ഐ.എൻ.ഐ.-സി.ഇ.ടി. 2026 ജൂലായ് സെഷൻ; വിശദവിവരങ്ങളറിയാം

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) 2026 ജൂലായ് സെഷന് അപേക്ഷിക്കാം.
സ്ഥാപനങ്ങൾ, കോഴ്സുകൾ
- വിവിധ എയിംസ് (ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ജോധ്‌പുർ, നാഗ്പുർ, പട്ന, റായ്‌പുർ, ഋഷികേശ്, ബിബിനഗർ, ബട്ടിൻഡ, ദിയോഗർ, മംഗളഗിരി, റായ്ബറേലി, കല്യാണി, ബിലാസ്‌പുർ, ഗോരഖ്പുർ, ഗുവാഹാട്ടി, രാജ്കോട്ട്, ജമ്മു തുടങ്ങിയവ)
- ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്- ജിപ്മർ (പുതുച്ചേരി)
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്-നിംഹാൻസ് (െബംഗളൂരു)
- പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്-പി.ജി.ഐ.എം.ഇ.ആർ. (ചണ്ഡീഗഢ്)
- ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി -എസ്.സി.ടി.ഐ.എം.എസ്.ടി. (തിരുവനന്തപുരം)
ഈ സ്ഥാപനങ്ങളിലെ 2026 ജൂലായ് സെഷനിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ/െഡൻറൽ കോഴ്സുകളിലെ- എം.ഡി./എം.എസ്./എം.സിഎച്ച്. (ആറുവർഷം), ഡി.എം. (ആറ് വർഷം)/എം.ഡി.എസ്./എം.ഡി. (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) തുടങ്ങിയവ-പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ഐ.എൻ.ഐ.-സി.ഇ.ടി.
അക്കാദമിക് യോഗ്യത
എം.ഡി./എം.എസ്./എം.സി.എച്ച്. (ആറുവർഷം), ഡി.എം. (ആറുവർഷം)/എം.ഡി. (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) പ്രവേശനത്തിന് അപേക്ഷിക്കാൻ എം.ബി.ബി.എസ്. ബിരുദവും എം.ഡി.എസ്. പ്രവേശനത്തിന് അപേക്ഷിക്കാൻ ബി.ഡി.എസ്. ബിരുദവും വേണം.
യോഗ്യതാ കോഴ്സ് പരീക്ഷയിലെ മാർക്ക്, ഇന്റേൺഷിപ്പ്/പ്രാക്ടിക്കൽ പരിശീലനം എന്നിവ പൂർത്തിയാക്കേണ്ട തീയതി എന്നിവ ഉൾപ്പെടെയുള്ള, വിശദമായ പ്രവേശനയോഗ്യതാവ്യവസ്ഥകൾ aiimsexams.ac.in ലെ പ്രോസ്പെക്ടസിൽ (പാർട് എ) ലഭ്യമാണ് (അക്കാദമിക് കോഴ്സസ് ലിങ്ക്).
ഐ.എൻ.ഐ.-സി.ഇ.ടി.യുടെ അപേക്ഷ, പരീക്ഷ എന്നിവയ്ക്കുമാത്രമാണ് സൂചിപ്പിച്ച പൊതു യോഗ്യതാവ്യവസ്ഥ. വിവിധ ദേശീയതല സ്ഥാപനങ്ങളിലെ പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വ്യത്യസ്ത പ്രവേശനവ്യവസ്ഥകൾ ഉണ്ടാകാം. അതിന്റെ വിവരങ്ങൾ പ്രോസ്‌പെക്‌ടസിൽ (പാർട് ബി) ലഭിക്കും.
അപേക്ഷ
അപേക്ഷ ഏപ്രിൽ 25-ന് വൈകീട്ട് അഞ്ചുവരെ വെബ്സൈറ്റ് വഴി നടത്താം. അപേക്ഷാഫീസ് 4000 രൂപയാണ് (പട്ടിക/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 3200 രൂപ). ഭിന്നശേഷിക്കാർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി അപേക്ഷാഫീസ് അടയ്ക്കാം.
രജിസ്ട്രേഷൻനില ഏപ്രിൽ 30-ന് പ്രസിദ്ധപ്പെടുത്തും. നിരാകരിച്ച ഇമേജുകൾ/തെറ്റായ രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ തിരുത്താൻ അന്നുമുതൽ മേയ് രണ്ടിന് വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടാകും.
രജിസ്ട്രേഷന്റെ അന്തിമനില ഒൻപതിന് പ്രസിദ്ധപ്പെടുത്തും. ഡൗൺലോഡിങ്ങിനായി അഡ്മിറ്റ് കാർഡും അന്ന് സെറ്റിൽ ലഭ്യമാക്കും.
പരീക്ഷ
പരീക്ഷകൾ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയിൽ മേയ് 16-ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (സിംഗിൾ കറക്ട് ചോയ്സ്, മൾട്ടിപ്പിൾ കറക്ട് ചോയ്സ്) ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.
യോഗ്യത നേടാൻ
പരീക്ഷയിൽ യോഗ്യതനേടാൻ 50-ാം പെർസന്റൈൽ സ്കോർ നേടണം. പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് ഇത് 45-ാം പെർസന്റൈൽ ആണ്. ഫലം മേയ് 23-ന് പ്രഖ്യാപിച്ചേക്കും.
സീറ്റ് അലോക്കേഷൻ ഓൺലൈൻ രീതിയിൽ നടത്തും. കുറഞ്ഞത് രണ്ടുറൗണ്ടും ഒരു ഓപ്പൺ റൗണ്ടും ഉണ്ടാകും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധപ്പെടുത്തും.
Content Highlights: INI-CET July 2026: Apply Now for PG Medical and Dental Admissions