ജിപ്മറില്‍ ബിഎസ്‌സി നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകള്‍

ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍-പുതുച്ചേരി) വിവിധ നാലുവര്‍ഷ ബിഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി നഴ്‌സിങ്, ബിഎസ്സി അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ 11 എണ്ണം. ബാച്ച്ലര്‍ ഓഫ്/ബിഎസ്‌സി: മെഡിക്കല്‍ ലബോറട്ടറി സയന്‍സസ്, അനസ്തീസ്യ ടെക്‌നോളജി, ഒപ്‌ടോമെട്രി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറപ്പി ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഇന്‍ ബ്ലഡ് ബാങ്കിങ്, മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോതെറപ്പി ടെക്‌നോളജി. എല്ലാ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാലുവര്‍ഷമാണ്.
ബിഎസ്‌സി നഴ്‌സിങ്ങില്‍ 24 ആഴ്ച ദൈര്‍ഘ്യമുള്ള പെയ്ഡ് ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടും. ബാച്ച്ലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സസില്‍ മൂന്നരവര്‍ഷത്തെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും ആറുമാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉണ്ടാകും. മറ്റ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകള്‍ക്ക് മൂന്നുവര്‍ഷത്തെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും ഒരുവര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും.
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് ഓരോന്നും ജയിച്ച്, പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം (പട്ടിക, ഒബിസി വിഭാഗക്കാര്‍ക്ക് 40 ശതമാനം, ജനറല്‍ യുആര്‍, ഇഡബ്ല്യുഎസ് വിഭാഗ ഭിന്നശേഷിവിഭാഗക്കാര്‍ക്ക് 45 ശതമാനം).
2025 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം (2009 ജനുവരി ഒന്നിനോ മുന്‍പോ ജനിച്ചവരായിരിക്കണം). ഉയര്‍ന്ന പ്രായപരിധിയില്ല. നീറ്റ്-യുജി 2025 യോഗ്യത നേടിയിരിക്കണം.
അപേക്ഷ
വിശദാംശങ്ങള്‍ അടങ്ങുന്ന പ്രോസ്‌പെക്ടസ് jipmer.edu.in/whats-new -ലെ വിജ്ഞാപന ലിങ്കില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി സെപ്റ്റംബര്‍ 22-ന് വൈകീട്ട് നാലുവരെ നടത്താം. നീറ്റ് യുജി 2025 റാങ്ക്/മെറിറ്റ് അടിസ്ഥാനമാക്കി കൗണ്‍സലിങ്ങിന് അര്‍ഹത നേടുന്നവരുടെ പട്ടിക ഒക്ടോബര്‍ എട്ടിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ക്ലാസുകള്‍ ഒക്ടോബര്‍ 27-ന് തുടങ്ങിയേക്കും.
സീറ്റ് ഉപേക്ഷിച്ചാല്‍ പിഴ
ആദ്യ സീറ്റ് അലോട്‌മെന്റ് കഴിഞ്ഞ് അന്തിമ കൗണ്‍സലിങ്ങിനുമുന്‍പ് സീറ്റ് വേണ്ടെന്നുവെച്ചാല്‍ പിഴയായി പതിനായിരം രൂപ അടയ്ക്കണം.
ഫൈനല്‍ കൗണ്‍സലിങ് കഴിഞ്ഞ് ആദ്യ അക്കാദമിക് വര്‍ഷത്തിന് അവസാനംവരെ സീറ്റ് ഒഴിഞ്ഞാല്‍ ഇരുപത്തയ്യായിരം രൂപയും രണ്ടാം അക്കാദമിക് വര്‍ഷംമുതല്‍ നാലാം അക്കാദമിക് വര്‍ഷംവരെ സീറ്റ് ഒഴിഞ്ഞാല്‍ അന്‍പതിനായിരം രൂപയും പിഴ അടയ്‌ക്കേണ്ടിവരും. അടച്ച ഫീ ആര്‍ക്കും തിരികെലഭിക്കുന്നതല്ല.
ഫീ ഘടന
ഒറ്റത്തവണ നല്‍കേണ്ടവ: അഡ്മിഷന്‍ ഫീ -2500 രൂപ, ഐഡന്റിറ്റി കാര്‍ഡ് -150 രൂപ, കോഷന്‍ ഡിപ്പോസിറ്റ് -3000 രൂപ. പ്രതിവര്‍ഷം നല്‍കേണ്ട ഫീ: അക്കാദമിക്/ട്യൂഷന്‍ ഫീ -1200 രൂപ; ജിപ്മര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഫീ -1000 രൂപ, ലേണിങ് റിസോഴ്‌സസ് ഫീ -2000 രൂപ, കോര്‍പസ് ഫണ്ട് ഓണ്‍ അക്കാദമിക് ഫീ -60 രൂപ, സ്റ്റുഡന്റ്് ഇന്‍ഫര്‍മേഷന്‍ ഡിറ്റെയില്‍സ് -1500 രൂപ.
Content Highlights: Apply now for JIPMER`s 4-year BSc programs in Nursing and 11 Allied Health Science specializations