വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 18 ലക്ഷം കടന്നു; ഏറ്റവും അധികം ഈ രാജ്യത്ത്

വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കണക്കുകൾ വ്യക്തമാക്കി പാർലമെൻ്റിൽ വിദേശകാര്യ മന്ത്രാലയം അവതരിപ്പിച്ച കണക്കുകൾ.
153 രാജ്യങ്ങളിലായി 18,82,318 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ 2025-ലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 12,54,013 പേർ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പഠിക്കുന്നു. ആദ്യമായാണ് സ്കൂൾ തലത്തിൽ പഠിക്കുന്ന 6,28,305 വിദ്യാർത്ഥികളുടെ കണക്ക് മന്ത്രാലയം പുറത്തുവിടുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടിവ്
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2024-നെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. 2024-ൽ 13.3 ലക്ഷമായിരുന്ന ഈ കണക്ക് 2025-ൽ 12.54 ലക്ഷമായി കുറഞ്ഞു. 2022-ൽ 7.5 ലക്ഷം, 2023-ൽ 9.3 ലക്ഷം, 2024-ൽ 13.3 ലക്ഷം എന്നിങ്ങനെ മൂന്ന് വര്‍ഷം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ഈ വര്‍ഷം ഇതില്‍ കുറവ് വരുന്നത്.
ഈ കുറവിന് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യൻ വിദ്യാർത്ഥികളുടെ നീക്കത്തെ ബാധിച്ച വിവിധ നയതന്ത്രപരമായ, നയപരമായ ഘടകങ്ങളായിരിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. 2023-ൽ ആരംഭിച്ച ഇന്ത്യ–കാനഡ നയതന്ത്ര തർക്കങ്ങളും, യുഎസ് ഇമിഗ്രേഷൻ സംബന്ധിച്ച അനിശ്ചിതത്വങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, യുകെയുടെ സ്റ്റഡി വിസ, ഡിപ്പൻഡന്റ് വിസ നിയമങ്ങളും ഓസ്‌ട്രേലിയ ചട്ടങ്ങള്‍ കര്‍ശനമാക്കിയതും വിദ്യാർത്ഥികളുടെ കുടിയേറ്റത്തെ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നു.
സ്കൂൾ, സർവകലാശാലാ വിദ്യാഭ്യാസം ഒരുമിച്ച് പരിഗണിക്കുമ്പോൾ, ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതലുള്ളത് മൂന്ന് രാജ്യങ്ങളിലാണ്. കാനഡ (4,27,085), യുഎസ് (2,55,447) യുഎഇ (2,53,832) എന്നിങ്ങനെയാണ് കണക്കുകൾ.
ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പോയ രാജ്യങ്ങൾ:
- കാനഡ: 4,27,085
- യുഎസ്: 2,55,247
- യുകെ: 1,73,190
- ഓസ്‌ട്രേലിയ: 1,38,579
സ്കൂൾ വിദ്യാർത്ഥികളുടെ ആധിക്യം ഗൾഫ് രാജ്യങ്ങളിൽ
സ്കൂൾ തലത്തിലുള്ള ഡാറ്റ ഉൾപ്പെടുത്തിയതാണ് ആകെ കണക്ക് വർധിക്കാനുള്ള കാരണം. യുഎഇയിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ (2,53,832), 2,47,325 പേരും സ്കൂൾ വിദ്യാർത്ഥികളാണ്. ഇവിടെ 6,507 വിദ്യാർത്ഥികൾ മാത്രമാണ് സർവകലാശാലകളിലുള്ളത്. ഖത്തറിലെ 49,346 വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സ്കൂൾ തലത്തിലാണ്.
ഗൾഫ് രാജ്യങ്ങളിലാണ് സ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായി കാണുന്നത്. യുഎഇ കഴിഞ്ഞാൽ സൗദി അറേബ്യ (75,000), കുവൈറ്റ് (50,000), ഖത്തർ (47,846), ഒമാൻ (44,547) എന്നിവിടങ്ങളിലാണ് ഇന്ത്യക്കാരായ സ്കൂൾ വിദ്യാർത്ഥികൾ അധികമുള്ളത്. മൊത്തം സ്കൂൾ വിദ്യാർത്ഥികളിൽ 4,93,224 പേർ മിഡിൽ ഈസ്റ്റ് മേഖലയിലാണ്.
Content Highlights: India`s Ministry of External Affairs reveals 1.88 million Indian students are studying in 153 countries, including school-level data for the first time.