പ്ലസ് വണ്‍ പ്രവേശനം; മുഖ്യഘട്ട പ്രവേശനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് 18-ന് ക്ലാസ് തുടങ്ങും

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ മുഖ്യഘട്ട പ്രവേശനങ്ങള്‍ പൂര്‍ത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 18-ന് ക്ലാസ്സുകള്‍ ആരംഭിക്കും. രാവിലെ 9.00 മണിക്കാണ് ക്ലാസ് ആരംഭിക്കുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.00 മണിക്ക് തിരുവനന്തപുരം തൈയ്ക്കാട്, ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.
പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകളില്‍ ജൂണ്‍ 16-ന് വൈകുന്നേരം വരെ പ്രവേശനം നേടിയവരുടെ വിവരങ്ങള്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടു. 2,11,785 പേരാണ് മെറിറ്റ് ക്വാട്ടയില്‍ സ്ഥിര പ്രവേശനം നേടിയവര്‍. 3,428 പേര്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടി. എല്ലാ ക്വാട്ടയിലും ഉള്‍പ്പെടെ ആകെ സ്ഥിരപ്രവേശനം നേടിയവര്‍ 2,40,533 ആണ്.
99,695 പേര്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശന വിവരങ്ങള്‍ രേഖപ്പെടുത്താനുള്ളവരാണ്. 1,829 പേര്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശന വിവരങ്ങള്‍ രേഖപ്പെടുത്താനുള്ളവരാണ്.
മറ്റ് വിവരങ്ങള്‍ താഴെ നല്‍കുന്നു;
- മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയവര്‍: 1,045
- മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശന വിവരങ്ങള്‍ രേഖപ്പെടുത്താനുള്ളവര്‍: 122
- കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍: 13,609
- മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയര്‍: 6,840
- അണ്‍ എയിഡഡ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍: 3,826
- ആകെ പ്രവേശനവിവരങ്ങള്‍ രേഖപ്പെടുത്താനുള്ളവര്‍: 1,02,646
4,24,583 പേരാണ് എസ്.എസ്.എല്‍.സി. ജയിച്ചവര്‍. 4,63,686 പേര്‍ ഉന്നതപഠനത്തിന് അപേക്ഷിച്ചു. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 45,851 ആണ്.
Content Highlights: Kerala Plus One Admissions 2025