എംഎസ് (സിദ്ധ); ബിയുഎംഎസ് (യുനാനി) (എല്ലാം മെഡിക്കൽ); ബിഎസ്‌സി (ഓണേഴ്സ്) അഗ്രികൾച്ചർ; ബിഎസ്‌സി (ഓണേഴ്സ്) ഫോറസ്ട്രി; ബിഎസ്‌സി (ഓണേഴ്‌സ്) കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രി ബിസിനസ് മാനേജ്മെന്റ്; ബിഎസ്‌സി (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമന്റൽ സയൻസ്; ബിടെക് ബയോടെക്‌നോളജി (കേരള കാർഷിക സർവകലാശാലയിൽ), ബിവിഎസ്‌സി ആൻഡ് എഎച്ച് (വെറ്ററിനറി); ബിഎഫ്എസ്‌സി (ഫിഷറീസ്) (എല്ലാം മെഡിക്കൽ അനുബന്ധം). ഇതിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (ഓണേഴ്‌സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് പ്രവേശനം ലഭിക്കുന്നവർക്ക് ആവശ്യമായ ഓപ്ഷണൽ കോഴ്‌സുകൾ വിജയകരമായി പൂർത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ബിഎസ്‌സി (ഓണേഴ്‌സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് ബിരുദം അല്ലെങ്കിൽ ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രി ബിസിനസ് മാനേജ്മെന്റ് ബിരുദം നൽകും.
- എൻജിനിയറിങ്: ബിടെക് (കേരള കാർഷിക, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലകളിലെ, ബിടെക് പ്രോഗ്രാമുകൾ ഉൾപ്പെടെ)
- ബിഫാം (ഫാർമസി)
- ബിആർക്ക് (ആർക്കിടെക്ചർ)
പ്രവേശനപരീക്ഷ
• എൻജിനിയറിങ്, ഫാർമസി പ്രവേശനത്തിന്റെ ഭാഗമായി പ്രവേശനപരീക്ഷകൾ കേരളത്തിൽ നടത്തും.
• മെഡിക്കൽ, മെഡിക്കൽ അലൈഡ്, ആർക്കിടെക്ചർ കോഴ്‌സുകൾക്ക് പ്രവേശന/അഭിരുചി പരീക്ഷകൾ കേരളത്തിൽ നടത്തുന്നില്ലെങ്കിലും ഈ കോഴ്‌സുകളിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന അലോട്‌മെന്റിൽ/പ്രവേശനത്തിൽ താത്‌പര്യമുള്ളവർ, എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷകളുടെ അപേക്ഷ വിളിച്ചിരിക്കുന്ന ഇപ്പോൾത്തന്നെ അതേ വിജ്ഞാപനപ്രകാരം അപേക്ഷിക്കണം.
അതോടൊപ്പം നീറ്റ് യുജി 2026, നാറ്റ 2026 എന്നിവയിൽ ബാധകമായതിന് നേരിട്ട് അപേക്ഷിച്ച് യോഗ്യത നേടുകയും വേണം.
പ്രവേശന അർഹത
പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് പൗരത്വം, നേറ്റിവിറ്റി, വിദ്യാഭ്യാസം, പ്രായം എന്നിവ സംബന്ധിച്ച യോഗ്യതാവ്യവസ്ഥകൾ, അപേക്ഷാർഥി തൃപ്തിപ്പെടുത്തണം. അപേക്ഷകർ ഇന്ത്യക്കാരനായിരിക്കണം.
പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡ് ഉള്ളവർ ഉൾപ്പെടെയുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉള്ളവരെ പ്രവേശനക്കാര്യത്തിൽ ഇന്ത്യക്കാരായി കണക്കാക്കും. എന്നാൽ, അവർക്ക് ഏതെങ്കിലും സംവരണ അർഹത ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷകരെ, നേറ്റിവിറ്റി യോഗ്യതയുടെ അടിസ്ഥാനത്തിൽ കേരളീയർ, കേരളീയേതരൻ I, കേരളീയേതരർ II എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പരിഗണിക്കും.
വിദ്യാഭ്യാസയോഗ്യത
1. മെഡിക്കൽ കോഴ്‌സുകളിലെ (ആറെണ്ണം) പ്രവേശനത്തിന് പൊതുവേ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കൂടാതെ കോഴ്‌സിനനുസരിച്ച് ചില അധിക വ്യവസ്ഥകളുണ്ടാകാം.
• എംബിബിഎസ്/ബിഡിഎസ്: (i) ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം (ii) ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നിവ ഓരോന്നും ജയിച്ചിരിക്കണം (iii) ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ മൂന്നുവിഷയത്തിനുംകൂടി മൊത്തം 50 ശതമാനം മാർക്ക് നേടിയിരിക്കണം
• ബയോളജി/ബയോടെക്‌നോളജി അഡീഷണൽ വിഷയമായി പഠിച്ച് പ്ലസ്ടു തത്തുല്യപരീക്ഷ ജയിച്ചവരെ ബിഎച്ച്എംഎസ് പ്രവേശനത്തിന് പരിഗണിക്കില്ല.
• ബിഎസ്എംഎസ്: 10/12 ക്ലാസിൽ തമിഴ് ഒരു വിഷയമായി പഠിച്ച് ജയിച്ചിരിക്കണം. ഇല്ലെങ്കിൽ ബിഎസ്എംഎസ് പ്രവേശനംനേടിയശേഷം ആദ്യവർഷം തമിഴ് ലാംഗ്വേജ് കോഴ്‌സ് പഠിക്കണം.
• ബിയുഎംഎസ്: 10-ൽ/12-ൽ, ഉറുദു/അറബിക്/പേർഷ്യൻ വിഷയമായി പഠിച്ച് ജയിച്ചിരിക്കണം. അല്ലെങ്കിൽ അറബിക്, മാൻടിക് വാ ഫൽസഫ (ലോജിക് ആൻഡ് ഫിലോസഫി) എന്നിവയ്ക്കൊപ്പം ഉറുദു ഒരു വിഷയമായി ഫസ്റ്റ് പ്രൊഫഷണൽ ബിയുഎംഎസ് സെഷനിൽ പഠിക്കണം.
2. മെഡിക്കൽ അലൈഡ് കോഴ്‌സുകളിലെ (ഏഴെണ്ണം) വിദ്യാഭ്യാസയോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് അവ ഓരോന്നും ജയിച്ച്, അവയ്ക്ക് മൊത്തം 50 ശതമാനം മാർക്കുനേടി, ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് പൊതുവായ വ്യവസ്ഥ. കൂടാതെ കോഴ്‌സിനനുസരിച്ച് ചില അധിക വ്യവസ്ഥകളുണ്ടാകാം.
• ബിവിഎസ്‌സി ആൻഡ് എഎച്ച്: ഇംഗ്ലീഷ് വിഷയം ജയിച്ച്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ നാലുവിഷയങ്ങൾക്കുംകൂടി 50 ശതമാനം മാർക്ക് വേണം.
• ബിഎസ്‌സി (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്: ഹയർ സെക്കൻഡറി തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
3. എൻജിനിയറിങ്: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ രണ്ടും നിർബന്ധമായും പഠിച്ച്, കെമിസ്ട്രി ഒരു ഓപ്ഷണൽ വിഷയമായും പഠിച്ച്, മൂന്നിനുംകൂടി മൊത്തം 45 ശതമാനം മാർക്കുവാങ്ങി ഹയർ സെക്കൻഡറി/തത്തുല്യ കോഴ്സ് ജയിച്ചിരിക്കണം.
പ്ലസ്ടുതലത്തിൽ കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കിൽ കംപ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചിട്ടില്ലെങ്കിൽ ബയോടെക്‌നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാംവിഷയമായി പരിഗണിക്കും.
4. ആർക്കിടെക്ചർ: ബിആർക്ക് പ്രവേശനത്തിന് 10+2/തത്തുല്യ പരീക്ഷ, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ നിർബന്ധമായും കെമിസ്ട്രി, ബയോളജി, ടെക്‌നിക്കൽ വൊക്കേഷണൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, എൻജിനിയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് എന്നിവയിലൊന്നും പഠിച്ച്, മൊത്തത്തിൽ 45 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. മാത്തമാറ്റിക്സ് നിർബന്ധവിഷയമായി പഠിച്ച്, 10+3 ഡിപ്ലോമ പരീക്ഷ, മൊത്തത്തിൽ 45 ശതമാനം മാർക്കുവാങ്ങി ജയിച്ചവർക്കും അപേക്ഷിക്കാം.
5. ബിഫാം: ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ച്, ഓരോന്നും ജയിച്ച്, ഹയർ സെക്കൻഡറി/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം.
മാർക്ക് ഇളവുകൾ
• എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിന്, പട്ടിക/എസ്ഇബിസി വിഭാഗക്കാർക്കും പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന ഭിന്നശേഷി വിഭാഗ ലിസ്റ്റിൽ (പി.ഡി. കാറ്റഗറി) ഉള്ളവർക്കും, പ്ലസ്ടുവിന്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങൾക്ക് മൊത്തം 40 ശതമാനം മാർക്കുമതി.
• ബിവിഎസ്‌സി ആൻഡ് എഎച്ച് പ്രവേശനത്തിന് പട്ടിക/എസ്ഇബിസി/പി.ഡി. പട്ടികയിലുള്ളവർ എന്നിവർക്ക് ബാധകമായ നാലുവിഷയത്തിന് മൊത്തം 47.5 ശതമാനം മാർക്കുമതി.
• മറ്റ് ആറ് മെഡിക്കൽ അലൈഡ് കോഴ്‌സുകൾക്ക് എസ്ഇബിസി/ഭിന്നശേഷി (പി.ഡി.) വിഭാഗക്കാർക്ക് യോഗ്യതാമാർക്കിൽ അഞ്ചുശതമാനം ഇളവുണ്ട്. പട്ടികവിഭാഗക്കാർക്ക് യോഗ്യതാപരീക്ഷയിൽ മിനിമം പാസ് മാർക്ക് മതി.
• എൻജിനിയറിങ്: പട്ടിക/എസ്ഇബിസി/ഭിന്നശേഷി (പി.ഡി.) വിഭാഗക്കാർക്ക് ബാധകമായ മൂന്നുവിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്കുമതി.
• എസ്ഇബിസി വിഭാഗക്കാർക്ക് യോഗ്യതാപരീക്ഷാമാർക്കിൽ അനുവദിച്ച ഇളവേ (പട്ടിക വിഭാഗത്തിലെ ഒഴിവുകളിൽ പ്രവേശനം നേടിയാലും) ഒഇസി ഭാഗക്കാർക്ക് ലഭിക്കൂ.
• പ്ലസ്ടുതല യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അതിന്റെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ
അഭിമുഖീകരിക്കുന്നതിനുമുൻപ് യോഗ്യതാപരീക്ഷ അഭിമുഖീകരിച്ചിരിക്കണം. അവർ പ്രവേശനവേളയിൽ യോഗ്യത തെളിയിക്കണം.
• യോഗ്യത നിർണയിക്കുമ്പോൾ, മാർക്കുകൾ പൂർണസംഖ്യയിലേക്ക് ക്രമപ്പെടുത്താൻ പാടില്ല. 300-ൽ 150 മാർക്ക് അല്ലെങ്കിൽ 100-ൽ 50 മാർക്ക് ലഭിച്ചാലേ 50 ശതമാനമായി കണക്കാക്കൂ. മാർക്ക് 45 ശതമാനമായി കണക്കാക്കാൻ 300-ൽ 135 മാർക്ക് അല്ലെങ്കിൽ 100-ൽ 45 മാർക്ക് ലഭിച്ചിരിക്കണം.
• പ്ലസ്ടു കോഴ്‌സിൽ രണ്ടുവർഷവും ബോർഡ് പരീക്ഷയുള്ള ബോർഡുകളിലെ കുട്ടികളുടെ യോഗ്യതാപരീക്ഷാമാർക്ക് പരിഗണിക്കുമ്പോൾ മാർക്ക് ലിസ്റ്റിലുള്ള ഓരോ വിഷയത്തിന്റെയും രണ്ടുവർഷത്തെയും കൂടിയുള്ള മൊത്തം മാർക്ക് കണക്കാക്കും. ക്ലാസ് 12-ൽമാത്രമാണ് ബോർഡ് പരീക്ഷയെങ്കിൽ മാർക്ക് ലിസ്റ്റിൽ ഓരോവിഷയത്തിനും രേഖപ്പെടുത്തിയ മാർക്ക് പരിഗണിക്കും.
• കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്ക്കുതത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്.
പ്രായം
അപേക്ഷാർഥി ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കി യിരിക്കണം. എൻജിനിയറിങ്, ആർക്കിടെക്‌ചർ, ബിഎഎംഎസ്; ബിഎച്ച്എംഎസ്; ബിഎസ്എംഎസ്; ബിയുഎംഎസ് കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധിയല്ല. എംബിബിഎസ്/ബിഡിഎസ് കോഴ്സ് പ്രവേശനത്തിന്, ഉയർന്ന പ്രായപരിധി, നീറ്റ് യുജി 2026 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും. മറ്റ് മെഡിക്കൽ അലൈഡ് കോഴ്സുകളുടെ കാര്യത്തിൽ അതത് കേന്ദ്ര കൗൺസിലുകൾ നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധി ബാധകമായിരിക്കും.
Content Highlights: Kerala CEE invites applications for professional courses 2026-27. Explore streams like Medical, Engineering, Pharmacy, Architecture. Check eligibility & exam details.