അധ്യാപകർക്ക് 'കൈ നനയാതെ' ചോദ്യക്കടലാസുണ്ടാക്കാൻ സംഘം റെഡി, ചോദിക്കുന്ന പണം നൽകണമെന്നു മാത്രം

പത്തനംതിട്ട: പ്ലസ്ടു ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് സ്‌കൂളിൽ അധ്യാപകർ തന്നെ തയ്യാറാക്കണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ അധ്യാപകർക്ക് 'കൈ നനയാതെ' ചോദ്യക്കടലാസുണ്ടാക്കാൻ സംഘങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു. പക്ഷേ, അവർ ചോദിക്കുന്ന പണം കൊടുക്കണം. അതിന് വിദ്യാർഥികളിൽനിന്ന് പിരിക്കേണ്ടിവരും.
ചോദ്യക്കടലാസ് സംബന്ധിച്ച വിശദമായ കുറിപ്പ് പ്രിൻസിപ്പൽമാർക്കും മറ്റ് പ്രധാന അധ്യാപകർക്കും അയച്ചുകൊടുത്താണ് ക്യാൻവാസിങ് തുടങ്ങുന്നത്. അധ്യാപകർ ഇത് പരിചയക്കാരായ അധ്യാപകർക്കെല്ലാം അയച്ചുകൊടുക്കും.
ചോദ്യക്കടലാസ് ഉണ്ടാക്കുന്നതിൽനിന്ന് അധ്യാപക സംഘടനകളെ 2012-ൽ വിലക്കിയ ഉത്തരവ് വിദ്യാഭ്യാസവകുപ്പിൽ നിലവിലുള്ളപ്പോഴാണ് പുറത്തുനിന്നുള്ള ഏജൻസികൾ സ്‌കൂളുകളെ വലവീശുന്നതും അവർ അതിൽ വീഴുന്നതും. എത്ര ചോദ്യക്കടലാസ് വേണമെന്നതിന്റെ എണ്ണം അടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ഗൂഗിൾ ഷീറ്റിന്റെ ലിങ്കും വാട്‌സാപ്പ് മെസേജിനൊപ്പം ചേർത്തിട്ടുണ്ട്. പ്രിൻസിപ്പലിന്റെ പേര്, ഫോൺനമ്പർ, പരീക്ഷാ കൺവീനറുടെ പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ഗൂഗിൾഷീറ്റിലൂടെ ശേഖരിക്കുന്നു. ഓരോ വിഷയത്തിലും എത്ര ചോദ്യക്കടലാസ് വേണമെന്നത് രേഖപ്പെടുത്തണം.
പ്ലസ്ടു വിദ്യാർഥികൾക്ക് പൊതുപരീക്ഷകൾക്ക് നിശ്ചയിച്ച മാർക്കും സമയവും പരിഗണിച്ചാണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നതെന്ന് ഏജൻസികൾ അധ്യാപകരെ അറിയിക്കുന്നുണ്ട്. പ്ലസ്ടു ചോദ്യക്കടലാസ് ഒരുവിദ്യാർഥിക്ക് 20 രൂപയും പ്ലസ് വൺ വിദ്യാർഥിക്ക് 11 രൂപയും വേണമെന്ന് അവകാശപ്പെടുന്ന ഏജൻസികളുമുണ്ട്.
കോഴിക്കോട് ആസ്ഥാനമായ ഒരു ഏജൻസിയുടെ സന്ദേശം കേരളമാകെ പ്രചരിക്കുന്നുണ്ട്.
ഇവർ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ സ്‌കൂളുകളിൽ ചോദ്യക്കടലാസ് എത്തിച്ചുകൊടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. മറ്റ് ജില്ലകളുടെ ആസ്ഥാനത്തും എത്തിക്കും. അവിടെനിന്ന് സ്‌കൂളുകാർ ശേഖരിക്കണം. എസ്‌സിഇആർടി അംഗീകരിച്ച സ്‌കീം ഓഫ് വർക്കിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും ഏജൻസികൾ പറയുന്നുണ്ട്. ഓഗസ്റ്റ് 18 മുതൽ 29 വരെയാണ് പ്ലസ്ടു ഓണപ്പരീക്ഷ.
2023 വരെ സർക്കാരാണ് ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് നൽകിയിരുന്നത്. 2024-ൽ ഓണപ്പരീക്ഷയ്ക്ക് സർക്കാർ ചോദ്യക്കടലാസ് ഇല്ലാതായി. അന്നും സ്വകാര്യ ഏജൻസികൾ രംഗത്തുവന്നെങ്കിലും ഇപ്പോഴത്തെ അത്ര ശക്തമല്ലായിരുന്നു.
Content Highlights: Private agencies are charging fees for Plus Two Onam exam question papers in Kerala