പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ്: വിവിധ വിഭാഗങ്ങളിലായി 72,220 സീറ്റുകൾ ബാക്കി

ഹരിപ്പാട്: പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ വിവിധ വിഭാഗങ്ങളിൽ ബാക്കിയുള്ളത് 72,220 സീറ്റ്. അപേക്ഷകരിൽ 40 ശതമാനത്തോളം പേർ ട്രയൽ അലോട്‌മെന്റിൽ ഉൾപ്പെട്ടില്ലെങ്കിലും വിവിധ സംവരണവിഭാഗങ്ങളിൽ അർഹരായ അപേക്ഷകരില്ലാത്തതിനാലാണ് ഇത്രയും സീറ്റ് ബാക്കിയാകുന്നത്. അർഹരായ അപേക്ഷകരില്ലാത്ത സാഹചര്യത്തിൽ സംവരണ സീറ്റ് ആദ്യം മറ്റു സംവരണ സമുദായങ്ങൾക്കും ഒടുവിൽ പൊതു മെറിറ്റിലേക്കും മാറ്റും.
ഇത്തവണ 4,43,484 പേരാണ് പ്ലസ്‌വണിന് അപേക്ഷിച്ചത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 3,17,016 സീറ്റാണ് ഏകജാലകം വഴിയുള്ള പ്രവേശനത്തിനുള്ളത്. ഇതിൽ 2,44,796 സീറ്റാണ് ട്രയൽ അലോട്‌മെന്റിൽ ഉൾപ്പെട്ടത്. 15-നു നടക്കുന്ന ആദ്യ അലോട്‌മെന്റിന്റെ സാധ്യതാപട്ടികയാണ് ട്രയൽ. അതിനാൽ ട്രയലിൽ മിച്ചംകാണിക്കുന്ന സീറ്റ് ആദ്യ അലോട്‌മെന്റ് കഴിഞ്ഞ് ബാക്കിയാകും.
പതിവുപോലെ പട്ടികവർഗ (എസ്.ടി.) സംവരണ വിഭാഗത്തിലാണ് കൂടുതൽ സീറ്റ് ബാക്കി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടുശതമാനം സീറ്റാണ് എസ്.ടി. സംവരണം. ഈ വിഭാഗത്തിൽ ആകെയുള്ളത് 30,988 സീറ്റാണ്. ഇതിൽ 3,828 സീറ്റിലാണ് അലോട്‌മെന്റ് വന്നത്. ബാക്കി 27,160 സീറ്റ്. എസ്.സി. സംവരണത്തിൽ 12 ശതമാനം സീറ്റാണുള്ളത്. ആകെ 46,240 സീറ്റ്. അലോട്‌മെന്റ് പട്ടികയിലുൾപ്പെട്ടത് 31,026 സീറ്റ്. ബാക്കി സീറ്റ് 15,124.
സർക്കാർ സ്കൂളുകളിലെ 10 ശതമാനം സീറ്റ് മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി (ഇ.ഡബ്ല്യു.എസ്.) മാറ്റിവെച്ചിട്ടുണ്ട്. ആകെ 19,758 സീറ്റ്. ഇതിൽ 7,995 സീറ്റ് ട്രയൽ അലോട്‌മെന്റിൽ ഉൾപ്പെട്ടു. ബാക്കി 11,763 സീറ്റ്. കഴിഞ്ഞ അധ്യയനവർഷങ്ങളിലും സമാനസാഹചര്യമായിരുന്നു. ഈ വിഭാഗത്തിൽ ബാക്കിയാകുന്ന സീറ്റ് മുഖ്യഘട്ടത്തിലെ അവസാന അലോട്‌മെന്റിൽ പൊതു മെറിറ്റായി പരിഗണിച്ച് പ്രവേശനം നൽകും.
ട്രയൽ അലോട്‌മെന്റിൽ പൊതുവിഭാഗത്തിൽ സംസ്ഥാനത്താകെ ബാക്കിയുള്ളത് 56 സീറ്റാണ്. മറ്റുവിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റ്: ഈഴവ- 335, മുസ്‌ലിം-331, എൽ.സി.-3,923, ക്രിസ്ത്യൻ ഒ.ബി.സി.-1,314, ഹിന്ദു ഒ.ബി.സി.-948, ഭിന്നശേഷി-3,654, അന്ധർ-961, ഭാഷാ ന്യൂനപക്ഷം-69, ധീവര-2,502, വിശ്വകർമ-146, കുശവ-1,698, കുടുംബി-2,146.
Content Highlights: Despite 40% of applicants missing out on the Kerala Plus One trial allotment, 72,220 seats remain vacant across various reservation categories due to a lack of eligible candidates, which will eventually be converted into general merit seats.