പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം ഇന്നും നാളെയും

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലെ (www.hscap.kerala.gov.in) കാൻഡിഡേറ്റ് ലോഗിനിലൂടെ അലോട്‌മെന്റ് നില പരിശോധിക്കാം. ബുധനാഴ്ച രാവിലെ 10-നും വ്യാഴാഴ്ച വൈകീട്ട് നാലിനും മധ്യേ സ്‌കൂളിൽ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. ആകെയുള്ള 14,050 അപേക്ഷകരിൽ 5,729 പേർക്കാണ് അലോട്‌മെന്റ് ലഭിച്ചത്. മെറിറ്റിൽ 29,069 സീറ്റുകളാണ് രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുണ്ടായിരുന്നത്. ഇതിൽ 23,340 സീറ്റുകൾ മിച്ചമാണ്.

സ്‌കൂൾമാറ്റം: അപേക്ഷ 19 മുതൽ

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം പൂർത്തിയായശേഷം സ്‌കൂളും വിഷയവും മാറാനുള്ള അപേക്ഷ സ്വീകരിക്കും. 19 മുതൽ 21 വരെ അപേക്ഷ നൽകാം. 25-ന് ഇതനുസരിച്ചുള്ള അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. അന്നു മുതൽ 28 വരെയാണ് പ്രവേശനത്തിനുള്ള സമയപരിധി. ഏകജാലകം വഴി മെറിറ്റിലും സ്‌പോർട്‌സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവർക്കു മാത്രമാണ് സ്‌കൂളും വിഷയവും മാറാൻ അവസരമുള്ളത്. പ്രവേശന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെള്ളിയാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതു പരിശോധിച്ചാൽ സ്‌കൂൾ മാറ്റത്തിനുള്ള സാധ്യത മനസ്സിലാക്കാം. സീറ്റൊഴിവില്ലാത്ത സ്‌കൂളിലേക്കും അപേക്ഷ നൽകാം. സ്‌കൂൾമാറ്റം വഴി അവിടെ സീറ്റൊഴിവുണ്ടായാൽ പരിഗണിക്കും. പഠിക്കുന്ന സ്‌കൂളിൽത്തന്നെ മറ്റൊരു വിഷയത്തിലേക്കോ മറ്റൊരു സ്‌കൂളിൽ ഇഷ്ടമുള്ള വിഷയത്തിലേക്കോ മാറാൻ അപേക്ഷിക്കാം. മെറിറ്റും സീറ്റൊഴിവും പരിഗണിച്ചാണ് അലോട്‌മെന്റ്.

തത്സമയ പ്രവേശനം 30-ന്

28-ന് ട്രാൻസ്ഫർ അലോട്‌മെന്റ് പ്രവേശനം പൂർത്തിയായ ശേഷവും സീറ്റുകൾ ഒഴിവുള്ള സ്‌കൂളുകളിൽ 30-ന് തത്സമയ പ്രവേശനം നടത്തും.

Content Highlights: Kerala Plus One 2nd Supplementary Allotment