ഹയർ സെക്കൻഡറിയിൽ ഒഴിവുള്ളത് 28000-ത്തിലധികം സീറ്റുകൾ; ഒട്ടേറെ അധ്യാപകർക്ക് ജോലി നഷ്ടമാകും

കൊട്ടാരക്കര: ഹയർ സെക്കൻഡറിയിൽ ആയിരക്കണക്കിനു സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് വൻതോതിൽ ബാച്ചുകളും അധ്യാപക തസ്തികകളും നഷ്ടമാക്കും. ഹൈസ്കൂളിലേതുപോലെ ഹയർ സെക്കൻഡറിയിൽ പ്രൊട്ടക്‌ഷൻ ഇല്ലാത്തത് ഒട്ടേറെ അധ്യാപകരുടെ ജോലി നഷ്ടമാകാനും കാരണമാകും. ശരിയായ പഠനം നടത്താതെ വർഷാവർഷം മാർജിനൽ സീറ്റ് വർധിപ്പിക്കുന്നതും പുതിയ ബാച്ചുകൾ അനുവദിക്കുന്നതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
സപ്ലിെമന്ററി അലോട്മെന്റിനുശേഷവും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌കൂൾ മാറ്റം, കോമ്പിനേഷൻ മാറ്റം വഴിയുള്ള പ്രവേശനത്തിന് 27 വരെ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
സംസ്ഥാനത്തൊട്ടാകെ 28000-ത്തിലധികം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ബാച്ചുകളായി കണക്കാക്കിയാൽ 570 ബാച്ചിനുള്ള സീറ്റുകളുണ്ട്. കൊല്ലം ജില്ലയിൽമാത്രം കൊമേഴ്‌സിന് 1296, ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് 900, ബയോളജി സയൻസിന് 1113, കംപ്യൂട്ടർ സയൻസിന് 393 എന്നിങ്ങനെ വിവിധ കോമ്പിനേഷനുകളിലായി 3,702 സീറ്റുകളാണ് ഒഴിവുള്ളത്. 74 ബാച്ചുകൾക്കു തുല്യമാണ് ഈ സീറ്റുകൾ. അൺ എയ്‌ഡഡ് മേഖലയിലെ സീറ്റുകൾകൂടി പരിഗണിച്ചാൽ എണ്ണം ഇനിയും കൂടും.
പത്തനംതിട്ടയിൽ കൊമേഴ്‌സിന് 1258, ഹ്യുമാനിറ്റീസിന് 895, ബയോളജി സയൻസിന് 1038, കംപ്യൂട്ടർ സയൻസിന് 221 എന്നിങ്ങനെ 3,412 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 68 ബാച്ചിനു തുല്യമാണിത്. സ്‌കൂൾ മാറ്റം, കോമ്പിനേഷൻ മാറ്റം എന്നിവയിലൂടെ സയൻസിലെ ഒഴിവുകളിലേക്ക് കൊമേഴ്‌സിൽനിന്നും കൊമേഴ്‌സിലെ ഒഴിവുകളിലേക്ക് ഹ്യുമാനിറ്റീസിൽനിന്നും കുട്ടികൾ മാറിപ്പോകും.
ഗ്രാമപ്രദേശങ്ങളിൽനിന്ന് നഗരങ്ങളിലെ പ്രധാന സ്‌കൂളുകളിലേക്കും മാറ്റമുണ്ടാകും.
ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും. ഇവിടങ്ങളിൽ അധ്യാപക തസ്തികകളും നഷ്ടപ്പെടും. പ്രാദേശികപഠനം നടത്തിമാത്രമേ മാർജിനിൽ സീറ്റ് വർധിപ്പിക്കാവൂ എന്ന വർഷങ്ങളായുള്ള ആവശ്യം ഇക്കുറിയും പരിഗണിച്ചില്ല. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിലായി 117 സ്‌കൂളുകളിൽ അധിക ബാച്ചിന് വിജ്ഞാപനം പുറപ്പെടുവിച്ചു.
സമീപമുള്ള സ്‌കൂളുകളിലെ കുട്ടികൾ ഇങ്ങോട്ടേക്കു മാറും. ഹൈസ്‌കൂൾതലംവരെയുള്ള അധ്യാപകർക്ക് പ്രൊട്ടക്‌ഷൻ ലഭ്യമാണ്.
ബാച്ചുകൾ നഷ്ടപ്പെടുന്ന സ്‌കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപകർക്കും ഹൈസ്‌കൂൾ അധ്യാപകരെപ്പോലെ പ്രൊട്ടക്‌ഷൻ നൽകണമെന്നും എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
Content Highlights: Over 28,000 Plus One seats remain vacant across Kerala post-supplementary allotment, threatening the loss of around 570 batches and leading to potential job losses for higher secondary teachers due to the lack of post-protection rules.