2040-ഓടെ കേരളത്തിൽ ഡെങ്കിപ്പനി ബാധ 16-20% വരെ വർധിച്ചേക്കാം: പഠനം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തിൽ 2040-ഓടെ കേരളത്തിൽ ഡെങ്കിപ്പനി ബാധ 16-20 ശതമാനംവരെ ഉയരാമെന്ന് പഠനം. മഴ, താപനില, അന്തരീക്ഷ ആർദ്രത, എൽനിനോ-ലാനിന പ്രതിഭാസങ്ങൾ എന്നിവ ഡെങ്കിപ്പനി വ്യാപനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘ജിയോ ഹെൽത്ത്’ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു.
താപനില, മഴ, ഈർപ്പം എന്നിവ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനം, അതിജീവനം, കടിക്കുന്ന നിരക്ക്, കൊതുകിനുള്ളിലെ വൈറസ് വളർച്ച എന്നിവയെ സ്വാധീനിക്കുന്നതാണ് വർധനയ്ക്ക് പ്രധാന കാരണം.
2006-’19 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകളും കാലാവസ്ഥാ വിവരങ്ങളും വിശകലനം ചെയ്താണ് നിഗമനം. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റിയറോളജി, സാവിത്രിഭായ് ഫുലെ പുണെ സർവകലാശാല, പുണെ ഐ.സി.എം.ആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌ലേഷണൽ വൈറോളജി ആൻഡ് എയ്ഡ്സ് റിസർച്ച്, കേരള ആരോഗ്യ സർവകലാശാല, തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. യാക്കോബ് സോഫിയ, മാത്യു കോൾ റോക്സി, സുരേന്ദ്രനാഥ് ബിന്ദു വൈശാഖ്, പി.ആർ. ശ്രീലക്ഷ്മി, ടി.എസ്. അനീഷ്, പി.എസ്. ഇന്ദു എന്നിവരാണ് സംഘത്തിലുള്ളത്.
വ്യാപനം കൂടുതൽ മൺസൂണിൽ
ഇടവപ്പാതിക്കാലത്താണ് മൊത്തം കേസുകളുടെ 60 ശതമാനവും. മഴക്കാലത്തിനുമുമ്പുള്ള മാസങ്ങളിൽ 30.5 മുതൽ 32.5 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയും 66 മുതൽ 79 ശതമാനം വരെയുള്ള ആർദ്രതയും, മൺസൂൺ കാലത്ത് പ്രതിമാസം 180 മുതൽ 450 മില്ലിമീറ്റർ വരെയുള്ള മഴയും വ്യാപനത്തിന് അനുകൂലമാണ്.
എ.ഐ. അധിഷ്ഠിത പ്രവചനം
കൃത്യമായ കാലാവസ്ഥാവിവരങ്ങളും എ.ഐ. അധിഷ്ഠിത മെഷീൻ ലേണിങ് മാതൃകകളും ഉപയോഗിച്ച് അഞ്ചുമാസം മുൻപുവരെ രോഗസാധ്യത പ്രവചിക്കാൻ കഴിയുന്ന സംവിധാനം ഉപയോഗപ്പെടുത്താമെന്ന് പഠനം ശുപാർശ ചെയ്യുന്നു.
Content Highlights: Dengue cases in Kerala could increase by 16-20% by 2040 due to climate change