ചന്ദ്രയാന്‍, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയ്‌ക്കൊപ്പം ശുഭാംശുവിന്റെ യാത്രയും NCERT പാഠപുസ്തകത്തില്‍

ശുഭാൻഷു ശുക്ല
ശുഭാൻഷു ശുക്ല

ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിനെക്കുറിച്ചുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ പുതിയ പ്രത്യേക മൊഡ്യൂളുകളില്‍ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) യാത്ര ഇടംപിടിച്ചു.  രാജ്യത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന രണ്ട് മൊഡ്യൂളുകളാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ശനിയാഴ്ച പുറത്തിറക്കിയത്.

ഇന്ത്യ:വളരുന്ന ബഹിരാകാശ ശക്തി' എന്നാണ് ഈ മൊഡ്യൂളിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ നാഴികക്കല്ലുകള്‍ ഈ ഭാഗത്ത് വ്യക്തമാക്കുന്നു.
2025-ല്‍ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചതിന്റെ വിവരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശ നിലയത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിനെ, 'രാജ്യം മുഴുവന്‍ ആഘോഷിച്ച പ്രതീകാത്മക നിമിഷം' എന്നാണ് മൊഡ്യൂളില്‍ വിശേഷിപ്പിക്കുന്നത്.

ചന്ദ്രനില്‍ ജലാംശം സ്ഥിരീകരിച്ച ചന്ദ്രയാന്‍-1 (2008), ആദ്യ ശ്രമത്തില്‍ വിജയിച്ച മംഗള്‍യാന്‍ (2013),  ചന്ദ്രയാന്‍-3 (2023), ആദിത്യ-എല്‍1-ന്റെ നിലവില്‍ തുടരുന്ന സൗരപഠനങ്ങള്‍ എന്നിവ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സമകാലിക വിഷയങ്ങളില്‍ അനുബന്ധ പഠന സാമഗ്രികള്‍ നല്‍കുന്നതിനുള്ള എന്‍.സി.ഇ.ആര്‍.ടി-യുടെ സംരംഭത്തിന്റെ ഭാഗമാണ് ഈ പ്രത്യേക മൊഡ്യൂളുകള്‍. വിഭജനം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടെ പത്തൊന്‍പത് മൊഡ്യൂളുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. സാധാരണ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രോജക്റ്റുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയിലൂടെ ഇവ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Content Highlights: NCERT`s new modules highlight India`s space program