ജെഇഇ അഡ്വാന്‍സ്ഡ് 2026: അപേക്ഷിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കണം ഈ യോഗ്യതാവ്യവസ്ഥകള്‍

#ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് യോഗ്യതാ വ്യവസ്ഥകള്‍ സംഘാടക സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂര്‍ഖി പ്രസിദ്ധീകരിച്ചു. 23 ഐഐടികളിലെ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് ജെഇഇ അഡ്വാന്‍സ്ഡ് നടത്തുന്നത്.

അഞ്ച് യോഗ്യതാവ്യവസ്ഥകള്‍

1. അപേക്ഷകര്‍ 2026-ലെ ജെഇഇ മെയിന്‍ ഒന്നാം പേപ്പറില്‍ (ബിഇ/ബിടെക് പേപ്പര്‍) വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന 2,50,000 പേരില്‍ ഉള്‍പ്പെട്ടിരിക്കണം. ഈ രണ്ടരലക്ഷംപേരില്‍, ഓരോ കാറ്റഗിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ ശതമാനം ഇപ്രകാരമായിരിക്കും: ജനറല്‍-ഇഡബ്ല്യുഎസ്-10, ഒബിസി-എന്‍സിഎല്‍-27, എസ്‌സി-15, എസ്ടി-7.5, ബാക്കി-40.5, എല്ലാവര്‍ക്കുമുള്ള ഓപ്പണ്‍ വിഭാഗം.

ഈ അഞ്ചുവിഭാഗങ്ങളില്‍ ഓരോന്നിലും അഞ്ചുശതമാനം ബന്ധപ്പെട്ട വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്കായി സംവരണംചെയ്തിട്ടുണ്ട് (ഹൊറിസോണ്ടല്‍ സംവരണം). ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ/അര്‍ഹത ലഭിക്കുന്നവരുടെ എണ്ണം:

ഓപ്പണ്‍-96187, ജനറല്‍-ഇഡബ്ല്യുഎസ്-23750, ഒബിസി എന്‍സിഎല്‍ -64125, എസ്‌സി-35625, എസ്ടി -17812. സൂചിപ്പിച്ച ഓരോ വിഭാഗത്തില്‍നിന്നും പരീക്ഷ അഭിമുഖീകരിക്കാന്‍ അര്‍ഹത ലഭിക്കുന്ന ഭിന്നശേഷിക്കാര്‍ യഥാക്രമം ഇപ്രകാരമാണ് -5063, 1250, 3375, 1875, 938.

ടൈഡ് റാങ്കുകള്‍/സ്‌കോറുകള്‍ പരിഗണിക്കേണ്ടി വരുന്നതുകൊണ്ട് അര്‍ഹത നേടുന്നവരുടെ മൊത്തം എണ്ണം, രണ്ടരലക്ഷത്തിലും അല്പം കൂടുതലായിരിക്കും. 2025-ല്‍ 2,50,243 പേരാണ് യോഗ്യത നേടിയത്. ഒസിഐ/പിഐഒ വിഭാഗക്കാര്‍ക്ക്, ഓപ്പണ്‍ -പിഡബ്ല്യുഡി വിഭാഗത്തില്‍ ഒഴികെ, ഒരു വിഭാഗത്തിലെയും സംവരണാനുകൂല്യത്തിന് അര്‍ഹതയുണ്ടാകില്ല. അവരെ ഓപ്പണ്‍, ഓപ്പണ്‍ -പിഡബ്ല്യുഡി (ബാധകമെങ്കില്‍) റാങ്ക് പട്ടികകളിലേക്കേ പരിഗണിക്കൂ.

2. 2001 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ആയിരിക്കണം ജനിച്ചത്. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ എങ്കില്‍ 1996 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ജനിച്ചവര്‍ക്ക് അര്‍ഹതയുണ്ടാകും.

3. തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലായി പരമാവധി രണ്ടുതവണമാത്രമേ ഒരാള്‍ക്ക് അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയൂ.

4. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ നിര്‍ബന്ധവിഷയങ്ങളായി പഠിച്ച് 2025-ലോ, 2026-ലോ ക്ലാസ് 12/തത്തുല്യ പരീക്ഷ ആദ്യമായി അഭിമുഖീകരിച്ചിരിക്കണം. 2023-24 അധ്യയനവര്‍ഷത്തെ ക്ലാസ് 12/തത്തുല്യ ബോര്‍ഡ് പരീക്ഷാഫലം ബന്ധപ്പെട്ട പരീക്ഷാബോര്‍ഡ് 2024 ജൂണ്‍ 18-നോ ശേഷമോ ആണ് പ്രഖ്യാപിച്ചതെങ്കില്‍, പ്രസ്തുത ബോര്‍ഡ് പരീക്ഷ 2024-ല്‍ അഭിമുഖീകരിച്ചവര്‍ക്കും മറ്റ് യോഗ്യതാ വ്യവസ്ഥകള്‍ അവര്‍ തൃപ്തിപ്പെടുത്തിയിരിക്കണമെന്നതിനുവിധേയമായി അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാം.

5. അപേക്ഷാര്‍ഥി 2025-ലെ ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) ബിസിനസ് റൂള്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐഐടികളിലെ ഏതെങ്കിലും അക്കാദമിക് പ്രോഗ്രാമില്‍ പ്രവേശനം നേടിയിരിക്കരുത്. പഠനം തുടര്‍ന്നിരുന്നാലും തുടര്‍ന്നിട്ടില്ലെങ്കിലും അല്ലെങ്കില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്/റിപ്പോര്‍ട്ടിങ് സെന്ററില്‍ ഹാജരായി ഐഐടി സീറ്റ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ വ്യവസ്ഥ ബാധകമാണ്.

ഐഐടിയില്‍ പ്രവേശനംനേടിയ ശേഷം, ഏതു കാരണത്താലാണെങ്കിലും പ്രവേശനം റദ്ദ് ചെയ്യപ്പെട്ടവര്‍ക്കും അഭിമുഖീകരിക്കാന്‍ അര്‍ഹതയില്ല.

എന്നാല്‍, ജോസ വഴി ഒരു സീറ്റ് ഐഐടിയില്‍ അലോട്ട് ചെയ്യപ്പെട്ട ശേഷം ഓണ്‍ലൈന്‍ ആയി/റിപ്പോര്‍ട്ടിങ് സെന്ററില്‍, റിപ്പോര്‍ട്ടിങ് നടത്താത്തവര്‍, അവസാനറൗണ്ട് സീറ്റ് അലോട്‌മെന്റിനുമുന്‍പ് പിന്‍വാങ്ങിയവര്‍, ഐഐടി അവസാന റൗണ്ട് അലോട്‌മെന്റിനു മുന്‍പ് അവരുടെ സീറ്റ് കാന്‍സല്‍ ചെയ്യപ്പെട്ടവര്‍ (കാരണം എന്തുമാകാം) എന്നിവര്‍ക്ക് പരീക്ഷ അഭിമുഖീകരിക്കാം.

ഐഐടികളിലെ ഏതെങ്കിലും പ്രിപ്പറേറ്ററി കോഴ്‌സില്‍ ആദ്യമായി 2025-ല്‍ പ്രവേശനം നേടിയവര്‍ക്കും അഭിമുഖീകരിക്കാം.

ഇവരെല്ലാം പ്രവേശനത്തിനുവേണ്ട മറ്റ് നാല് യോഗ്യതാ വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തണം.യോഗ്യതാവ്യവസ്ഥകള്‍ jeeadv.ac.in-ല്‍ ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍, മറ്റ് വ്യവസ്ഥകള്‍ തുടങ്ങിയവ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കാം. നിലവിലെ വ്യവസ്ഥകളില്‍ ചിലത്:

ഐഐടികള്‍

ബോംബെ (www.iitb.ac.in), ഡൽഹി (home.iitd.ac.in), മദ്രാസ് (www.iitm.ac.in), കാൺപുർ (www.iitk.ac.in), ഖരഗ്പുർ (www.iitkgp.ac.in), ഗുവാഹാട്ടി (www.iitg.ac.in), റൂർഖി (www.iitr.ac.in), ധൻബാദ് (www.iitism.ac.in), വാരാണസി (www.iitbhu.ac.in), ഭിലായ് (www.iitbhilai.ac.in), ഭുവനേശ്വർ (www.iitbbs.ac.in), ധാർവാഡ് (www.iitdh.ac.in), ഗാന്ധിനഗർ (iitgn.ac.in), ഗോവ (iitgoa.ac.in), ഹൈദരാബാദ് (www.iith.ac.in), ഇന്ദോർ (www.iiti.ac.in), ജമ്മു (www.iitjammu.ac.in), ജോധ്‌പുർ (www.iitj.ac.in), മാൺഡി (www.iitmandi.ac.in), പാലക്കാട് (iitpkd.ac.in), പട്ന (www.iitp.ac.in), റോപ്പർ (www.iitrpr.ac.in), തിരുപ്പതി (www.iittp.ac.in).

അക്കാദമിക് പ്രോഗ്രാമുകള്‍

  • നാലുവര്‍ഷ പ്രോഗ്രാമുകള്‍: ബാച്ച്ലര്‍ ഓഫ് ടെക്‌നോളജി (ബിടെക്), ബാച്ച്ലര്‍ ഓഫ് സയന്‍സ് (ബിഎസ്).
  • അഞ്ചുവര്‍ഷ പ്രോഗ്രാമുകള്‍: ബാച്ച്ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്ക്), ബിടെക്.- എംടെക് ഡ്യുവല്‍ ഡിഗ്രി, ബിഎസ്-എംഎസ് ഡ്യുവല്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ് എംടെക്, ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ്, ഡ്യുവല്‍ ഡിഗ്രി ബിടെക്-എംബിഎ, ഡ്യുവല്‍ ഡിഗ്രി ബിഎസ് - എംബിഎ
  • പാലക്കാട് ഐഐടിയില്‍ സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്നീ ബിടെക് പ്രോഗ്രാമുകളാണുള്ളത്.

ഐഐടി ബിആര്‍ക്ക് പ്രവേശനം

ജെഇഇ അഡ്വാന്‍സ്ഡ് യോഗ്യത നേടുന്നവര്‍ക്ക് വാരാണസി, ഖരഗ്പുര്‍, റൂര്‍ഖി എന്നീ ഐഐടികളിലുള്ള ബിആര്‍ക്ക് പ്രോഗ്രാം പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (എഎടി) രജിസ്റ്റര്‍ചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ഇത് ഒരു യോഗ്യതാ പരീക്ഷമാത്രമാണ്. നിശ്ചയിക്കപ്പെടുന്ന കട്ട്- ഓഫ് മാര്‍ക്ക് (എത്രയെന്ന് മുന്‍കൂട്ടി അറിയിക്കാറില്ല) നേടുന്നവര്‍, ജയിച്ചതായി പരിഗണിക്കും. എല്ലാ വിഭാഗക്കാര്‍ക്കും പൊതുവായ ഒരു കട്ട് - ഓഫ് ആയിരിക്കും. കാറ്റഗറി അനുസരിച്ച് പ്രത്യേകം പ്രത്യേകം കട്ട്-ഓഫ് ഉണ്ടായിരിക്കില്ല. മാത്രമല്ല, ഈ പരീക്ഷയ്ക്ക് പ്രത്യേകം റാങ്കും ഉണ്ടാകില്ല. ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയില്‍ യോഗ്യത നേടുന്നവരുടെ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാകും ഐഐടി ബിആര്‍ക്ക്. പ്രവേശനം.

സ്‌കോര്‍ പരിഗണിക്കുന്ന കേന്ദ്രസ്ഥാപനങ്ങള്‍

മറ്റുചില കേന്ദ്രസ്ഥാപനങ്ങളും ഈ പരീക്ഷയിലെ സ്‌കോര്‍/റാങ്ക് പരിഗണിച്ച് അവരുടെ ചില പ്രോഗ്രാമുകളില്‍ പ്രത്യേകം വിജ്ഞാപനംവഴി പ്രവേശനം നല്‍കാറുണ്ട്. ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക്/സ്‌കോര്‍ മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള മറ്റുസ്ഥാപനങ്ങള്‍:

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് -ബെംഗളൂരു: ബിഎസ് (റിസർച്ച്), ബിടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് വിവരങ്ങൾക്ക്: iisc.ac.in/admissions

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി -തിരുവനന്തപുരം: ബിടെക്, ബിടെക് - എംഎസ്/എംടെക് ഡ്യുവൽ ഡിഗ്രി. വിവരങ്ങൾക്ക്: www.iist.ac.in

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി -വിശാഖപട്ടണം: ബിടെക്. വിവരങ്ങൾക്ക്: iipe.ac.in

• രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി -റായ്ബറേലി: ബിടെക്/ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി. വിവരങ്ങൾക്ക്: www.rgipt.ac.in

ഈ വര്‍ഷവും ഈ ചാനല്‍ പ്രവേശനം ഈ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതത് സ്ഥാപനത്തിലേക്ക് യഥാസമയം അപേക്ഷിക്കണം.

സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍

ബിരുദതല സയന്‍സ് പഠനത്തിനുനല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന് (ഷീ) അപേക്ഷിക്കാനുള്ള ഒരു മാനദണ്ഡം ജെഇഇ അഡ്വാന്‍സ്ഡ് റാങ്കാണ്.

പരീക്ഷയില്‍ 10000-ത്തിനുള്ളില്‍ റാങ്ക് നേടുന്നവര്‍ക്ക് മറ്റ് യോഗ്യതാ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: online-inspire.gov.in

ഐസര്‍: ജെഇഇ അഡ്വാന്‍സ്ഡ് ചാനല്‍ നിലവിലില്ല

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) 2023 വരെ ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ച് (ജെഇഇ അഡ്വാന്‍സ്ഡ് ചാനല്‍) 5 വര്‍ഷ ബിഎസ്- എംഎസ്/4 വര്‍ഷ ബിഎസ്/ബിടെക് പ്രോഗ്രാം പ്രവേശനം നടത്തിയിരുന്നു.

എന്നാല്‍, 2024, 2025 വര്‍ഷങ്ങളിലെ പ്രവേശനങ്ങള്‍ക്ക് അഡ്വാന്‍സ്ഡ് ചാനല്‍ പ്രവേശനം ഉണ്ടായിരുന്നില്ല. എല്ലാ സീറ്റുകളും നികത്തിയത് ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎറ്റി) അടിസ്ഥാനമാക്കിയായിരുന്നു. വിവരങ്ങള്‍ക്ക്: iiseradmission.in

Content Highlights: IIT Roorkee has released JEE Advanced 2024 eligibility criteria for undergraduate admissions. Discover the crucial requirements, age limits, and exam attempts allowed.