എസ്ടിഒഇസി വിദ്യാര്‍ഥികളുടെ പഠനസഹായം മുടങ്ങുന്നു, സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഓപ്ഷനില്ല

#അരവിന്ദ് സി. പ്രസാദ്
Image: Freepik
Image: Freepik

പുല്പള്ളി: ആദിവാസി-ദളിത് ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പഠനത്തിനായി സർക്കാർ നൽകുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ‘എസ്‍ടിഒഇസി’ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സാധിക്കുന്നില്ല. ഇ-ഗ്രാന്റ് പോർട്ടലിൽ എസ്‍ടിഒഇസി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പേര് രജിസ്റ്റർ ചെയ്യാനാകുമെങ്കിലും സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി.

ഏതാനും മാസം മുൻപ്‌ ഇ-ഗ്രാന്റ് പോർട്ടലിൽ എസ്‍ടിഒഇസി വിഭാഗത്തെ ഓപ്ഷനിൽ ഉൾപ്പെടുത്താത്തതിനാൽ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാനും സാധിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകുകയും രക്ഷിതാക്കളും സംഘടനകളും നിരന്തര ഇടപെടുകയും ചെയ്തതിനെത്തുടർന്ന് പ്രശ്നം പരിഹരിച്ചിരുന്നു. നിലവിൽ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാനാകുമെങ്കിലും ലെപ്‌സം ഗ്രാന്റ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികളുടെ പേരുകൾ ഇവിടെ കാണിക്കുന്നില്ലെന്നതാണ് പ്രശ്നം. അപേക്ഷിക്കാൻ സാധിക്കാതായതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളുവിന് കളനാടി സമുദായ സർവീസ് സൊസൈറ്റി പരാതി നൽകിയിട്ടുണ്ട്.

ഇ-ഗ്രാന്റ് പോർട്ടലിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കാത്ത വിഷയം പട്ടികവർഗ വികസനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തിരുവനന്തപുരത്തെ ഡയറക്ടറേറ്റിൽ നിന്നുമാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നാണ് മറുപടി ലഭിച്ചതെന്ന് കളനാടി സമുദായ സംഘടനാ ജന. സെക്രട്ടറി ബിജേഷ് അടക്കാച്ചിറ പറഞ്ഞു.

Content Highlights: Kerala E-Grant Scholarship Issue for STOEC Students