കീം പ്രവേശനം: പുതുക്കിയ പട്ടികയ്ക്ക് സ്‌റ്റേയില്ല, കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടി

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
സുപ്രീം കോടതി | Photo: PTI
സുപ്രീം കോടതി | Photo: PTI

ന്യൂഡല്‍ഹി:കീം പ്രവേശന പരീക്ഷയില്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. പരീക്ഷയിലെ മാർക്ക് സമീകരണം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

സി.ബി.എസ്.ഇ സ്കീമിലെ വിദ്യാർഥികൾ നൽകിയ ഹർജിയെ തുടർന്ന് റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകിയേക്കും. അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. 

എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. 

തുടര്‍ന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ ഹര്‍ജി കോടതി മാറ്റി. ഇതോടെ ഇക്കൊല്ലത്തെ പ്രവേശന നടപടികള്‍ പുതുക്കിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഉറപ്പായി.


 

Content Highlights: KEAM 2025 latest news updates, set back for Kerala syllabus students