കീം 2020-ഓപ്ഷന്‍ രജിസ്‌ട്രേഷന്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്തെല്ലാം?

#ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

കേരളത്തിലെ 2020-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായുള്ള എൻജിനിയറിങ്, ഫാർമസി ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ www.cee.kerala.gov.in/ -ൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് ലളിതമായി പൂർത്തിയാക്കാവുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്ട്രേഷൻ. കാര്യങ്ങൾ, സ്വയം മനസ്സിലാക്കി ചെയ്യാവുന്ന രീതിയിലാണ് ഓപ്ഷൻ പേജിലെ നടപടിക്രമങ്ങൾ. അല്പം സൂക്ഷ്മതയോടെ ചെയ്താൽ, ഉദ്ദേശിക്കുന്ന രീതിയിൽത്തന്നെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ കഴിയും.

കോളേജ് ടൈപ്പ്

മൂന്നുതരം കോളേജുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. സർക്കാർ/എയ്‌ഡഡ് കോളേജുകൾ, കാർഷിക/വെറ്ററിനറി/ഫിഷറീസ് സർവകലാശാല കോളേജുകൾ എന്നിവ 'ജി' എന്ന വിഭാഗത്തിൽ പെടും. സർക്കാർ/സർവകലാശാലാ നിയന്ത്രിത സ്വാശ്രയ കോളേജുകൾ 'എൻ' വിഭാഗത്തിലും, സ്വകാര്യ സ്വാശ്രയ കോളേജുകൾ 'എസ്' എന്ന വിഭാഗത്തിലും.

ഓപ്ഷൻ: എന്ത്? എങ്ങനെ നൽകാം

എൻജിനിയറിങ്ങിന് കോളേജ് ടൈപ്പ് (ജി/എൻ/എസ്), ഒരു നിശ്ചിത കോളേജ്, അതിലെ ഒരു ബ്രാഞ്ച് എന്നിവ ചേരുന്നതാണ് പൊതുവേ ഒരു ഓപ്ഷൻ. എന്നാൽ ചിലപ്പോൾ ഫീസും ഓപ്ഷനിൻ ഒരു ഘടകമാകാം. സർക്കാർ/സർവകലാശാലാ നിയന്ത്രിത വിഭാഗത്തിൽ (എൻ) ഒരു സ്ഥാപനത്തിൽത്തന്നെ കുറഞ്ഞ ഫീസുള്ള സർക്കാർ സീറ്റും ഉയർന്ന ഫീസുള്ള മാനേജ്മെന്റ് സീറ്റും ഉണ്ടാകും. ഇവ ഓരോന്നും ഓരോ ഓപ്ഷൻ ആണ്. ഇവിടെ കോളേജ്, ബ്രാഞ്ച്, ഗവൺമെന്റ് ക്വാട്ട/കുറഞ്ഞ ഫീസ് എന്നിവ ചേരുന്നത് ഒരു ഓപ്ഷനും അതേകോളേജ്, അതേ ബ്രാഞ്ച്, മാനേജ്മെന്റ് ക്വാട്ട/ഉയർന്ന ഫീസ് എന്നിവ ചേരുന്നത് മറ്റൊരു ഓപ്ഷനുമാണ്.

ഫാർമസിയുടെ കാര്യത്തിൽ ബി.ഫാം. കോഴ്സ്, കോളേജ് വിഭാഗം (ജി/എസ്), നിശ്ചിത കോളേജ് എന്നിവ ചേരുന്നതാണ് ഓപ്ഷൻ. ഈ വിവരങ്ങൾ എല്ലാം വ്യക്തമായി വിദ്യാർഥിയുടെ ഓപ്ഷൻ പേജിൽ കാണാൻ കഴിയും. ബുദ്ധിമുട്ടില്ലാതെ ഓപ്ഷൻ തിരഞ്ഞെടുക്കാനും കഴിയും.

ഓപ്ഷൻ രജിസ്ട്രേഷൻ

കീം പ്രക്രിയയിൽ ഒരു അപേക്ഷാർഥി എൻജിനിയറിങ്, ഫാർമസി എന്നിവയിൽ ഏതെങ്കിലും ഒരു റാങ്ക് പട്ടികയിലോ, രണ്ടിലുമോ ഉൾപ്പെട്ടിരിക്കാം. താൻ ഉൾപ്പെട്ടിട്ടുള്ള സ്ട്രീമിലെ/സ്ട്രീമുകളിലെ ലഭ്യമായ എല്ലാ ഓപ്ഷനുകളും മൊത്തത്തിൽ പരിഗണിച്ച്, അവയ്ക്ക് ആപേക്ഷിക മുൻഗണന നിശ്ചയിച്ച് താത്‌പര്യങ്ങൾ ഓൺലൈനായി പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്ട്രേഷൻ.

www.cee.kerala.gov.in ലെ കീം 2020 കാൻഡിഡേറ്റ് പോർട്ടലിൽ അപേക്ഷാർഥിയുടെ ഹോം പേജ് വഴിയാണ് ഓപ്ഷൻ നൽകേണ്ടത്. ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിക്കാം. അവിടെ ഇടതുഭാഗത്ത് കാണുന്ന 'ഓപ്ഷൻ രജിസ്ട്രേഷൻ' ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ എത്തും. അവിടെ സ്ക്രീൻ രണ്ടായി തിരിച്ചുകാണാം. ഇടതുഭാഗത്ത് 'ലഭ്യമായ ഓപ്ഷനുകൾ', സ്ട്രിം അനുസരിച്ച് ഒന്നിനുതാഴെ മറ്റൊന്നായി കാണാൻ കഴിയും. അതിലെ വിവരങ്ങൾ പരിശോധിച്ച്, അവയിൽനിന്നും മുൻഗണനാ ക്രമത്തിൽ 'സെലക്ട്' ബട്ടൺ ക്ലിക്കു ചെയ്ത് ഒന്നിനുപിറകെ മറ്റൊന്നായി ഓപ്ഷനുകൾ തിരഞ്ഞെടുക്കണം. ആദ്യ പരിഗണന വേണ്ടത് ആദ്യം സെലക്ട് ചെയ്യണം.

തിരഞ്ഞെടുക്കപ്പെടുന്നവ, തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ, 1, 2, 3... എന്ന ക്രമനമ്പർ കാണിച്ച് വലതുഭാഗത്ത്, 'നിലവിൽ തിരഞ്ഞെടുത്തവ' എന്ന തലക്കെട്ടിനു താഴെ, ഒന്നിനുതാഴെ മറ്റൊന്നായി വരും. ഏറ്റവും ആദ്യംതന്നെ പരിഗണിക്കേണ്ട ഓപ്ഷനാണ് ഒന്നാം ഓപ്ഷനായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ, അതു ലഭിക്കാതെ പോയാൽ, പരിഗണിക്കേണ്ടത് ഏത് ഓപ്ഷനാണോ അതായിരിക്കണം രണ്ടാം ഓപ്ഷൻ. ഈ തത്ത്വംവെച്ച് താത്‌പര്യമുള്ളത്രയും ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

'എൻ' വിഭാഗത്തിൽ ഒരു ബ്രാഞ്ചിലെ ഗവ. സീറ്റ്, മാനേജ്മെന്റ് സീറ്റ് എന്നിവ രണ്ടും ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തുന്നവർ, കുറഞ്ഞ ഫീസുള്ള ഓപ്ഷന് (ഗവ. സീറ്റ്) മുൻഗണന/ഉയർന്ന പരിഗണന കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എൻജിനിയറിങ്ങിന്റെയും ഫാർമസിയുടെയും റാങ്ക് പട്ടികകളിലുള്ളവർക്ക് ഓരോ സ്ട്രീമിലേക്കും പ്രത്യേകം ഓപ്ഷൻ നൽകാൻ കഴിയില്ല. ഇവർ താത്‌പര്യം അനുസരിച്ച് രണ്ടിലെയും ലഭ്യമായ ഓപ്ഷനുകൾ മൊത്തത്തിൽ പരിഗണിച്ച് ആപേക്ഷിക മുൻഗണന നിശ്ചയിച്ച് ഇടകലർത്തിയോ അല്ലാതയോ താത്‌പര്യമനുസരിച്ച് ഇവിടെ സൂചിപ്പിച്ച രീതിയിൽ ഓപ്ഷനുകൾ തിരഞ്ഞെടുത്തു നൽകണം.

ഓപ്ഷൻ സ്ഥാനം മാറ്റാൻ

തിരഞ്ഞെടുക്കപ്പെടുന്ന ഓപ്ഷനുകളുടെ മുൻഗണനാക്രമം ഒരു സ്ഥാനം മുകളിലേക്കു മാറ്റാൻ, ആ ഭാഗത്തുള്ള 'അപ് ആരോ' ക്ലിക്കു ചെയ്യണം. ഒരു സ്ഥാനം താഴേക്കു മാറ്റാൻ 'ഡൗൺ ആരോ' ക്ലിക്കു ചെയ്യണം. നിശ്ചിത സ്ഥാനത്തേക്കു മാറ്റാൻ, 'മൂവ് ടു' ക്ലിക് ചെയ്ത്, സ്ഥാന നമ്പർ തിരഞ്ഞെടുത്താൽ മതി. തിരഞ്ഞെടുക്കപ്പെട്ട ഒരു ഓപ്ഷൻ ഒഴിവാക്കാൻ, അതിന്റെ വല്ലതുഭാഗത്തെ 'ഡിലിറ്റ്' ബട്ടൺ ക്ലിക് ചെയ്യണം. അത് ഇടതു പാതിയിലേക്ക് മാറും. പിന്നീട് വേണമെങ്കിൽ അതുതന്നെ വീണ്ടും തിരഞ്ഞെടുക്കാം. അപ്പോൾ അത് വലതുഭാഗത്തേക്ക് മാറും.

തിരഞ്ഞെടുത്ത ഓപ്ഷനുകൾ, 'സേവ്' ചെയ്യാനുള്ള ലിങ്ക് മുകളിൽ ഇടതുഭാഗത്തുണ്ട്. നിർദേശങ്ങളും അവിടെ ലഭിക്കും. ഓപ്ഷൻ നൽകിക്കഴിഞ്ഞ് 'പ്രിന്റ് ഓപ്ഷൻ ലിസ്റ്റ്' ക്ലിക് ചെയ്ത് പ്രിന്റ്ഔട്ട് എടുത്തു വെക്കാം. അതായിരിക്കും ഓപ്ഷൻ പട്ടിക. അതിൽ കോളേജ് ടൈപ്പ്, കോഴ്സ്/ബ്രാഞ്ച്, കോളേജിന്റെ പേര് മുതലായവ ഓപ്ഷന്റെ മുൻഗണനയനുസരിച്ച് കാണാൻകഴിയും.

ഓരോ തവണയും പേജിൽ കയറിയ ശേഷം പേജിൽനിന്നും പുറത്തുവരാൻ 'ലോഗ് ഔട്ട്' ക്ലിക് ചെയ്യണം. ഇത് ചെയ്യാൻ മറന്നുപോകരുത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സമയപരിധിക്കുള്ളിൽ എത്രതവണ വേണമെങ്കിലും ഓപ്ഷൻ ക്രമം മാറ്റാം. സമയപരിധി കഴിയുമ്പോൾ പേജിൽ ഉള്ള ക്രമത്തിലാണ് ഓപ്ഷനുകൾ പരിഗണിക്കുക. 1, 2, 3... എന്ന ക്രമത്തിലാണ് ഓപ്ഷനുകൾ പരിഗണിക്കുക. അലോട്മന്റിൽ ഏതെങ്കിലും ഒരു ഓപ്ഷൻ അനുവദിച്ചാൽ അതിനു താഴെയുള്ളവ പരിഗണിക്കുകയേ ഇല്ല. അതിനാൽ കൂടുതൽ താത്‌പര്യമുള്ളവയ്ക്ക് ഉയർന്ന പരിഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

എത്ര ഓപ്ഷൻ നൽകാം?

ലഭ്യമായ ഓപ്ഷനുകളിൽ എല്ലാത്തിലേക്കും പരിഗണിക്കപ്പെടണമെങ്കിൽ മാത്രം എല്ലാ ഓപ്ഷനുകളും നൽകാം. എന്നാൽ, ഉള്ളവയിൽ ചിലതിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ അവ മാത്രം നൽകുക. എത്ര ഓപ്ഷനുകൾ നൽകണമെന്ന് അപേക്ഷാർഥി തന്നെ തീരുമാനിക്കണം. വളരെ ഉയർന്ന റാങ്കുകാർക്ക് അലോട്ട്മെന്റ് ലഭിക്കാൻ, പരിമിതമായ ഓപ്ഷനുകൾ മതിയായേക്കാം. പക്ഷേ, താഴ്ന്ന റാങ്കുകാർ, കൂടുതൽ ഓപ്ഷനുകൾ നൽകേണ്ടി വരും. നൽകുന്നത് എത്ര ഓപ്ഷനുകൾ ആയാലും അനുവദിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ളവമാത്രം നൽകുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കാത്ത പക്ഷം അലോട്ട്മെന്റ് നഷ്ടപ്പെടുന്നതിനൊപ്പം ആ സ്ട്രീമിൽ നിന്നും പുറത്താവുകയും ചെയ്യും.

ഇപ്പോൾ നൽകുന്ന ഓപ്ഷനുകളായിരിക്കും തുടർന്നുള്ള റൗണ്ടുകളിലും പരിഗണിക്കുക. ഇപ്പോഴുള്ള ഓപ്ഷനുകളിൽ, രജിസ്റ്റർ ചെയ്യാത്തവ ഒന്നും തന്നെ തുടർന്നുള്ള റൗണ്ടിൽ ഓപ്ഷൻ പട്ടികയിൽ കൂട്ടിച്ചേർക്കാൻ പറ്റില്ല. എന്നാൽ, ആദ്യ റൗണ്ടിൽ ഇല്ലാതിരുന്ന ഓപ്ഷനുകൾ പിന്നീട് വരുന്ന പക്ഷം ഓപ്ഷൻ പട്ടികയിൽ ഇഷ്ടമുള്ള സ്ഥാനത്ത് ഉൾപ്പെടുത്താൻ കഴിയും.

ട്രയൽ അലോട്ട്മെന്റ്

ഒരു നിശ്ചിത സമയപരിധിക്കകം അപേക്ഷാർഥികൾ രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടു നടത്തുന്ന ഒരു സൂചനാ അലോട്ട്മെന്റാണ് ട്രയൽ അലോട്മെന്റ്. അപേക്ഷാർഥി നൽകിയ ഓപ്ഷനുകൾ പരിഗണിച്ചാൽ ആ സമയത്ത് ഒരു സീറ്റ് കിട്ടാൻ സാധ്യതയുണ്ടോ എന്ന് ഇതുവഴി മനസ്സിലാക്കാൻ കഴിയും. ട്രയൽ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിലുള്ള അവസാന റാങ്ക് നില പരിശോധിച്ച് ഓപ്ഷനുകളിൽ വേണ്ട മാറ്റംവരുത്താൻ അപേക്ഷാർഥികൾക്ക് കഴിയും. ആവശ്യമെങ്കിൽ കൂടുതൽ ഓപ്ഷനുകൾ ചേർക്കാം. താത്‌പര്യമില്ലാത്തവ ഒഴിവാക്കാം. പേര് സൂചിപ്പിക്കും പോലെ ഇത് ട്രയൽ ആണ്. ഇതിൽ അലോട്ട്മെന്റ് കിട്ടുന്നവർക്ക്, യഥാർഥ അലോട്ട്മെന്റിൽ സീറ്റ് കിട്ടണമെന്നില്ല എന്ന കാര്യവും ഓർക്കുക.

Content Highlights: KEAM 2020 Option registration details

Content Highlights: