ബിഎസ്‌സി നഴ്‌സിങ് സീറ്റുകൾ മാനേജ്‌മെന്റുകൾ സർക്കാരിന് വിട്ടുനൽകും, പ്രവേശനം നീണ്ടേക്കും

Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ പകുതി ബിഎസ്‌സി നഴ്‌സിങ് സീറ്റുകൾ മാനേജ്‌മെന്റുകൾ സർക്കാരിന് വിട്ടുനൽകും. അതേസമയം, കോളേജുകളുടെ അഫിലിയേഷൻ വൈകുന്നതിനാൽ ഇക്കൊല്ലത്തെ പ്രവേശനം നീണ്ടേക്കും.

മാനേജ്‌മെന്റ് അസോസിയേഷനുകളുമായി വ്യാഴാഴ്ച ആരോഗ്യസെക്രട്ടറി രാജൻ ഖൊബ്രഗഡെ നടത്തിയ ചർച്ചയിൽ, ഫീസ് വർധന, അഫിലിയേഷൻ തുടങ്ങിയകാര്യങ്ങളിൽ തീരുമാനമായില്ല. ഫീസ് വർധിപ്പിക്കണമെന്ന ആവശ്യം ഫീസ്‌നിർണയസമിതിയിൽ ഉന്നയിക്കാമെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചു. അസോസിയേഷൻ പ്രതിനിധികൾ പിന്നീട് മന്ത്രി വീണാജോർജുമായി കൂടിക്കാഴ്ച നടത്തി. അതിലാണ് സീറ്റുപങ്കുവെക്കാനുള്ള ധാരണയായത്. അടുത്തയാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ചയുണ്ട്.

മാനേജ്‌മെന്റുകളുമായി ചർച്ചചെയ്യാതെ ബിഎസ്‌സി നഴ്‌സിങ് പ്രവേശനനടപടി തുടങ്ങിയതിനെത്തുടർന്നാണ് അവർ സീറ്റുകൾ വിട്ടുനൽകില്ലെന്ന നിലപാടെടുത്തത്. മുൻവർഷങ്ങളിൽ സ്വാശ്രയ കോളേജ് സീറ്റുകളിലെ പ്രവേശനം, പകുതി സർക്കാരും പകുതി മാനേജ്‌മെന്റ് അസോസിയേഷനുമാണ് നടത്തിയിരുന്നത്.

പ്രവേശനനടപടികൾക്ക് മുന്നോടിയായി, കോളേജുകളിലെ അടിസ്ഥാനസൗകര്യം സംബന്ധിച്ച് സംസ്ഥാന നഴ്‌സിങ് കൗൺസിലും ആരോഗ്യസർവകലാശാലയും പരിശോധന നടത്തണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് വർധനയും അഫിലിയേഷനും നൽകുക. തിരഞ്ഞെടുപ്പുനടപടി തുടങ്ങിയതിനാൽ ഇക്കൊല്ലം നഴ്സിങ് കൗൺസിലിന്റെ പരിശോധന ഉണ്ടാവാനിടയില്ല. ആരോഗ്യസർവകലാശാലയുടെ പരിശോധന തുടങ്ങിയിട്ടുമില്ല.

ഈ സാഹചര്യത്തിൽ ഉപാധികളോടെ പ്രവേശനാനുമതി നൽകണമെന്ന ആവശ്യം തുടർചർച്ചയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. അസോസിയേഷനുകളെ പ്രതിനിധാനംചെയ്ത്‌ വി. സജി, അയിര ശശി, ഫാ. വിമൽ ഫ്രാൻസിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Content Highlights: Kerala`s BSc Nursing Seats: Half to Govt.