കേരളത്തിലെ സ്കൂളുകൾ കേന്ദ്രനിയന്ത്രണത്തിലാവും: പി.എം.-ശ്രീയുടെ വെല്ലുവിളികൾ

തിരുവനന്തപുരം: ഏതു മുന്നണിയുടേതായാലും സർക്കാരുകൾ തുടർച്ചയാണെന്നു വാദിച്ചാണ് പി.എം.-ശ്രീ സ്‌കൂൾ പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള വി.ഡി. സതീശൻ സർക്കാരിന്റെ തീരുമാനം. എൽ.ഡി.എഫ്. സർക്കാരാണല്ലോ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും പദ്ധതി നിർവഹണത്തിനുള്ള മറ്റൊരു ന്യായീകരണം.
സമഗ്ര ശിക്ഷാ കേരളത്തിനുള്ള (എസ്.എസ്.കെ.) ഫണ്ട് തടഞ്ഞുവെച്ചതാണ് പി.എം.-ശ്രീയിൽ ഒപ്പിടാൻ എൽ.ഡി.എഫ്. സർക്കാരിനെ നിർബന്ധിച്ച ഘടകം. തമിഴ്‌നാടിനെപ്പോലെ നിയമയുദ്ധത്തിനുള്ള വഴി തേടാതെ, കേന്ദ്രം പറഞ്ഞതനുസരിച്ച് ഒപ്പിട്ടു. അങ്ങനെയല്ലാതെ എസ്.എസ്.കെ. ഫണ്ട് വാങ്ങിയെടുക്കാനുള്ള നിയമപോരാട്ടത്തിനുള്ള സാധ്യത തേടാൻ യു.ഡി.എഫും തയ്യാറല്ലെന്നാണ് അർഥം.
2023-27 വർഷത്തേക്കു വിഭാവനം ചെയ്തതാണ് പദ്ധതി. ഒരു എലമെന്ററി സ്കൂൾ, ഒരു സെക്കൻഡറി സ്കൂൾ എന്നിങ്ങനെ ഓരോ ബ്ലോക്കിലും രണ്ടു സ്കൂളുകളെ വീതമാണ് തിരഞ്ഞെടുക്കുക. കേന്ദ്രസർക്കാരിന്റെ യുഡൈസ് പ്ലസ് പോർട്ടലിൽ രേഖപ്പെടുത്തിയ മികവും മാനദണ്ഡവുമാണ് ഇതിന് അടിസ്ഥാനം.
'പി.എം.-ശ്രീ സ്കൂൾ' എന്നു പേരിടണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. എൻ.ഇ.പി. ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി പി.എം.-ശ്രീ സ്കൂളിൽ വേണം. അതിനാൽ, എൻ.സി.ഇ.ആർ.ടി. സിലബസ് പിന്തുടരാൻ കേന്ദ്രം നിർബന്ധിച്ചാൽ എന്തുചെയ്യുമെന്നാണ് ചോദ്യം. സ്വന്തം പാഠ്യപദ്ധതി തുടരണമെന്നതുപോലുള്ള ഉപാധികൾക്കു വിധേയമായി നടപ്പാക്കാൻ കേന്ദ്രം സമ്മതിക്കുമെന്ന് ഉറപ്പില്ല.
ഇനി ഒരു വർഷം മാത്രം ബാക്കിയുള്ളതിനാൽ, കേരളത്തിൽ കൂടുതൽ സ്കൂളുകളെ തിരഞ്ഞെടുക്കാനാവില്ല. എസ്.എസ്.കെ. ഫണ്ട് തടഞ്ഞുവെക്കില്ലെന്നു സമാധാനിക്കാം. പക്ഷേ, എൻ.ഇ.പി.യിൽ നയപരമായ വിട്ടുവീഴ്ചയ്ക്കു നിർബന്ധിക്കപ്പെടാം.
പിഎം-ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ 2023-24 അവസാനപാദം മുതൽ കേരളത്തിനുള്ള എസ്.എസ്.കെ. ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതുവരെ 1400 കോടിയിലേറെ രൂപ പിടിച്ചുവെച്ചു.
മറ്റു ഭീഷണികൾ
എൻ.ഇ.പിയിൽ 5+3+3+4 എന്നതാണ് വിദ്യാഭ്യാസഘടന. പ്രീസ്‌കൂൾ മുതൽ രണ്ടു വരെ ആദ്യഘട്ടം, മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ ഉൾപ്പെട്ട രണ്ടാംഘട്ടം, ആറ്, ഏഴ്, എട്ട് ക്ലാസുകളുമായി മൂന്നാംഘട്ടം, ഒമ്പതു മുതൽ 12 വരെ നാലാംഘട്ടം എന്ന ഘടന പി.എം.-ശ്രീ സ്കൂളിൽ വേണം. പ്രൈമറി, യു.പി, സെക്കൻഡറി എന്ന നിലയിലാണ് കേരളത്തിലെ വിദ്യാഭ്യാസഘടന.
ജിയോ-ടാഗിങ് ഉൾപ്പെടെ ഏർപ്പെടുത്തി സ്കൂളുകൾ കേന്ദ്രനിരീക്ഷണത്തിലാവും. അക്കാദമിക നിരീക്ഷണത്തിനായി ഗുജറാത്ത് മോഡലിലുള്ള വിദ്യാസമീക്ഷ കേന്ദ്രം (വി.എസ്.കെ.) സ്ഥാപിക്കണം. പി.എം.-ശ്രീ സ്‌കൂളിൽ പശ്ചാത്തലസൗകര്യം മുതൽ പഠനപ്രക്രിയയിൽ വരെ കോർപ്പറേറ്റുകൾക്കും സന്നദ്ധസംഘടനകൾക്കും ഇടപെടാം. സംസ്ഥാനം 40 ശതമാനം വിഹിതം മുടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെങ്കിലും പി.എം.-ശ്രീ സ്കൂളുകൾ പൂർണമായി കേന്ദ്രനിയന്ത്രണത്തിലാവും.
Content Highlights: Despite ideological opposition, the Kerala government has decided to implement the PM-SHRI school project to secure withheld Samagra Shiksha Kerala (SSK) funds, raising concerns regarding central control over curriculum, school infrastructure, and the potential imposition of National Education Policy (NEP) standards.