കീം 2025: ആയുഷ്, മെഡിക്കൽ അലൈഡ് വിഭാഗം മൂന്നാം അലോട്‌മെന്റിൽ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കേരളത്തിലെ ബിരുദതല പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി മെഡിക്കൽ വിഭാഗത്തിലെ നാലും (ആയുഷ് കോഴ്‌സുകൾ), മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴും പ്രോഗ്രാമുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്‌മെന്റ് നടപടികൾ www.cee.kerala.gov.in ൽ തുടങ്ങി.

കോഴ്‌സുകൾ

മെഡിക്കൽ (ആയുഷ്): ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്.

മെഡിക്കൽ അനുബന്ധം: ബിഎസ്‌സി അഗ്രിക്കൾച്ചർ, ബിവിഎസ്‌സി ആൻഡ് എഎച്ച്, ബിഎസ്‌സി ഫോറസ്ട്രി, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബിഎസ്‌സി കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/അഗ്രി ബിസിനസ് മാനേജ്മെന്റ്, ബിഎസ്‌സി ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, കാർഷിക സർവകലാശാലയിലെ ബിടെക് ബയോടെക്‌നോളജി.

ഓപ്ഷൻ കൺഫർമേഷൻ

  • മൂന്നാംഘട്ട അലോട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനകം ഈ കോഴ്‌സുകളിൽ പ്രവേശനം നേടിയവർ, ഓപ്ഷൻ നൽകിയിട്ടും ആദ്യ രണ്ടുഘട്ടങ്ങളിലും അലോട്‌മെന്റ് ഒന്നും ലഭിക്കാത്തവർ എന്നിവരുടെ ഹയർ ഓപ്ഷനുകൾ, പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം
  • പ്രവേശനം നേടിയവരുടെ കാര്യത്തിൽ അവശേഷിക്കുന്ന ഓപ്ഷനുകളും (ഉണ്ടെങ്കിൽ), ഇതുവരെ അലോട്‌മെന്റ് ലഭിക്കാത്തവരുടെ കാര്യത്തിൽ ഇവർ രണ്ടാംഘട്ടത്തിൽ നിലനിർത്തിയ എല്ലാ ഓപ്ഷനുകളും ഹയർ ഓപ്ഷനുകളാണ്. അവ ഹോം പേജിൽ കാണും
  •  കൺഫർമേഷനായി ഹോം പേജിൽ ലോഗിൻ ചെയ്ത് ‘കൺഫേം’ ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരം ലഭിക്കും
  • ഹയർ ഓപ്ഷനുകളിൽ താത്‌പര്യമില്ലാത്തവ ഒഴിവാക്കാം. അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുൻഗണന വേണമെങ്കിൽ മാറ്റാം
  • പ്രവേശനം നേടിയവർക്ക് ഹയർ ഓപ്ഷനുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ, ഇനിയും ഒരുമാറ്റം അവർക്കു വേണ്ടെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പൂർണമായും റദ്ദാക്കണം
  • രണ്ടാംഘട്ടത്തിൽ പ്രവേശനം നേടിയവർക്ക് മാറ്റം വേണ്ടെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്താതിരുന്നാലും മതിയാകും. അവരുടെ രണ്ടാംഘട്ട പ്രവേശനം നിലനിൽക്കും
  • ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ മൂന്നാംഘട്ട അലോട്‌മെന്റിൽ പരിഗണിക്കില്ല
  • പ്രവേശനം നേടിയവർ ഓപ്ഷൻ കൺഫർമേഷൻ നടത്തുകയും മൂന്നാംഘട്ടത്തിൽ ഒരു മാറ്റംവരുകയും ചെയ്താൽ, നിലവിലുള്ള സീറ്റ് അവർക്ക് നഷ്ടമാകും. പുതിയ സീറ്റ് അവർ സ്വീകരിക്കണം. സ്വീകരിക്കാത്ത പക്ഷം പുതിയ സീറ്റ് നഷ്ടപ്പെടും.

അലോട്‌മെന്റ് 27-ന്

  • മൂന്നാംഘട്ട അലോട്മെന്റുമായി ബന്ധപ്പെട്ട ഓപ്ഷൻ കൺഫർമേഷനും തുടർനടപടികളും പൂർത്തിയാക്കാൻ ഒക്ടോബർ 24-ന് രാവിലെ 11 വരെ സൗകര്യം ഉണ്ടാകും. പ്രൊവിഷണൽ അലോട്‌മെന്റ് 25-നും അന്തിമ അലോട്‌മെന്റ് 27-നും പ്രസിദ്ധപ്പെടുത്തും.

അലോട്‌മെന്റ് ലഭിക്കുന്നവർ, അലോട്മെന്റ് മെമ്മോ ഹോം പേജിൽനിന്ന്‌ ഡൗൺലോഡുചെയ്ത് അതിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീ/ബാക്കി ഫീ (ബാധകമെങ്കിൽ) കോളേജിൽ അടച്ച് പ്രവേശനം നേടണം. പ്രവേശനം നേടാൻ 28 മുതൽ 30-ന് വൈകീട്ട് നാലുവരെ സമയമുണ്ടാകും

ഫീസ് അടയ്ക്കൽ

വിവിധ കോഴ്‌സുകളുടെ ഫീസ് ഘടന വെബ്‌സൈറ്റിൽ ലഭിക്കും. എസ്‌സി/എസ്ടി/ഒഇസി വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു വിഭാഗക്കാരും ഫീ അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റിലാണ് അലോട്മെന്റ് ലഭിക്കുന്നതെങ്കിൽ അലോട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീ അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീ ഇളവിന് അർഹത ഉണ്ടാകില്ല.

ചേരുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾ നിലനിർത്തുക

അലോട്മെന്റ് ലഭിച്ചാൽ ചേരുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം നിലനിർത്തുക. നിശ്ചയിച്ച സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. മാത്രമല്ല ഇവരെ ഈ സ്ട്രീമിലെ തുടർ അലോട്മെന്റിന് പരിഗണിക്കില്ല.

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എഎസിസിസി) ഒക്ടോബർ 17-ന് പ്രസിദ്ധീകരിച്ച പട്ടികയിൽ (കേന്ദ്ര/സംസ്ഥാന തുടർറൗണ്ടുകളിൽ പങ്കെടുക്കാൻ അർഹത ഇല്ലാത്തവർ) ഉൾപ്പെട്ടവരെ ഈ അലോട്‌മെന്റിന് പരിഗണിക്കില്ല.

ആദ്യ രണ്ടുഘട്ടങ്ങൾ വഴി പ്രവേശനം നേടിയവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ നഷ്ടപ്പെടുത്തി 24-ന് വൈകീട്ട് അഞ്ചിനകം പ്രസ്തുത സീറ്റ് വേണ്ടെന്നുെവക്കാം. മൂന്നാംഘട്ടത്തിനുശേഷമുള്ള ഒഴിവുകൾ സ്‌ട്രേ വേക്കൻസി ഫില്ലിങ് റൗണ്ട് വഴി നികത്തും. വിവരങ്ങൾ പിന്നീട് അറിയിക്കും.

Content Highlights: KEAM 2025: Third Allotment