ഹയർ സെക്കൻഡറി; അനക്കമില്ലാതെ അനധ്യാപകതസ്തിക, സർക്കാർ കോടതിയലക്ഷ്യക്കുരുക്കിൽ

#പി.കെ. മണികണ്ഠൻ
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായാത്താൽ നിർമിച്ചത്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായാത്താൽ നിർമിച്ചത്

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക നിയമനം നടത്താത്തതിനെത്തുടർന്ന് സംസ്ഥാന സർക്കാർ കോടതിയലക്ഷ്യക്കുരുക്കിൽ. 2001-ൽ പുറത്തിറങ്ങിയ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂളിൽ ലൈബ്രേറിയൻ, ക്ലാർക്ക്, മീനിയൽ തസ്തികകൾ പറയുന്നുണ്ടെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ല. നിയമനം നടത്തണമെന്ന് ഹൈക്കോടതി രണ്ടുതവണ ഉത്തരവിട്ടെങ്കിലും സർക്കാർ പാലിച്ചില്ല.

ഇതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്ന കോടതിയലക്ഷ്യനടപടി തുടരാമെന്നാണ് കഴിഞ്ഞയാഴ്ച സുപ്രീംകോടതി വിധിച്ചത്. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്റെ ഹർജിയിലാണ് നടപടി.

സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ അനധ്യാപകനിയമനം നിഷേധിച്ച സർക്കാർ, മറ്റു വകുപ്പുകളിൽ ആയിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ചതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി. അസോസിയേഷൻ നൽകിയ ഹർജയിൽ ഹൈക്കോടതി 200-7ലും 2014-ലും നിയമനം നടത്താൻ ഉത്തരവിട്ടിരുന്നു. ഈ വിധി 2020-ൽ ഡിവിഷൻ ബെഞ്ചും ശരിവെച്ചു. 2021-ൽ ആണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യഹർജി നൽകിയത്.

സർക്കാർ പലവട്ടം സമയം ചോദിക്കുകയും കേസ് നീട്ടിവെക്കുകയും ചെയ്തതോടെ, ഹർജിക്കാർ 2025-ൽ സുപ്രീംകോടതിയിലെത്തി. ഹർജിക്കാർക്കുവേണ്ടി അഡ്വ. ജോസ് അബ്രഹാം സുപ്രീംകോടതിയിൽ ഹാജരായി.

ഒറ്റയാൾ യുദ്ധം

എറണാകുളം കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് സ്കൂൾ ലൈബ്രേറിയൻ ഇ.എം. സജി 2003 ജോലിയിൽ കയറിയെങ്കിലും സർക്കാർ തസ്തിക അംഗീകരിച്ചില്ല. ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിട്ടും സർക്കാർ സമ്മതിച്ചില്ല.

2008-ൽ ഹൈക്കോടതി വീണ്ടും ഉത്തരവിറക്കിയതോടെ, ശമ്പളം നൽകാൻ തയ്യാറായി. പക്ഷേ, തസ്തിക അംഗീകരിച്ചില്ല. സർക്കാരിന്റെ ഹർജി 2010-ൽ സുപ്രീംകോടതി തള്ളി.

രണ്ടുവർഷം മുൻപ് സജി വിരമിച്ചിട്ടും സർക്കാർ നിലപാടിൽ മാറ്റമില്ല. ഇപ്പോൾ, ഹൈക്കോടതിയുടെ പരിഗണനയിലാണ് സജിയുടെ കോടതിയലക്ഷ്യഹർജി.

Content Highlights: Kerala government faces contempt of court proceedings for failing to appoint non-teaching staff in higher secondary schools.