കീമിൽ പുതിയ സമീകരണരീതി അടുത്തവർഷം; അപ്പീല് ഒഴിവാക്കിയത് തിരിച്ചടി നേരിട്ടേക്കാമെന്ന് വിലയിരുത്തലിൽ

തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശനത്തിനുള്ള മാർക്ക് സമീകരണ കേസിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുന്നത് ഒഴിവാക്കിയത് സുപ്രീംകോടതിയിൽനിന്ന് തിരിച്ചടി നേരിട്ടേക്കുമെന്ന വിലയിരുത്തലിൽ. പ്രോസ്പെക്ടസിൽ അവസാനനിമിഷം മാറ്റം വരുത്തിയതിനെയാണ് ഹൈക്കോടതി സിംഗിൾബെഞ്ചും ഡിവിഷൻ ബെഞ്ചും എതിർത്തത്. ഈ മാറ്റം സുപ്രീംകോടതിയും അംഗീകരിക്കാൻ സാധ്യതയില്ലെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്.
മാർക്ക് സമീകരണരീതി മാറ്റിയതിനെതിരേ കേന്ദ്രസിലബസ് പഠിച്ച വിദ്യാർഥികളാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത് സംസ്ഥാന സിലബസിലെ കുട്ടികളും. സർക്കാർ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു അപ്പീലെങ്കിലും സർക്കാർ നേരിട്ട് അപ്പീൽ നൽകിയില്ല. ഇതേത്തുടർന്നാണ് സുപ്രീംകോടതി സർക്കാർ നിലപാട് ആരാഞ്ഞത്.
പ്രവേശന നടപടികൾക്കുള്ള സമയക്രമം പാലിക്കേണ്ടതിനാലാണ് സർക്കാർ നേരിട്ട് അപ്പീൽ നൽകാഞ്ഞതെന്നാണ് സുപ്രീംകോടതിയെ സംസ്ഥാനം അറിയിച്ചത്. പ്രതീക്ഷയില്ലാത്ത കേസിൽ അപ്പീൽ നൽകി പേരുദോഷം സമ്പാദിക്കേണ്ടെന്ന് കരുതിയാണ് സർക്കാർ അപ്പീലിൽനിന്ന് വിട്ടുനിന്നത്. റാങ്ക് ലിസ്റ്റിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയതോടെ പഴയരീതിയിൽതന്നെയായിരിക്കും ഈ വർഷത്തെയും പ്രവേശനമെന്ന് ഉറപ്പായി.
ഇതേസമയം സർക്കാർ കൊണ്ടുവന്ന സമീകരണരീതി നടപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന ആവശ്യം കേരള സിലബസ് പഠിച്ച കുട്ടികളുടെ രക്ഷിതാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ, അതിനായി ഓർഡിനൻസ് ഇറക്കേണ്ടിവരും. കോടതിവിധി മറികടക്കാൻ അവസാന നിമിഷം ഓർഡിനൻസ് കൊണ്ടുവന്നാൽതന്നെ അതും കോടതിയിൽ ചോദ്യംചെയ്യപ്പെടാം.
സമയക്രമം പാലിക്കാൻ നിർബന്ധിതം -മന്ത്രി ബിന്ദു
എൻജിനിയറിങ് പ്രവേശന നടപടികൾ ഓഗസ്റ്റ് 14-നകം പൂർത്തിയാക്കണമെന്ന എഐസിടിഇയുടെ സമയക്രമം പാലിക്കാൻ സർക്കാർ നിർബന്ധിതമാണെന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. എഐസിടിഇ നിർദേിച്ച സമയക്രമത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. മാർക്ക് ഏകീകരണനടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും എല്ലാ വിദ്യാർഥികൾക്കും അതുവഴി നീതി ഉറപ്പാക്കാനുമാണ് ആഗ്രഹിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Kerala govt avoids appeal in engineering admission mark equalization case after facing setback