പ്ലസ് ടു:രാജ്യത്ത് 60%ത്തിലധികം മാര്‍ക്ക് നേടുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്; തിളങ്ങി പെണ്‍കുട്ടികള്‍

പ്രതീകാത്മക ചിത്രം | Image: Freepik
പ്രതീകാത്മക ചിത്രം | Image: Freepik

കഴിഞ്ഞ 11 വര്‍ഷത്തിനിടെ പ്ലസ് ടു ബോര്‍ഡ് പരീക്ഷകളില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ 85.8 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. എല്ലാ വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

2013-ല്‍ 43.1 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്ലസ്ടുവില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി, 2024-ല്‍ 80 ലക്ഷമായി ഉയര്‍ന്നു. ഇവരില്‍ പെണ്‍കുട്ടികളുടെ എണ്ണം ഏകദേശം ഇരട്ടിയായി മാറിയിട്ടുണ്ട്. 21.9 ലക്ഷത്തില്‍ നിന്ന് 42.8 ലക്ഷം വരെ ഉയര്‍ന്നു. 95.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ എണ്ണത്തിലു വര്‍ദ്ധനവുണ്ട്. 2.4 ലക്ഷത്തില്‍ നിന്ന് 6.2 ലക്ഷം വരെ ഇത് ഉയര്‍ന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. 251.6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മൊത്തം എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ട്. 2013-ല്‍ 135.1 ലക്ഷമായിരുന്നത് 2024-ല്‍ 149.5 ലക്ഷമായി ഉയര്‍ന്നു. 10.6 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇതേ കാലയളവില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം 16.1 ശതമാനം വര്‍ദ്ധിച്ചു (21.2 ലക്ഷത്തില്‍ നിന്ന് 24.7 ലക്ഷം വരെ). മൊത്തത്തിലുള്ള കണക്കില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം ഏകദേശം 20 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 59.8 ലക്ഷത്തില്‍ നിന്ന് 71.7 ലക്ഷമായി ഉയര്‍ന്നു. 

ശാസ്ത്ര വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഈ കണക്കുകള്‍ എടുത്തു കാണിക്കുന്നു.2013-ല്‍ 36.3 ലക്ഷം വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര വിഷയങ്ങളില്‍ വിജയിച്ചു. 2024-ല്‍ ഈ എണ്ണം 61 ലക്ഷമായി ഉയര്‍ന്നു, 68.2 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി.

ശാസ്ത്ര വിഷയങ്ങളില്‍ വിജയിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഇതിനേക്കാള്‍ കൂടുതലായിരുന്നു. 2013-ല്‍ 13.4 ലക്ഷമായിരുന്നത് ഈ വര്‍ഷം 28.1 ലക്ഷമായി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 84.7 ശതമാനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 92.8 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി. പ്രത്യേകിച്ച് പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ ശാസ്ത്ര വിഷയങ്ങളില്‍ വിജയിച്ചവരുടെ എണ്ണത്തില്‍ 146.6 ശതമാനം വര്‍ദ്ധനവ് കാണിച്ചു.

കൂടിയ പങ്കാളിത്തവും മികച്ച പ്രകടനവും ഉണ്ടായിരുന്നിട്ടും, പത്താം ക്ലാസിനും പ്ലസ് ടുവിനും ഇടയിലുള്ള കൊഴിഞ്ഞുപോക്ക് വെല്ലുവിളിയായി തുടരുന്നു. പത്താം ക്ലാസ്സില്‍ ഏകദേശം 26.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പരാജയപ്പെടുകയോ (22.17 ലക്ഷം) ഹാജരാകാതിരിക്കുകയോ (4.43 ലക്ഷം) ചെയ്തു. പ്ലസ് ടുവില്‍, 24.76 ലക്ഷം വിദ്യാര്‍ത്ഥികള്‍ (20.16 ലക്ഷം പരാജയപ്പെട്ടു, 4.6 ലക്ഷം ഹാജരായില്ല) സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല. ഹയര്‍ സെക്കന്‍ഡറിയിലും അതിനുശേഷമുള്ള ഉന്നത വിദ്യാഭ്യാസത്തിലും മൊത്തം എന്റോള്‍മെന്റ് അനുപാതം വര്‍ദ്ധിപ്പിക്കുന്നതിന്, പത്താം ക്ലാസ്സിനു ശേഷമുള്ള വിദ്യാര്‍ത്ഥികളുടെ തുടര്‍ച്ച ഉറപ്പാക്കുന്നത് അത്യാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

പ്രധാന വിദ്യാഭ്യാസത്തിന്റെ ഒരു ബദലായി കണക്കാക്കുന്ന ഓപ്പണ്‍ സ്‌കൂളിന് ഇപ്പോഴും പരിമിതമായ പ്രവേശനവും കുറഞ്ഞ വിജയ നിരക്കും ആണുള്ളത്. പത്താം ക്ലാസ്സില്‍ 6.98 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂളുകളില്‍ എന്റോള്‍ ചെയ്തു, അതില്‍ 3.4 ലക്ഷം പേര്‍ മാത്രമാണ് വിജയിച്ചത്.


ഇന്ത്യയില്‍ നിലവില്‍ 66 സ്‌കൂള്‍ പരീക്ഷാ ബോര്‍ഡുകളുണ്ട് - 3 ദേശീയ തലത്തിലുള്ളവയും 63 സംസ്ഥാന തലത്തിലുള്ളവയും (54 റെഗുലര്‍, 12 ഓപ്പണ്‍ ബോര്‍ഡുകള്‍). ഇവയില്‍, ആദ്യ 33 ബോര്‍ഡുകളിലാണ് 97 ശതമാനം വിദ്യാര്‍ത്ഥികളും ഉള്ളത്. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്ന 48 ബോര്‍ഡുകളുണ്ട്.

Content Highlights: India`s Plus Two Pass Rate Soars 85.8%