പുതിയ ബാച്ചുകളിൽ 7200 പ്ലസ് വൺ സീറ്റ്, വി.എച്ച്.എസ്.ഇ.യിൽ ഒഴിഞ്ഞുകിടക്കുന്നത് 6505 സീറ്റ്

#മൊഹിയദ്ദീൻ ചാന്ത്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കോഴിക്കോട്: മലബാർ ജില്ലകളിൽ പ്ലസ് വണ്ണിൽ സീറ്റ് ഉറപ്പില്ലാതിരുന്നിട്ടും വൊക്കേഷണൽ ഹയർസെക്കൻഡറിേയാട് കുട്ടികൾക്കും രക്ഷിതാക്കൾക്കും വിമുഖത. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ മൂന്ന് മുഖ്യ അലോട്മെന്റും രണ്ട് സപ്ലിമെന്ററി അലോട്മെന്റും കഴിഞ്ഞിട്ടും സംസ്ഥാനത്താകെ 6505 സീറ്റുകൾ ബാക്കി. 389 സ്കൂളുകളിലായി 1100-ഓളം ബാച്ചുകളാണുള്ളത്. ആകെ 30,000 സീറ്റുകൾ. ഒരു ബാച്ചിൽ 25 മുതൽ 30 വരെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഈ വർഷം പൂർണമായി കുട്ടികൾ പ്രവേശനം നേടിയ 265 ബാച്ചുകളേയുള്ളൂ. 15-ലേറെ ഒഴിവുള്ള 111 ബാച്ചുണ്ട്. സ്പോട്ട്‌ അഡ്മിഷൻകൂടിയുണ്ടെങ്കിലും ഈ വർഷം സീറ്റുകൾ ബാക്കിയാവുമെന്നാണ് അധ്യാപകർ പറയുന്നത്.

120 പ്ലസ് വൺ താത്കാലിക അധികബാച്ചുകളിലായി 7200 സീറ്റാണ് പൊതുവിദ്യാഭ്യാസവകുപ്പ് പുതുതായി അനുവദിച്ചത്. ഇതോടെ നിലവിലുള്ള കുട്ടികളെക്കൂടി നഷ്ടപ്പെടുമോ എന്ന ഭീഷണിയിലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ.

കഴിഞ്ഞവർഷം സംസ്ഥാനത്ത് ചില ബാച്ചുകളിൽ ഒരു കുട്ടിപോലും പ്രവേശനംനേടാത്ത സാഹചര്യവുമുണ്ടായിരുന്നു. നാലുകുട്ടികൾമാത്രം പ്രവേശനംനേടിയ ബാച്ചുമുണ്ടായിരുന്നു. കുട്ടികൾ കുറവാണെങ്കിലും പലപ്പോഴും ബാച്ച് അതേപടി നിലനിർത്തുകയാണ്. ബാക്കിയുള്ള 6505 സീറ്റിൽ മലബാറിൽ സീറ്റ് പ്രതിസന്ധിയുള്ള ജില്ലകളിൽ 1611 ഒഴിവുകളേയുള്ളൂ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽമാത്രം 3369 ഒഴിവുണ്ട്.

പി.എസ്.സി. അംഗീകാരംതൊട്ട് സർട്ടിഫിക്കറ്റ് പ്രശ്നംവരെ

2019 മുതൽ കേരളത്തിലെ വൊക്കേഷണൽ സ്കൂളുകൾ നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്കിന്‌ (എൻ.എസ്.ക്യു.എഫ്.)കീഴിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർഥികൾക്ക് എൻ.എസ്.ക്യു.എഫ്. ലെവൻ ത്രീ, ഫോർ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. 2019 മുതൽ കോഴ്‌സുകളുടെ പേരിലും സിലബസിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. കോഴ്‌സുകളുടെ പേരുമാറ്റം പലപ്പോഴും പി.എസ്.സി. അംഗീകാരം നഷ്ടപ്പെടുന്നതിന് കാരണമാകാറുണ്ട്.

കോഴ്‌സ് കഴിഞ്ഞ് കേരളത്തിനുപുറത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറിക്ക് തത്തുല്യമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും പലരെയും പിന്നോട്ടടിപ്പിക്കുന്നുണ്ട്.

Content Highlights: Despite a severe Plus One seat shortage in Malabar districts, over 6,500 Vocational Higher Secondary (VHSE) seats remain vacant across Kerala due to syllabus changes, PSC recognition issues, and equivalency certificate hurdles.