ഡിസൈൻ കോഴ്സുകളിലേക്ക് അവസരം; കേരളത്തിലെ ബാച്ചലർ ഓഫ് ഡിസൈൻ പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം

#ഡോ. എസ് രാജൂകൃഷ്ണൻ
.
.

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) അംഗീകാരത്തോടെ കേരളത്തിലെ സ്ഥാപനങ്ങളിൽ 2026-27-ൽ നടത്തുന്ന ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അപേക്ഷ ക്ഷണിച്ചു.

എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് അപേക്ഷ സ്വീകരിച്ച് പ്രവേശനപ്പരീക്ഷ നടത്തി സർക്കാർ സീറ്റിലേക്ക് അലോട്മെന്റ് നടത്തുന്നത്. രൂപകല്പനാ പഠനമാണ് ഡിസൈൻ. ഈ മേഖലയിൽ പ്രായോഗികപരിജ്ഞാനമുള്ള, തൊഴിൽ സജ്ജതയുള്ള ബിരുദധാരികളെ രൂപപ്പെടുത്തുക, തൊഴിൽ ലഭ്യമാക്കാൻ വ്യവസായമേഖലയുമായി ബന്ധങ്ങൾ സ്ഥാപിക്കുക, സ്വയംസംരംഭക, മാനേജീരിയൽ നൈപുണികൾ വളർത്തിയെടുക്കുക, ഉയർന്ന ഡിസൈൻ എത്തിക്കൽ സ്റ്റാൻഡേഡ്സ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നാലുവർഷം (എട്ട് സെമസ്റ്റർ) ദൈർഘ്യമുള്ള പ്രോഗ്രാം രൂപകല്പന ചെയ്തിട്ടുള്ളത്.

ഡിസൈൻ സ്റ്റഡീസ്, അപ്ലൈഡ് സയൻസസ്, എൻവയൺമെൻറൽ സ്റ്റഡീസ്, പ്രൊഫഷണൽ പ്രാക്ടീസ്, ഇന്റേൺഷിപ്പ്, ഡിജിറ്റൽ ലാബ്, കാർപെൻട്രി, ടെക്‌സ്റ്റൈൽസ്, വുഡ്, മെറ്റൽ ആൻഡ് സിറാമിക് വർക്‌ഷോപ്സ് തുടങ്ങിയവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

യോഗ്യത

കേരള ഹയർ സെക്കൻഡറി പരീക്ഷയോ കേരള ടെക്നോളജിക്കൽ സർവകലാശാല അംഗീകാരമുള്ള തത്തുല്യ യോഗ്യതാപരീക്ഷയോ മൊത്തത്തിൽ 45 ശതമാനം മാർക്കോടെ (സംവരണവിഭാഗക്കാർക്ക് 40 ശതമാനം) ജയിച്ചിരിക്കണം. അതേ സെക്ടറിലോ അനുബന്ധ സെക്ടറിലോ ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡി.വൊക്.) ജയിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷാ മാർക്ക് അടുത്ത പൂർണസംഖ്യയായി ക്രമീകരിക്കാൻ പറ്റില്ല. നേറ്റിവിറ്റി വ്യവസ്ഥകൾ lbscentre.kerala.gov.in ലെ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂസ് ടെസ്റ്റ് (കെ.എസ്. ഡി.എ.ടി.) നടത്തും.

പരീക്ഷയ്ക്ക് 100 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. സോഷ്യൽ ആൻഡ് ബേസിക് സയൻസസ് (10-ാം ക്ലാസ് നിലവാരത്തിൽ) (10 ചോദ്യങ്ങൾ), ജനറൽ നോളജ് (20), ഇംഗ്ലീഷ് ലാംഗ്വേജ് (20), ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (20), ഡിസൈൻ അവയർനസ് (30) എന്നീ വിഷയങ്ങളിൽനിന്നുമായിരിക്കും ചോദ്യങ്ങൾ. വിശദമായ സിലബസ് പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. ഓരോ ശരിയുത്തരത്തിനും ഒരു മാർക്കുവീതം ലഭിക്കും. ഉത്തരം തെറ്റിച്ചാൽ നെഗറ്റീവ് മാർക്കിങ് ഇല്ല.

പരീക്ഷാ തീയതി, പരീക്ഷാകേന്ദ്രങ്ങൾ എന്നിവ പിന്നീട് പ്രഖ്യാപിക്കും.

പരീക്ഷയിൽ ലഭിക്കുന്ന മൊത്തം മാർക്ക് പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. പൂജ്യം മാർക്ക് ലഭിക്കുന്നവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല.

അലോട്മെന്റ് മാനദണ്ഡം

കോളേജുകളിൽ ഗവൺമെൻറ് സീറ്റും മാനേജ്മെൻറ് സീറ്റും ഉണ്ടാകും. എൽ.ബി.എസ്. സെൻറർ അലോട്ടു ചെയ്യുന്ന സീറ്റുകളാണ് ഗവൺമെൻറ് സീറ്റുകൾ. ഇതിലേക്ക് പരിഗണിക്കപ്പെടാൻ കെ.എസ്.ഡി.എ.ടി. യോഗ്യത നേടണം.

അതത് സ്വാശ്രയസ്ഥാപനങ്ങൾ പ്രവേശനംനടത്തുന്ന സീറ്റുകളാണ് മാനേജ്മെൻറ് സീറ്റുകൾ. അതിലേക്ക് കെ.എസ്.ഡി.എ.ടി. റാങ്ക് കൂടാതെ ദേശീയതല പ്രവേശനപരീക്ഷകളായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ), അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (യുസീഡ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ-ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എൻ.ഐ.ഡി. ഡാറ്റ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) എൻട്രൻസ് എന്നിവയുടെ റാങ്കും പരിഗണിക്കും.

അപേക്ഷ

lbscentre.kerala.gov.in വഴി അപേക്ഷിക്കാം. അപേക്ഷാ ഫീ 1300 രൂപ. പട്ടികവിഭാഗങ്ങൾക്ക് 650 രൂപയും. തുക ഓൺലൈൻ ആയി അടയ്ക്കാം. ഫീസ് അടയ്ക്കാൻ ജൂൺ നാലുവരെ സമയമുണ്ട്. അപേക്ഷാ സമർപ്പണം അഞ്ചിനകം പൂർത്തിയാക്കണം.

അലോട്മെന്റ്

സീറ്റ് അലോട്മെൻറ് സംബന്ധിച്ച വിശദാംശങ്ങളും പ്രോസ്പെക്ടസിൽ ലഭ്യമാണ്. കേന്ദ്രീകൃത അലോട്മെൻറിൽ 2025-’26-ൽ ഉൾപ്പെട്ടിരുന്ന സ്ഥാപനങ്ങൾ: *ഗവൺമെൻറ് കോസ്റ്റ് ഷെയറിങ് സ്വാശ്രയ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെ.എസ്.ഐ.ഡി.) - ചന്ദനത്തോപ്പ്, കൊല്ലം.

സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങൾ: കോളേജ് ഓഫ് ആർക്കിടെക്ചർ (മുളയറ, തിരുവനന്തപുരം), കെ.എം.സി.ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജിങ് ടെക്നോളജി ആൻഡ് മാനേജ്മെൻറ് (മുക്കം, കോഴിക്കോട്), സെയ്ൻറ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനിയറിങ് (പത്താമുട്ടം, കോട്ടയം), ഡി.സി. സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (കഴക്കൂട്ടം, തിരുവനന്തപുരം), കുനിയ കോളേജ് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി (പെരിയ, കാസർകോട്), മെൻറർ അക്കാദമി ഫോർ ഡിസൈൻ ഓൺട്രപ്രനേർഷിപ്പ് ഇനവേഷൻ ആൻഡ് ടെക്നോളജി (മണ്ണത്തൂർ, മൂവാറ്റുപുഴ)

സെയ്ൻറ്ഗിറ്റ്സിൽ ബി.ഡിസ്. കൂടാതെ ബാച്ച്‌ലർ ഓഫ് കമ്യൂണിക്കേഷൻ ഡിസൈൻ, ബാച്ച്‌ലർ ഓഫ് ഇൻററാക്ഷൻ ഡിസൈൻ എന്നീ പ്രോഗ്രാമുകളും ഉണ്ട്.

2026 അലോട്മെൻറിനുമുൻപ്‌ ഈ വർഷം പ്രവേശനപ്രക്രിയയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തും.

കൂടുതൽ സ്ഥാപനങ്ങൾക്ക് വിവിധ ഏജൻസികളുടെ അംഗീകാരം ലഭിക്കുമ്പോൾ അവയും പ്രക്രിയയിൽ ഉൾപ്പെടുത്തും.

Content Highlights: The Directorate of Technical Education, Kerala, has invited applications for the 4-year Bachelor of Design (B.Des) program for the 2026-27 academic year, with selection based on the Kerala State Design and Aptitude Test (KSDAT) conducted by the LBS Centre