ഇന്ത്യന്‍ ആര്‍മി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

വാര്‍ ഗെയിമിങ് ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ആര്‍മി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ആര്‍മി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം 2025-ലേക്ക് അപേക്ഷ ക്ഷണിച്ചു. നിര്‍മിതബുദ്ധി, സൈബര്‍ സുരക്ഷ എന്നിവയുള്‍പ്പടെയുള്ള അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള പരിശീലനം പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കും.
75 ദീവസം നീണ്ടുനില്‍ക്കുന്ന കോഴ്‌സ് അവസാനിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം, മുതിര്‍ന്ന സൈനിക ഉദ്യേഗസ്ഥരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരങ്ങള്‍, നിയമനത്തിനുള്ള സാധ്യതകള്‍, പ്രൊജക്ട് ഇന്‍ക്യുബേഷന്‍ പിന്തുണ എന്നിവയും ലഭിക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ ഏഴാണ്. രജിസ്‌ട്രേഷന്‍ അവസാനിച്ചാല്‍ ഡിസംബര്‍ പത്തിന് അഭിമുഖം തീരുമാനിക്കും.
സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള റോളുകള്‍ക്കാണ് ഇന്റേണ്‍ഷിപ്പ് ഊന്നല്‍ നല്‍കുന്നത്. ഡാറ്റാബേസ് മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി (AR/VR) ടെക്‌നോളജി, യൂസര്‍ എക്‌സ്പീരിയന്‍സ്/യൂസര്‍ ഇന്റര്‍ഫേസ് (UX/UI) ഡിസൈനിംഗ്, സൈബര്‍ ടെക്‌നോളജി, ഡ്രോണുകള്‍, കൗണ്ടര്‍-ഡ്രോണ്‍ സിസ്റ്റങ്ങള്‍, സിമുലേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തെ അംഗീകൃത സര്‍വകലാശാലകളിലെ മൂന്ന്, നാല് വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, അല്ലെങ്കില്‍ അുബന്ധമേഖലകളില്‍ (ഉദാഹരണത്തിന്: എഐ, ഡാറ്റാ സയന്‍സ്, സൈബര്‍ സുരക്ഷ) അക്കാദമിക് പശ്ചാത്തലം ഉണ്ടായിരിക്കണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് പ്രവേശനം.
ജനുവരി ഒന്നിനാണ് കോഴ്‌സ് ആരംഭിക്കുക. വാര്‍ഡെക്/ഇന്ത്യന്‍ ആര്‍മി കേന്ദ്രങ്ങളിലായിരിക്കും പ്രധാനമായും പരിശീലനം. സൈനിക ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ലൈവ് പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട രീതി
1. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക: ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക അല്ലെങ്കില്‍ IAIP അപേക്ഷാ ലിങ്ക് വഴി അപേക്ഷിക്കുക (joinindianarmy.nic.in വഴിയോ @adgpi-ലെ അറിയിപ്പുകള്‍ വഴിയോ അപേക്ഷിക്കാം).
2. വിവരങ്ങള്‍ സമര്‍പ്പിക്കുക: അക്കാദമിക് രേഖകള്‍, റെസ്യൂമെ, കഴിവുകളും താത്പര്യവും വ്യക്തമാക്കുന്ന സ്റ്റേറ്റ്‌മെന്റ് ഓഫ് ഇന്ററസ്റ്റ് (SOP) എന്നിവ സമര്‍പ്പിക്കുക.
3. ഒരു മേഖല മാത്രം: ഏതെങ്കിലും ഒരു മേഖലയിലേക്ക് മാത്രം അപേക്ഷിക്കുക; ഒന്നിലധികം അപേക്ഷകള്‍ അയോഗ്യമായി കണക്കാക്കും.
Content Highlights: Indian Army Internship Program 2025 invites applications for advanced defense tech training in AI, Cyber Security. Apply online by Dec 7.