പ്ലസ്വൺ: ആദ്യ അലോട്മെന്റിൽ 2.49 ലക്ഷം പേർ, വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം

ഹരിപ്പാട്: പ്ലസ്വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിൽ ഉൾപ്പെട്ടത് 2,49,540 കുട്ടികൾ. ഇവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും വ്യാഴാഴ്ച വൈകീട്ട് അഞ്ചിനുമിടയിൽ സ്കൂളിൽ ചേരാം. സ്പോർട്സ് ക്വാട്ടയിലെയും പട്ടികജാതി-വർഗ വകുപ്പുകളുടെ മേൽനോട്ടത്തിലുള്ള മോഡൽ റെസിഡന്ഷ്യല് സ്കൂളുകളിലെയും പ്രവേശനത്തിനുള്ള അലോട്മെന്റും പ്രസിദ്ധീകരിച്ചു.
ആദ്യ അലോട്മെന്റിനു ശേഷം മിച്ചമുള്ളതും അലോട്മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെയും സീറ്റു ചേർത്ത് 10-നു രണ്ടാം അലോട്മെന്റ് നടത്തും. 16-നു നടക്കുന്ന മൂന്നാം അലോട്മെന്റോടെ ഇത്തവണത്തെ പ്ലസ്വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകും.
ശേഷം സപ്ലിമെന്ററി അലോട്മെന്റ് തുടങ്ങും. അതിന് ഓരോ സ്കൂളിലെയും സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ അപേക്ഷ പുതുക്കണം. ആകെ അപേക്ഷകരിൽ 1,68,295 പേർക്കാണ് ഇനി അലോട്മെന്റ് കിട്ടാനുള്ളത്. ഇവരിൽ എഴുപതിനായിരത്തോളം പേരെങ്കിലും രണ്ടാം അലോട്മെന്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ.
സംവരണത്തിൽ 69,000 സീറ്റൊഴിവ്
ആദ്യ അലോട്മെന്റ് പൂർത്തിയായപ്പോൾ വിവിധ സംവരണവിഭാഗങ്ങൾക്കായി നീക്കിവെച്ച 69,000 സീറ്റ് ഒഴിവാണ്. അർഹരായ അപേക്ഷകരില്ലാത്തതാണു കാരണം. എസ്ടി വിഭാഗത്തിലാണ് കൂടുതൽ ഒഴിവ്- 27,094. എസ്.സി. വിഭാഗത്തിൽ 14,098 സീറ്റ് മിച്ചമാണ്. ഭിന്നശേഷിക്കാരുടേതിൽ 3,501 സീറ്റാണു ബാക്കി. കാഴ്ചപരിമിതിയുള്ളവരുടെ 976 സീറ്റിലും ആളില്ല. എൽ.സി (3,740), ഒബിസി- ക്രിസ്ത്യൻ (1,246), ഒബിസി- ഹിന്ദു (857), ധീവര (2,442), കുശവൻ (1,571), കുടുംബി (2,155) വിഭാഗങ്ങളിലും ഒഴിവുണ്ട്.പട്ടികജാതി-വർഗ സംവരണസീറ്റിൽ മതിയായ അപേക്ഷകരില്ലെങ്കിൽ അതാദ്യം ഒഇസി അപേക്ഷകർക്കായി മാറ്റിവെക്കും. അതിലും മിച്ചംവന്നാൽ പൊതു മെറിറ്റായി പരിഗണിച്ച് മറ്റു സംവരണവിഭാഗങ്ങൾക്കും അവശേഷിക്കുന്നവ ജനറൽ വിഭാഗത്തിനും കൈമാറും.ആദ്യ അലോട്മെന്റിൽ സംവരണ വിഭാഗത്തിൽ എഴുപതിനായിരത്തോളം സീറ്റ് ബാക്കിയാകുകുമെന്ന് ‘മാതൃഭൂമി’ മേയ് 30-ന് വാർത്ത നൽകിയിരുന്നു. തിങ്കളാഴ്ചത്തെ ആദ്യ അലോട്മെന്റിൽ ഇതേ രീതിയിലാണ് സംവരണസീറ്റ് മിച്ചംവന്നത്.
ഇഡബ്ല്യുഎസിൽ മിച്ചം 10,694 സീറ്റ്
മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) സർക്കാർ സ്കൂളുകളിലെ 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തിലെ ആകെ സീറ്റ് 19,798 ആണ്. ഇതിൽ ആദ്യ അലോട്മെന്റിൽ ഉൾപ്പെടുന്നത് 9,104 സീറ്റാണ്. മിച്ചം 10,694 സീറ്റ്.
അപേക്ഷ നൽകിയപ്പോൾ ഇഡബ്ല്യുഎസ് ആനുകൂല്യം അവകാശപ്പെടാൻ കഴിയാഞ്ഞവർക്ക് ഇനിയും അവസരമുണ്ട്. സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കുമ്പോൾ ഇഡബ്ല്യുഎസ് ആനുകൂല്യത്തിന്റെ കോളത്തിൽ തിരുത്തൽ വരുത്തിയാൽമതി. വില്ലേജ് ഓഫീസിൽനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ഈ ആനുകൂല്യം.
Content Highlights: 249,540 students secured seats in the first Plus One allotment in Kerala