കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം; അവസാന തീയതി ജൂലായ് 31

പ്ലസ് ടു കഴിഞ്ഞയുടനെ അധ്യാപനത്തോട് താത്പര്യമുള്ളവര്‍ക്ക് കേരള കേന്ദ്ര സര്‍വകലാശാല (കാസര്‍കോട്, പെരിയ) യുടെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമി(ഐ.ടി.ഇപി -ഐ.ടെപ്) ല്‍ ചേരാം. നാലു വര്‍ഷം കൊണ്ട് ബിരുദവും ബി.എഡും ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പ്രോഗ്രാമില്‍ രണ്ട് വിഷയങ്ങളില്‍ ഉന്നത പഠനത്തിനും ജോലി അവസരങ്ങളുമാണ് ലഭിക്കുന്നത്.
ഉദാഹരണമായി ബി.എസ്.സി ഫിസിക്‌സ് ബി.എഡ് പഠിക്കുന്ന വിദ്യാര്‍ഥിക്ക് ഫിസിക്‌സിലേക്കും എജുക്കേഷനിലേക്കും ഉന്നതപഠനത്തിനും ജോലി അവസരങ്ങള്‍ക്കും പോകാം. നിലവില്‍ ബിരുദം കഴിഞ്ഞ് ബി.എഡ് യ്യണമെങ്കില്‍ രണ്ട് വര്‍ഷം വേണം. എന്നാല്‍, ഐ.ടെപ് ആകുമ്പോള്‍ അത് ഒരു വര്‍ഷമായി കുറയും. പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷ പിജിയും അല്ലെങ്കില്‍ ഒരു വര്‍ഷ എം.എഡും ചെയ്യാം. കൂടാതെ ഒരു വര്‍ഷ പിജി ചെയ്ത് ഗവേഷണ മേഖലയിലേക്കും പോകാം.
പ്രോഗ്രാമുകള്‍
1. ബി.എസ്.സി ബി.എഡ് ഫിസിക്‌സ്: 50 ശതമാനം മാര്‍ക്കോടെയുള്ള 12-ാം ക്ലാസ് (സയന്‍സ്) വിജയം. ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം
2. ബിഎസ്സി ബിഎഡ് സുവോളജി: 50 ശതമാനം മാര്‍ക്കോടെയുള്ള 12-ാം ക്ലാസ് (സയന്‍സ്) വിജയം. ബയോളജിക്കല്‍ സയന്‍സ് ഒരു വിഷയം പഠിച്ചിരിക്കണം 3. ബി.എ ബി.എഡ് ഇംഗ്ലീഷ്
4. ബി.എ ബി.എഡ് ഇക്കണോമിക്സ്
5. ബികോം ബിഎഡ് - 50 ശതമാനം മാര്‍ക്കോടെയുള്ള 12-ാം ക്ലാസ് വിജയം
പാഠ്യപദ്ധതി, ഇന്റേണ്‍ഷിപ്പ്
മെത്തേഡ്‌സ് ഓഫ് ടീച്ചിങ് എന്നത് പ്രോഗ്രാമിന്റെ ആദ്യ വര്‍ഷം തന്നെ തുടങ്ങും. ഇതുകൊണ്ടുള്ള ഗുണം ഒരു വിഷയം എങ്ങനെ പഠിക്കണം എന്നു മാത്രമല്ല അത് എങ്ങനെ പഠിപ്പിച്ചുകൊടുക്കണം എന്നതുകൂടി അറിയാം. ലാബും ആദ്യ വര്‍ഷം തന്നെ തുടങ്ങും. ഒന്നിലധികം സെമസ്റ്ററുകളിലായി ഇന്റേണ്‍ഷിപ്പ് ഉണ്ട്.
വിവരങ്ങള്‍ക്ക്: www.cukerala.ac.in
അവസാന തീയതി: ജൂലായ് 31
ഫൈനല്‍ റാങ്ക് ലിസ്റ്റ്: ഓഗസ്റ്റ് 7
. മികച്ച പഠനാന്തരീക്ഷം
ബഹുവിഷയാധിഷ്ഠിത പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ഥി കേന്ദ്രീകൃതമായ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു.
ആഗോള വെല്ലുവിളികളെ നേരിടാനും തൊഴില്‍ വിപണിയില്‍ ഉയര്‍ന്നുവരുന്ന സാധ്യതകള്‍ പ്ര യോജനപ്പെടുത്താനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് മുന്‍ഗണന നല്‍കുന്നു. കൂടുതല്‍ പുതിയ പ്രോഗ്രാമുകള്‍ വരുംവര്‍ഷങ്ങളില്‍ ആരംഭിക്കും
-പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, (വൈസ് ചൈന്‍സലര്‍)
. അക്കാദമിക് അവസരങ്ങള്‍
അന്തര്‍ദേശീയ സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങി ഒട്ടേറെ അവസരങ്ങളുണ്ട്. ആധുനികവിദ്യാഭ്യാസ സിദ്ധാന്തങ്ങളെ അനുവര്‍ത്തിച്ച് ചര്‍ച്ചകളിലൂടെയും മറ്റും നടത്തുന്ന ക്ലാസുകള്‍ ഒരേസമയം വിജ്ഞാനവും ആസ്വാദനവും പകരുന്നു.
-അപര്‍ണ ദിലീപ്, ബി.എ ബി.എഡ് ഇംഗ്ലീഷ്
. മള്‍ട്ടി ഡിസിപ്ലിനറി കാംപസ്, കോഴ്‌സ്
മള്‍ട്ടി ഡിസിപ്ലിനറി കാംപസില്‍ ഐടെപ് നടത്തണമെന്നാണ് നിയമം. ഇതുകൊണ്ടുള്ള ഗുണം വിദ്യാര്‍ഥികള്‍ക്ക് മറ്റു വിഷയങ്ങളുമായി ഇടപഴകാന്‍ അവസരം ലഭിക്കും. ഇതിനായി ഓപ്പണ്‍ ഇലക്ടീവ് കോഴ്‌സുകളുണ്ട്. കൂടാതെ ഇലക്ടീവ് ആയി ഓണ്‍ലൈന്‍ വഴിയുള്ള മൂക് കോഴ്‌സുകള്‍ എടുക്കാം. ഉദാഹരണമായി ഐ.ഐ.ടി മദ്രാസിന്റെ മൂക് കോഴ്സുകള്‍ യു.ജി.സിയുടെ അണ്ടര്‍ ഗ്രാജ്വേറ്റ് ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് അനുസരിച്ചുള്ള ഡബിള്‍ കോഴ്‌സുകള്‍ക്കു വേണ്ടിയുള്ള ക്രെഡിറ്റ് ഉള്‍ക്കൊള്ളിച്ചാണ് പ്രോഗ്രാം നടത്തുന്നത്. കൂടാതെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ മുന്നോട്ടുവെക്കുന്ന കരിക്കുലം ഫ്രെയിം വര്‍ക്കും പിന്തുടരുന്നുണ്ട്.
-ഡോ. അമൃത് ജി. കുമാര്‍, പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍
. ഇന്റേണ്‍ഷിപ്പ്, ടീച്ചിങ് പ്രാക്ടീസ്
കോഴ്‌സിന്റെ ഭാഗമായുള്ള ഇന്‍ഡസ്ട്രിയല്‍ വിസിറ്റുകള്‍ ഐഐടികള്‍, ഉന്നത ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങി അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച സ്ഥാപനങ്ങളിലേക്കാണ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനസൗകര്യം ഒരുക്കുന്ന ഇന്റേണ്‍ഷിപ്പ്, ടീച്ചിങ് പ്രാക്ടീസ് എന്നിവ മുന്‍നിരയിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ചെയ്യുന്നത്.
-ശ്രീരാഗ് കെ. ഉണ്ണി, ബി.എസ്.സി ബി.എഡ് ഫിസിക്‌സ്
. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്
ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന്റെ ഭാഗമായി പാര്‍ലമെന്റ് ഉള്‍പ്പെടെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. പ്രഗല്ഭരായ അധ്യാപകരുടെ ക്ലാസുകളും പരിശീലന പരിപാടികളുമുണ്ട്.
-പി. കീര്‍ത്തന, ബി.കോം ബി.എഡ്
. അക്കാദമിക് അവസരങ്ങള്‍
അന്തര്‍ദേശീയ സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങി ഒട്ടേറെ അവസരങ്ങളുണ്ട്. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങളെ അനുവര്‍ത്തിച്ച് ചര്‍ച്ചകളിലൂടെയും മറ്റും നടത്തുന്ന ക്ലാസകള്‍ ഒരേ സമയം വിജ്ഞാനവും ആസ്വാദനവും പകരുന്നു.
-അപര്‍ണ ദിലീപ്, ബി.എ ബി.എഡ് ഇംഗ്ലീഷ്
Content Highlights: Apply now for the Integrated Teacher Education Program at Central University of Kerala.