'ഇത് കോര്‍പ്പറേറ്റ് ഓഫീസാണോ'; 45 കോടി രൂപ ചെലവില്‍ മുണ്ടേരി സ്‌കൂളിലൊരുക്കിയ സൗകര്യങ്ങളിങ്ങനെ

കണ്ണൂരിലെ മുണ്ടേരി സ്‌കൂള്‍ ഒരു വിസ്മയമാണ്. ക്ലാസ്മുറിക്കുപുറത്തും അകത്തും കാഴ്ച അത്തരത്തിലാണ്. ക്ലാസ്മുറി കണ്ടാല്‍ സംശയം തോന്നാം, ഇത് കോര്‍പ്പറേറ്റ് ഓഫീസാണോ എന്ന്! കണ്ണൂരിലെ ഗ്രാമപ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഇങ്ങനെ ലോകനിലവാരത്തിലെത്തുമെന്ന് ചിന്തിക്കാന്‍പോലുമാകില്ല. 45 കോടി രൂപ ചെലവില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ സമാനതകളില്ലാത്തതാണ്.
സ്‌കൂളിനെ ഉയരങ്ങളിലെത്തിക്കുക എന്നത് കെ.കെ. രാഗേഷ് എം.പി.യായിരുന്നപ്പോള്‍ കണ്ട സ്വപ്നമാണ്. ഏറെ പ്രയത്‌നത്തിനൊടുവില്‍ സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ സാമൂഹികപ്രതിബദ്ധതാഫണ്ട് (സി.എസ്.ആര്‍.) ഉപയോഗപ്പെടുത്തിയാണ് സ്‌കൂളിനെ ഈ നിലയിലേക്ക് ഉയര്‍ത്തിയെടുത്തത്. 'മുദ്ര' (മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഡെവലപ്മെന്റ് റിഫോമേഷന്‍ ആന്‍ഡ് അക്കാദമിക്ക് അഡ്വാന്‍സ്മെന്റ്) പ്ലാന്‍ വഴി.
ബോര്‍ഡിന്റെ വലുപ്പത്തില്‍ ടച്ച്‌സ്‌ക്രീന്‍
29 സ്മാര്‍ട്ട് ക്ലാസ്മുറികള്‍ സജ്ജമായി. കുറച്ചെണ്ണം ബാക്കിയുണ്ട്. ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ (ഐ.എഫ്.പി.) സംവിധാനമാണ് ക്ലാസ്മുറികളില്‍. ബോര്‍ഡിന്റെ വലുപ്പമുള്ള ടച്ച് സ്‌ക്രീന്‍ ആണിത്. ടെക്‌സ്റ്റ് ബുക്ക് അതിലുണ്ട്. വേണ്ടത് തൊട്ടാല്‍ പാഠഭാഗങ്ങള്‍ തെളിയും. ബ്ലാക്ക്/വൈറ്റ് ബോര്‍ഡായും ഉപയോഗിക്കാം. വീഡിയോ ഉണ്ട്. ടീച്ചര്‍ മോഡ് മാത്രമല്ല സ്റ്റുഡന്റ് മോഡും ഉണ്ട്. കുട്ടികള്‍ക്കും ഉപയോഗിക്കാം.
- നല്ല ഇരിപ്പിടം, മികച്ച ഡെസ്‌ക്, ഒരുകുട്ടിക്ക് ഒരു ഷെല്‍ഫ്. ക്ലാസ്റൂം ലൈബ്രറി, ലൈബ്രറി ഹാള്‍, റീഡിങ് ഹാള്‍. 15,000 പുസ്തകങ്ങള്‍
- ഹയര്‍ സെക്കന്‍ഡറി സയന്‍സ് ലാബുകള്‍ ഐസര്‍ മാതൃകയില്‍ രൂപപ്പെടുത്തിയത്. 60 കുട്ടികള്‍ക്ക് ഒരേസമയത്ത് പ്രാക്ടിക്കല്‍ ചെയ്യാം. മാത്സ് ലാബ്, ലാംഗ്വേജ് ലാബ് എന്നിവ വേറെ
- 150 കുട്ടികള്‍ക്ക് ഇരിക്കാവുന്ന ഇന്ററാക്ടീവ് ഡിജിറ്റല്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുറി ഒരുങ്ങുന്നു. ഓരോ കുട്ടിക്കും മൈക്ക് പോയന്റ്. ലോകത്ത് എവിടെനിന്നും ക്ലാസുകള്‍ കേള്‍പ്പിക്കാം.
- ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍, ബാഡ്മിന്റണ്‍ എന്നിവയ്ക്കായി പ്രത്യേക കോര്‍ട്ടുകള്‍. നീന്തല്‍ക്കുളം
- വൈദ്യുതിയുത്പാദനത്തിന് സ്വന്തം 100 കെ.ഡബ്‌ള്യു.എ. സോളാര്‍ പ്ലാന്റ്. അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കും
- നിലവില്‍ എട്ടുമുതല്‍ 12 വരെ ആയിരത്തിലധികം കുട്ടികളുണ്ട്. 2000 കുട്ടികളെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്
- അഡ്വാന്‍സ്ഡ് സയന്‍സ് ലാബ് തയ്യാറാകുന്നു. റോബോട്ടിക് സംവിധാനമുള്ള ഇന്നൊവേറ്റീവ് ലാബാണിത്.
- ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബയോഡൈവേഴ്സിറ്റി പാര്‍ക്ക്. സയന്‍സ് മ്യൂസിയം. 500 ചതുരശ്രയടി കെട്ടിടംപണി അവസാനഘട്ടത്തില്‍
- എ.സി. ഓഡിറ്റോറിയം ഒരുങ്ങുന്നു. 1000 കുട്ടികള്‍ക്ക് ഇരിക്കാം. ബാല്‍ക്കണിയുമുണ്ട്. എ.സി. ഡൈനിങ് ഹാള്‍ തയ്യാറാകുന്നു
- പ്ലാനറ്റേറിയംപണി നടക്കുന്നു. ഒരുങ്ങുന്നത് ആധുനിക 7ഡി തിയേറ്റര്‍. ഒപ്പം വാനനിരീക്ഷണകേന്ദ്രവും
പ്രതിഭകളെ വളര്‍ത്തിയെടുക്കുക ലക്ഷ്യം
45 കോടിയുടെ പ്രോജക്ട്. 34 കോടിയോളം ചെലവഴിച്ചു. 32 കോടി സി.എസ്.ആര്‍. ഫണ്ട്. ബാക്കി കിഫ്ബി, എം.പി. ഫണ്ട്, എം.എല്‍.എ. ഫണ്ട്. എല്ലാ മേഖലയിലും പ്രതിഭകളെ വളര്‍ത്തിയെടുക്കണമെന്നാണ് ലക്ഷ്യം. അതിനനുസരിച്ച് അക്കാദമികരീതികള്‍ ആസൂത്രണംചെയ്യും.
കെ.കെ. രാഗേഷ്, മുന്‍ എം.പി., രാജ്യസഭ
Content Highlights: Kannur Munderi government school have High-tech facilities worth 45 crore